ഇനി വിമാനയാത്രകൾ പോക്കറ്റ് കീറില്ല; കുറഞ്ഞ ലഗേജിന് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി 'ഇൻഡിഗോ ലൈറ്റ്'

യാത്രക്കാർക്ക് കൂടുതൽ ലാഭകരമായ യാത്രാനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ഇൻഡിഗോ എയർലൈൻസ് പുതിയ 'ഇൻഡിഗോ ലൈറ്റ്' ഫെയർ അവതരിപ്പിച്ചു. ലഗേജുകൾ കുറച്ച് യാത്ര ചെയ്യുന്നവർക്കായി പ്രത്യേകം തയാറാക്കിയ ഈ പുതിയ സൗകര്യം, ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. എക്കണോമി ക്ലാസ് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ആവശ്യമായ സേവനങ്ങൾ മാത്രം തെരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കും. അധിക ഭാരമില്ലാത്ത ലഗേജുകളുമായി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയൊരാശ്വാസമായിരിക്കും.

ഈ പുതിയ ഫെയർ ഓപ്ഷൻ ഇൻഡിഗോയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, കോൺടാക്റ്റ് സെന്റർ തുടങ്ങിയ നേരിട്ടുള്ള പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമാണ് ലഭ്യമാകുന്നത്. യാത്രക്കാർക്ക് 7 കിലോ വരെ ഭാരമുള്ള ഒരു ക്യാബിൻ ബാഗ് സൗജന്യമായി കൊണ്ടുപോകാം. കൂടാതെ, സീറ്റുകൾ തനിയെ അലോട്ട് ചെയ്യപ്പെടുന്ന രീതിയിലുള്ള കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ, യാത്രക്കിടയിൽ അധികമായി ലഗേജ്, ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റുകൾ, അല്ലെങ്കിൽ ഫാസ്റ്റ് ഫോർവേഡ് പോലുള്ള മുൻഗണനാ സേവനങ്ങൾ ആവശ്യമുണ്ടെങ്കിൽ യാത്രക്കാർക്ക് അത് അധിക തുക നൽകി ആഡ്-ഓണുകളായി തെരഞ്ഞെടുക്കാവുന്നതാണ്. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ഇത്തരം സേവനങ്ങൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇൻഡിഗോ നൽകുന്നുണ്ട്.

രാജ്യത്തിനകത്തും പുറത്തുമുള്ള നോൺ-സ്റ്റോപ്പ് സർവീസുകളിൽ ഈ പുതിയ സംവിധാനം ലഭ്യമാണ്. വൺ-വേ, റൗണ്ട് ട്രിപ്പ്, മൾട്ടിസിറ്റി യാത്രകൾക്കായി മുതിർന്നവർക്കും കുട്ടികൾക്കും ഈ ഫെയർ ഉപയോഗിക്കാം. മാത്രമല്ല, ഇൻഡിഗോയുടെ ലോയൽറ്റി പ്രോഗ്രാമിലെ ബ്ലൂചിപ്പ് പോയിന്റുകൾ ഈ ഫെയറിലും യാത്രക്കാർക്ക് നേടാനും ഉപയോഗിക്കാനും സാധിക്കുമെന്നത് ഒരു പ്രത്യേകതയാണ്. യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു മാറ്റമെന്ന് ഇൻഡിഗോ ചീഫ് സ്ട്രാറ്റജി ഓഫീസർ അലോക്ക് സിങ് വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് ഈ പുതിയ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

Tags:    
News Summary - IndiGo introduces ‘Lite’ fare for economy flyers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.