ടോക്യോ: ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്യുന്ന രീതിക്ക് തുടക്കം കുറിച്ച് ടോക്യോ ഭരണകൂടം. രാജ്യത്തിന്റെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ് നിൽക്കുമ്പോഴാണ് ടോക്യോ ഭരണകൂടത്തിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.
ടോക്യോ ഗവർണർ യുരികോ കോകെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രിൽ മുതൽ മെട്രോപൊളിറ്റൻ ഗവൺമെന്റിലെ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ മൂന്ന് അവധി നൽകുമെന്ന് അവർ അറയിച്ചു.
പ്രസവവും കുട്ടികളെ നോക്കുന്നതും മൂലം ഒരാൾക്കും കരിയർ ഉപേക്ഷിക്കേണ്ടി വരരുതെന്ന് കരുതിയാണ് പുതിയ പരിഷ്‍കാരം കൊണ്ട് വരുന്നതെന്നും ഗവർണർ അറിയിച്ചു. ടോക്യോ മെട്രോപൊളിറ്റൻ അസംബ്ലിയുടെ നാലാമത് സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രഖ്യാപനം.
ശമ്പളത്തിന്റെ ചെറിയൊരു ഭാഗം വിട്ടുനൽകി നേരത്തെ ജോലി അവസാനിപ്പിച്ച് പോകാനുള്ള അവസരവും ജീവനക്കാർക്ക് നൽകുമെന്നും ഗവർണർ അറിയിച്ചു. ജനങ്ങളുടെ ജീവിതവും ജപ്പാന്റെ സമ്പദ്‍വ്യവസ്ഥയും സംരക്ഷിക്കുന്നതിനായാണ് നീക്കമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ജപ്പാനിൽ ജനനനിരക്ക് ഏറ്റവും കുറഞ്ഞ തോതിലാണ് ഇപ്പോഴുള്ളത്. ജനനനിരക്ക് ഉയർത്താനുള്ള നടപടികളുമായി ജപ്പാൻ മുന്നോട്ട് പോകുന്നതിനിടെയാണ് ടോക്യോ ഭരണകൂടത്തിന്റേയും നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.