കാരാക്കസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന് ആറ് ദിവസങ്ങൾക്ക് ശേഷം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നിരുന്ന മൂന്ന് വയസ്സുകാരനെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ക്ലൈബർ മൊറാൻ എന്ന കുട്ടിയെ ജോർദാനിൽ നിന്നുള്ള അന്താരാഷ്ട്ര രക്ഷാസംഘമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ലാ ഗ്വൈറ സംസ്ഥാനത്തിലെ തകർന്ന കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ ഉടൻ കുട്ടിക്ക് സ്ഥലത്തുവെച്ച് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജോർദാനിയൻ സിവിൽ ഡിഫൻസ് അറിയിച്ചു. കുട്ടിയെ കണ്ടെത്തിയ നിമിഷം രക്ഷാപ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
കുട്ടിയുടെ രക്ഷാപ്രവർത്തനത്തെ ‘പ്രതീക്ഷയുടെ നിമിഷം’ എന്നാണ് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വിശേഷിപ്പിച്ചത്. ജോർദാനിൽ നിന്നുള്ള രക്ഷാപ്രവർത്തകരാണ് ലാ ഗ്വൈറ സംസ്ഥാനത്തെ ലോസ് കോറൽസ് ഗാർഡൻ 1 കെട്ടിടത്തിൽ നിന്ന് കുട്ടിയെ പുറത്തെടുത്തതെന്ന് ഡെൽസി റോഡ്രിഗസ് ടെലിഗ്രാം സന്ദേശത്തിൽ പറഞ്ഞു. ആറാം ദിവസവും ജീവനോടെ ഒരാളെ കണ്ടെത്താനായത് രക്ഷാപ്രവർത്തകർക്കും ദുരന്തബാധിതർക്കും വലിയ പ്രതീക്ഷ നൽകുന്നതായി വെനസ്വേലൻ അധികൃതർ പ്രതികരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ജീവനോടെ ആളുകൾ ഉണ്ടാകാമെന്ന പ്രതീക്ഷയിൽ തിരച്ചിൽ തുടരുകയാണ്.
ജൂൺ 24ന് വെനസ്വേലയിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായതിനെ തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,900ലധികം പേർ മരിക്കുകയും, പതിനായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ 58,870 കെട്ടിടങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി നാസ അറിയിച്ചു. ദുരന്തബാധിതർക്കായി യുനിസെഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ അടിയന്തര സഹായം ശക്തമാക്കിയിട്ടുണ്ട്. ദുരന്തം ഏറ്റവും നാശം വിതച്ച ലാ ഗ്വൈറയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നും അടിസ്ഥാന സേവനങ്ങൾ തകർന്നിട്ടുണ്ടെന്നും ആശയവിനിമയം വലിയതോതിൽ വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.