ഡോണൾഡ് ട്രംപ്, നെതന്യാഹു
വാഷിങ്ടൺ: ഗസ്സയിൽ ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചക്കിടെയാണ് ട്രംപ് നെതന്യാഹുവിന് മുന്നിൽ പുതിയ പദ്ധതി അംഗീകരിച്ചത്. തുടർന്ന് നെതന്യാഹു ഇത് അംഗീകരിക്കുകയായിരുന്നു. പുതിയ പദ്ധതി നിരസിച്ചാൽ ഹമാസ് വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും ഇരു രാഷ്ട്രനേതാക്കളും മുന്നറിയിപ്പ് നൽകി.
പുതിയ പദ്ധതിയെ കുറിച്ചുള്ള ഒരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസ് അറിയിച്ചു. എന്നാൽ, വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ, ഈജിപ്ത് രാജ്യങ്ങൾ പുതിയ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ഹമാസിന് ഇന്ന് കൈമാറുമെന്നും റിപ്പോർട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഹമാസ് പുതിയ സമാധാനപദ്ധതിയിൽ ഔദ്യോഗികമായി നിലപാട് പ്രഖ്യാപിക്കുക.
തന്റെ പുതിയ പദ്ധതി ഹമാസ് നിരസിക്കുകയാണെങ്കിൽ അവർക്ക് ഗുരുതര പ്രത്യാഘ്യാതം നേരിടേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. പദ്ധതി അവർ നിരസിച്ചാൽ ഹമാസിനെ ഇല്ലാതാക്കുന്നതിന് നെതന്യാഹുവിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് പദ്ധതി അംഗീകരിച്ചതിന് ശേഷം അതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടത്തിയാൽ ഇസ്രായേൽ അവരെ ഇല്ലാതാക്കുമെന്ന് നെതന്യാഹു പറഞ്ഞു.
20 നിർദേശങ്ങളടങ്ങുന്ന പദ്ധതിയാണ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഹമാസ് ആയുധം വെച്ച് കീഴടങ്ങുകയെന്നതാണ് കരാറിലെ പ്രധാനവ്യവസ്ഥകളിലൊന്ന്. ഗസ്സയുടെ ഭരണത്തിനായി ട്രംപിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി നിലവിൽ വരും. ഹമാസിന്റെ തടവിലുള്ള ബന്ദികളെ കരാർ അംഗീകരിച്ച് 72 മണിക്കൂറിനകം വിട്ടുകൊടുക്കണം. ഇതിന് പകരമായി ജീവപര്യന്തം തടവിന് ശിക്ഷക്കപ്പെട്ട 250 പേരെ ഇസ്രായേലും വിട്ടുനൽകും. ഗസ്സ മുനമ്പിൽ സഹായവിതരണം പുനഃസ്ഥാപിക്കുകയും ചെയ്യും. ഇത് പൂർണമായും യു.എസ് മേൽനോട്ടത്തിൽ റെഡ് ക്രെസന്റ് പോലുള്ള ഏജൻസികളായിരിക്കും.
ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ക്ഷമാപണം നടത്തി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ ബിന്യമിൻ നെതന്യാഹു ക്ഷമാപണം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ പുതിയ വെടിനിർത്തൽ ചർച്ചകളുമായി ബന്ധപ്പെട്ട് വാഷിങ്ടണിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചത്. എന്നാൽ, ഇതു സംബന്ധിച്ച് ഖത്തർ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണമൊന്നും നൽകിയിട്ടില്ല.
ഈ മാസം ഒമ്പതിനായിരുന്നു മധ്യസ്ഥ ചർച്ചകൾക്കായി ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഖത്തർ സുരക്ഷ സേനാംഗം ഉൾപ്പെടെ ആറുപേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.