ജബലിയ അഭയാർഥി ക്യാമ്പിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിനരികിൽ ബന്ധുക്കൾ
ഗസ്സ: കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കൈകാലുകൾ ഒടിഞ്ഞ കുരുന്നുകൾ, ഉറ്റവരെ തേടി അലയുന്ന ബന്ധുക്കൾ, പരിക്കേറ്റവരെ വലിച്ചെടുത്ത് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകർ...ജബലിയയിലെ അഭയാർഥി ക്യാമ്പിൽനിന്ന് പുറത്തുവരുന്നത് ദാരുണ ദൃശ്യങ്ങളാണ്. തൊട്ടടുത്ത ആശുപത്രി നിമിഷങ്ങൾക്കകം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു.
ഒക്ടോബർ ഏഴ് ആക്രമണം ആസൂത്രണം ചെയ്ത ഹമാസ് നേതാവ് ഇബ്രാഹിം ബിയാരി ഒളിച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് ക്യാമ്പിൽ ബോംബിട്ടത്. ക്യാമ്പിനുതാഴെ ഹമാസിന്റെ ഭൂഗർഭ അറയുള്ളതിനാലാണ് കെട്ടിടങ്ങൾ തകർന്നുവീണതെന്നും ഇസ്രായേൽ സൈനിക വക്താവ് ജോനാതൻ കോൺറികസ് പറഞ്ഞു. എന്നാൽ, സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ന്യായം ചമക്കുകയാണെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.
•വെസ്റ്റ്ബാങ്കിൽ ബുധനാഴ്ച ഇസ്രായേൽ ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. മൂന്നുപേർ ജെനിനിലും ഒരാൾ തുൽകരീമിലുമാണ് മരിച്ചത്. ബുധനാഴ്ച വെസ്റ്റ്ബാങ്കിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. റാമല്ലയിൽ കടകൾ അടഞ്ഞുകിടന്നു.
•ഇസ്രായേൽ ആക്രമണത്തിൽ ബന്ദികളുടെ ജീവനും അപകടത്തിലാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ. വലതുപക്ഷ സഖ്യത്തിന്റെ തടവറയിലാണ് ബിന്യമിൻ നെതന്യാഹു. തന്റെ തെറ്റുകൾ മറച്ചുപിടിക്കാൻ ലോകത്തെ കൂട്ടുപിടിക്കുകയാണ്. ഫാഷിസ്റ്റ് സർക്കാറിനുള്ള പിന്തുണ അമേരിക്ക അവസാനിപ്പിക്കണം. ഞങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കാതെ മേഖല സുരക്ഷിതമാകില്ല- അദ്ദേഹം പറഞ്ഞു.
•വടക്കൻ ഗസ്സയിലെ ബൈത്ത് ഹാനൂനിൽ നാല് ഇസ്രായേലി കവചിത വാഹനങ്ങൾ തകർത്തതായി ഹമാസ്
•അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാതെ അഭയാർഥി ക്യാമ്പിനുനേരെ നടന്ന ആക്രമണത്തെ അപലപിച്ച് യൂറോപ്യൻ യൂനിയൻ വിദേശകാര്യ മേധാവി ജോസപ് ബോറൽ.
• ഗസ്സയെ വംശഹത്യയിൽനിന്ന് രക്ഷിക്കാൻ മുസ്ലിം രാജ്യങ്ങൾ രംഗത്തിറങ്ങണമെന്ന് മുസ്ലിം പണ്ഡിതരുടെ രാജ്യാന്തര സംഘടന. ഗസ്സയെയും ഫലസ്തീനെയും ഉന്മൂലനം ചെയ്യാൻ വിടുന്നത് മഹാപാപമാണെന്നും അയൽരാജ്യങ്ങൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കൈറോ: ഇസ്രായേൽ- ഹമാസ് യുദ്ധം തുടങ്ങിയതുമുതൽ ഗസ്സയിൽ 34 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’. മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണം നടത്തണമെന്ന് സംഘടന മേധാവി ക്രിസ്റ്റോഫ് ഡിലോയർ ആവശ്യപ്പെട്ടു. സിവിലിയൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് ഫലസ്തീനി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി പരാതിയിൽ പറയുന്നു. ഒക്ടോബർ ഏഴ് ആക്രമണത്തിൽ ഇസ്രായേലി മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടു. മാധ്യമ സ്ഥാപനങ്ങളുടെ 50ഓളം കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.