പിന്തുണ അധിനിവേശ ക്രൂരതകൾക്ക്; ഒറ്റപ്പെട്ട് യു.എസ്

വാഷിങ്ടൺ: യു.എൻ രക്ഷാസമിതിയിൽ ഇസ്രായേൽ വംശഹത്യക്ക് കരുത്തുപകർന്ന് ഒക്ടോബർ ഏഴിനുശേഷം മൂന്നാം തവണയും യു.എസ് വീറ്റോ പ്രയോഗിക്കുമെന്ന ആശങ്കകൾക്ക് തൽക്കാലം വിരാമമായെങ്കിലും ഒറ്റപ്പെട്ട് ബൈഡന്റെ അമേരിക്ക.

പാശ്ചാത്യ ശക്തികളിലേറെയും ഇതിനകം നിലപാട് മാറ്റി ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന ആവശ്യം പരസ്യമാക്കി കഴിഞ്ഞു. ഡിസംബർ ആദ്യത്തിൽ രക്ഷാസമിയിലെത്തിയ വെടിനിർത്തൽ പ്രമേയത്തിന് അനുകൂലമായാണ് ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ, ജപ്പാൻ അടക്കം രാജ്യങ്ങൾ വോട്ടുചെയ്തത്. അന്ന് ഹമാസിന്റെ പേരു പറഞ്ഞ് യു.എസ് വീറ്റോ ചെയ്താണ് ഇത് പരാജയപ്പെടുത്തിയത്. യു.എസിൽപോലും ജനകീയ പിന്തുണ എതിരായി വരുന്നതിനിടെയാണ് രാജ്യാന്തരതലത്തിലും അമേരിക്കൻ ഭരണകൂടം ഒറ്റപ്പെടുന്നത്. ഏറ്റവുമൊടുവിൽ ചെങ്കടൽ സംരക്ഷണത്തിന് സംയുക്ത സേന പ്രഖ്യാപിച്ചെങ്കിലും ശക്തരായ അയൽരാജ്യങ്ങൾ ഇതിനൊപ്പം കൂടിയിട്ടില്ല.

ലോകം മുഴുക്കെ മനുഷ്യാവകാശ സംഘടനകൾ ഒറ്റക്കെട്ടായി ഇസ്രായേൽ മഹാക്രൂരതകൾക്കെതിരെ രംഗത്ത് സജീവമായിവരികയാണ്. ഫലസ്തീനികളെ പട്ടിണിയിലാഴ്ത്തിയും താമസകേന്ദ്രങ്ങൾ ഇല്ലാതാക്കിയും ഗസ്സ ഒഴിപ്പിക്കാനുള്ള ഇസ്രായേൽ നീക്കം പിന്തുണക്കാനില്ലെന്ന് ലോകരാജ്യങ്ങൾ നയം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം, ഗസ്സയിലെ പാവങ്ങൾക്ക് ലോകം മുഴുക്കെ സഹായം ഒഴുക്കുമ്പോൾ അമേരിക്കമാത്രം ഇസ്രായേലിന് സൗജന്യമായി ആയുധങ്ങൾ നിരന്തരം എത്തിച്ചുകൊണ്ടിരിക്കുന്നതും കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്.

ഒക്ടോബർ ഏഴിനുശേഷം മാത്രം ഒരു ടൺ ഭാരമുള്ള കെ.84 ബോംബുകൾ 5000 എണ്ണമാണ് അമേരിക്ക ഇസ്രായേലിന് കൈമാറിയത്. യുദ്ധവിമാനങ്ങൾ, തോക്കുകൾ, തിരകൾ, സ്ഫോടകവസ്തുക്കൾ, കവചിത വാഹനങ്ങൾ എന്നിങ്ങനെ മറ്റുള്ളവ വേറെയും.

Tags:    
News Summary - The US, Complicit In Gaza Slaughter, Now Stands Isolated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.