റി​യാ​ദി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത നൂ​ത​ന സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ ക​വാ​ടം

ലോകത്തിലെ നൂതന സാമ്പത്തിക മേഖല റിയാദിൽ ഉദ്ഘാടനം ചെയ്തു

റിയാദ്: ലോകത്തിലെ തന്നെ അത്യന്താധുനിക സാമ്പത്തിക മേഖല റിയാദിൽ സ്ഥാപിതമായി. മൂന്നു ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പ്രത്യേക സംയോജിത സാമ്പത്തിക, ചരക്കു നീക്ക മേഖലയുടെ ഉദ്ഘാടനം ഗതാഗത ചരക്കുനീക്ക വകുപ്പ് മന്ത്രി സാലിഹ് അൽ-ജാസിർ നിർവഹിച്ചു. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനു (ഗാക)മായി സഹകരിച്ച് ആഗോള ലോജിസ്റ്റിക് വ്യവസായത്തിലെ മുൻനിര സ്ഥാപനങ്ങൾ സാമ്പത്തിക, ചരക്കുനീക്ക സംയോജിത മേഖലയുടെ സമാരംഭത്തിൽ പങ്കാളികളായി.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വൻകരകളിൽനിന്നുള്ള ചരക്കുനീക്ക വ്യവസായ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതും കോടിക്കണക്കിന് ആഗോള അവസരങ്ങൾ ഉപയോഗപ്പെടുത്താവുന്നതുമായ വിധത്തിലാണ് ഈ പ്രത്യേക മേഖല രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. ലോകത്ത് ലഭ്യമായതിൽ ഏറ്റവും നൂതനമായ കണക്കെടുപ്പ്, ആശയവിനിമയ സംവിധാനങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.

മേ​ഖ​ല​യു​ടെ രൂ​പ​രേ​ഖ

വ്യാപാര ഇടപാടുകൾ എളുപ്പമാക്കുന്ന ഇ-കൊമേഴ്‌സ് ശൃംഖല, നിക്ഷേപകർ, വിതരണക്കാർ, കസ്റ്റംസ് അടക്കമുള്ള സർക്കാർ വകുപ്പുകൾ എന്നിവക്കിടയിൽ നേരിട്ട് ബന്ധം സാധ്യമാക്കുന്ന ഓൺലൈൻ സംവിധാനങ്ങൾ ഇവയെല്ലാം ഇവിടത്തെ പ്രത്യേകതകളാണ്.രാജ്യത്തിന്റെ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030'-ന്റെ ഭാഗമാണ് ഈ മേഖലയെന്ന് അൽ-ജാസിർ പറഞ്ഞു.

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയുടെ ഫലമാണ് നിശ്ചിത കാലയളവിനുള്ളിലുള്ള മേഖലയുടെ സാക്ഷാത്കാരം. മൂന്ന് ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 'ഗ്ലോബൽ ലോജിസ്റ്റിക് ഹബ്ബാ'യിരിക്കും ഇത്. ബഹുരാഷ്ട്ര കമ്പനികളെ സൗദിയിലേക്ക് ഇത് ആകർഷിക്കും. ആഗോള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള മികച്ച സേവനം അവർക്ക് വാഗ്ദാനം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

ആഗോളതലത്തിൽ സമാനതകളില്ലാത്ത ഈ സംയോജിത ലോജിസ്റ്റിക് സോണിന്റെ രൂപകൽപനയിൽ അന്താരാഷ്ട്ര കമ്പനികളുമായി കൂടിയാലോചന നടത്തിയിരുന്നതും വിലപ്പെട്ട നിർദേശങ്ങൾ സ്വീകരിച്ചതുമായ വിവരങ്ങൾ മന്ത്രി വെളിപ്പെടുത്തി.തലസ്ഥാന നഗരിയിൽ പ്രവർത്തനം ആരംഭിച്ച സംയോജിത ചരക്കുനീക്ക മേഖല മധ്യപൗരസ്ത്യ ദേശത്ത് അതിവേഗം വളരുന്ന സൗദി വിപണിക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

വിഷൻ പദ്ധതി പൂർത്തിയാകുന്ന 2030 ഓടെ സൗദിയുടെ പ്രതിവർഷ ചരക്കുനീക്കം ഇപ്പോഴുള്ളതിൽനിന്ന് 450 ലക്ഷം ടൺ കൂടി അധികമായി വർധിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. അതോടെ ദേശീയ ആഭ്യന്തര ഉൽപാദനത്തിൽ ലോജിസ്റ്റിക് മേഖലയുടെ സംഭാവന നിലവിലെ ആറിൽനിന്ന് 10 ശതമാനമായി വർധിക്കും.എണ്ണയിതര മേഖലയുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തെ സഫലമാക്കും വിധം 2030ൽ ലോജിസ്റ്റിക് മേഖലയിൽനിന്നുള്ള വരുമാനം 4,500 കോടി റിയാലായി ഉയരുമെന്നും മന്ത്രാലയം കണക്കു കൂട്ടുന്നു. ആഭ്യന്തര വ്യവസായ വളർച്ചക്ക് ഇത് കരുത്തേകും.

Tags:    
News Summary - The World's Innovative Economic Zone was inaugurated in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.