യഹൂദ വിരുദ്ധത ആരോപിച്ച് കൊളംബിയ യൂണിവേഴ്സിറ്റിക്കുള്ള ഫണ്ടും ഗ്രാന്റും റദ്ദാക്കി ട്രംപ് ഭരണകൂടം

വാഷിംങ്ടൺ: കൊളംബിയ യൂണിവേഴ്സിറ്റിക്കുള്ള 400 മില്യൺ ഡോളർ പിൻവലിക്കുകയാണെന്ന് ട്രംപ് ഭരണകൂടം. കാമ്പസിലെ യഹൂദവിരുദ്ധത അടിച്ചമർത്തുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് ഗ്രാന്റുകളും കരാറുകളും റദ്ദാക്കിയത്.

ന്യൂയോർക്ക് സിറ്റി യൂനിവേഴ്സിറ്റിയുമായുള്ള 51 ദശലക്ഷം ഡോളറിന്റെ കരാറുകളിൽ പ്രവർത്തിക്കുന്നത് നിർത്താനും 500 കോടി ഡോളറിലധികം ഫെഡറൽ ഗ്രാന്റുകൾക്കുള്ള അതിന്റെ യോഗ്യത പുനഃപരിശോധിക്കാനും ഫെഡറൽ ഏജൻസികൾ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്കകമാണ് സർവകലാശാല​ക്ക് നോട്ടീസ് ലഭിച്ചത്.

‘ഫെഡറൽ ഫണ്ടിങ് ലഭിക്കണമെങ്കിൽ സർവകലാശാലകൾ എല്ലാ ഫെഡറൽ വിവേചന വിരുദ്ധ നിയമങ്ങളും പാലിക്കണം. വളരെക്കാലമായി, കൊളംബിയ അതിന്റെ കാമ്പസിൽ പഠിക്കുന്ന യഹൂദ വിദ്യാർത്ഥികളോടുള്ള ആ ബാധ്യത ഉപേക്ഷിച്ചിരിക്കുകയാണെ’ന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ പ്രസ്താവനയിൽ പറഞ്ഞു. സർവകലാശാലയുടെ ഇടക്കാല പ്രസിഡന്റ് കത്രീന ആംസ്ട്രോങ്ങുമായി ഒരു ഫലപ്രദമായ മീറ്റിങ് നടത്തിയെന്നും എല്ലാ വിദ്യാർത്ഥികളെയും സംരക്ഷിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പിന്നീട് ‘എക്സി’ൽ പോസ്റ്റ് ചെയ്തു. ഫണ്ട് തിരികെ ലഭിക്കുന്നതിനായി സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കൊളംബിയയും പറഞ്ഞു.

‘കൊളംബിയയുടെ നിയമപരമായ ബാധ്യതകളെ ഞങ്ങൾ ഗൗരവമായി കാണുന്നു. ഈ പ്രഖ്യാപനം എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. കൂടാതെ യഹൂദവിരുദ്ധതയെ ചെറുക്കുന്നതിനും ഞങ്ങളുടെ വിദ്യാർഥികളുടെയും ഫാക്കൽറ്റിയുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’- സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.

ഫണ്ട് റദ്ദാക്കൽ കൊളംബിയയിൽ ഏതൊക്കെ ഗവേഷണങ്ങളെയും പദ്ധതികളെയും ബാധിക്കുമെന്ന് വ്യക്തമല്ല. ന്യൂയോർക്ക് സിവിൽ ലിബർട്ടീസ് യൂനിയന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോണ ലീബർമാൻ ഈ നീക്കത്തെ ഭരണഘടനാ വിരുദ്ധമായ സർക്കാർ ശ്രമമാണെന്ന് വിശേഷിപ്പിച്ചു.

എന്നാൽ, 400 മില്യൺ ഡോളർ റദ്ദാക്കിയതിൽ ജൂത വിദ്യാർത്ഥി ഗ്രൂപ്പായ ‘കൊളംബിയ/ബർണാഡ് ഹില്ലെലി’ന് സ്വാഗതാർഹമായ വാർത്തയായിരുന്നു. ജൂത വിദ്യാർത്ഥികളെയും അധ്യാപകരെയും ഉപദ്രവിക്കുന്നതിനെ ഗൗരവമായി കാണുന്നതിന് കൊളംബിയ ഭരണകൂടത്തിനും ട്രസ്റ്റികൾക്കും ഒരു ഉണർവ് നൽകാനുള്ള ആഹ്വാനമായിരിക്കും ഇതെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ബ്രയാൻ കോഹൻ പറഞ്ഞു.

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ സെമിറ്റിക് വിരുദ്ധത ആരോപിച്ച് കോളേജുകൾക്കുള്ള ഫെഡറൽ ഫണ്ട് വെട്ടിക്കുറക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിലെ ആദ്യ ലക്ഷ്യമായി കൊളംബിയ മാറി.

യുദ്ധത്തെച്ചൊല്ലി കാമ്പസ് പ്രതിഷേധങ്ങളിൽ സർവകലാശാല മുൻപന്തിയിലായിരുന്നു. ഏപ്രിലിൽ ഫലസ്തീൻ അനുകൂല പ്രകടനക്കാർ ഒരു കാമ്പസ് കെട്ടിടം പിടിച്ചെടുത്ത് അവിടെ തമ്പടിക്കുകയും സമാനമായ പ്രതിഷേധങ്ങളുടെ തരംഗത്തിന് പ്രചോദനമാവുകയും ചെയ്തു. ഇത് ഡസൻ കണക്കിന് അറസ്റ്റുകൾക്ക് കാരണമായി.

Tags:    
News Summary - Trump administration cancels fund and grant to Columbia University over anti Semitism allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.