പുരാവസ്തുക്കളുടെ വില നിർണയിക്കപ്പെടുക അതിന്‍റെ അപൂർവതകൊണ്ടും ചരിത്ര പ്രാധാന്യം കൊണ്ടുമാണ്. അതുകൊണ്ടുതന്നെ, നിർണായക ചരിത്രപശ്ചാത്തലങ്ങളിലൂടെ കടന്നുവന്ന വസ്തുക്കൾ ഇക്കാലത്ത് മോഹവില കൊടുത്തും ആളുകൾ സ്വന്തമാക്കും. അത്തരത്തിൽ ഒരു കത്ത് ഇംഗ്ലണ്ടിൽ ലേലത്തിൽ പോയത് 3,00,000 പൗണ്ടിനാണ്. ഏകദേശം (3.41 കോടി രൂപ). എന്നാൽ ഇത് വെറുമൊരു കത്തല്ല, ടൈറ്റാനിക് കപ്പൽ അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് മുങ്ങിത്താഴുന്നതിന് അഞ്ച് ദിവസം മുമ്പ് ഒരു യാത്രക്കാരൻ എഴുതിയ കത്താണ്.
ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു സൈനികൻ എഴുതിയ കത്താണ് വൻ തുകക്ക് ലേലത്തിൽ പോയത്. ലേല സ്ഥാപനമായ ഹെൻറി ആൽഡ്രിഡ്ജ് & സൺ “മ്യൂസിയം ഗ്രേഡ്” എന്ന് വിശേഷിപ്പിച്ച കത്ത്, വാശിയേറിയ ലേലത്തിനൊടുവിൽ അമേരിക്കയിൽ നിന്നുള്ള ഒരു വ്യക്തിയാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിൽ സ്ഥിതി ചെയ്യുന്ന ലേല സ്ഥാപനം ശനിയാഴ്ച വിൽപ്പന സ്ഥിരീകരിക്കുകയും ചെയ്തു.
1912 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് മഞ്ഞുമലയുമായി കൂട്ടിയിടിച്ച് ടൈറ്റാനിക് വടക്കൻ അറ്റ്ലാന്റിക്കിൽ മുങ്ങിയത്. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേണൽ ആർക്കിബാൾഡ് ഗ്രേസി ഈ കത്തെഴുതിയത്. 1912 ഏപ്രിൽ 10 ആണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി. ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരനായിരുന്ന കേണൽ ഗ്രേസി, കപ്പൽ അയർലണ്ടിലെ ക്വീൻസ്‌ടൗണിലേക്ക് പോകുന്നതിനിടെയാണ് കത്ത് മെയിൽ ചെയ്തത്. കത്തയച്ചതിന് ശേഷമാണ് 1,500 ഓളം പേർ കൊല്ലപ്പെട്ട ലോകത്തെ ഏറ്റവും വലിയ കപ്പൽച്ചേത ദുരന്തത്തിന് ടൈറ്റാനിക് ഇരയായത്.
54കാരനായിരുന്ന കേണൽ ഗ്രേസി കത്തിൽ ടൈറ്റാനിക്കിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം കുറിച്ചിരുന്നു: “ഇതൊരു നല്ല കപ്പലാണ്, എന്നാൽ യാത്ര പൂർണമാകുമ്പോഴേ എനിക്കും ഇതിനെ പറ്റി ഒരു പൂർണ അഭിപ്രായം പറയാൻ കഴിയൂ’' എന്നാണദ്ദേഹം കത്തിൽ കുറിച്ചത്. എന്നാൽ, യാത്ര പൂർത്തിയാക്കാൻ ടൈറ്റാനിക്കിന് കഴിഞ്ഞില്ല. ഈ വാചകങ്ങളാണ് കത്തിന്റെ മൂല്യം വർധിപ്പിച്ചത്. കത്തയച്ച് മൂന്നാം ദിവസമായിരുന്നു കപ്പൽ മുങ്ങിയത്.
കപ്പലപകടത്തിൽ നിന്ന് രക്ഷപ്പെട്ട കേണൽ ഗ്രേസി, പിന്നീട് 1913-ൽ അദ്ദേഹത്തിന്‍റെ മരണാനന്തരം പ്രസിദ്ധീകരിച്ച ‘ദി ട്രൂത്ത് എബൗട്ട് ദി ടൈറ്റാനിക്’ എന്ന തന്റെ പുസ്തകത്തിൽ താൻ രക്ഷപ്പെട്ടതിനെക്കുറിച്ച് വിവരിച്ചിരുന്നു. തകർന്ന കപ്പലിൽ നിന്നും കടലിൽ വീണ അദ്ദേഹം അതിസാഹസികമായി ലൈഫ് ബോട്ടിലേക്ക് നീന്തിക്കയറിയാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. 1912 ഡിസംബറിൽ കേണൽ ആർക്കിബാൾഡ് ഗ്രേസി അന്തരിച്ചു.
മഞ്ഞുമലയില്‍ ഇടിച്ചാണ് ടൈറ്റാനിക് ദുരന്തം സംഭവിച്ചത്. ഇതോടെ കപ്പലില്‍ വിള്ളലുണ്ടായി. പതിയെ കടല്‍ വെള്ളം കപ്പലിന് അകത്തേക്ക് പ്രവേശിച്ച് തുടങ്ങി. ഒരിക്കലും മുങ്ങില്ലെന്ന് നിർമാതാക്കൾ അവകാശപ്പെട്ട കപ്പൽ ഒടുവിൽ മുങ്ങി. 2224 പേരാണ് ആഢംബര കപ്പലില്‍ യാത്ര ചെയ്‌തിരുന്നത്. 1517 പേർ മരിച്ചതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.