തെഹ്‌റാൻ: ഹുർമുസ് കടലിടുക്കിൽ യു.എസ് സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാൻ. തങ്ങളുടെ സൈനിക ബോട്ടുകൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന അമേരിക്കയുടെ അവകാശവാദം തള്ളിയ ഇറാൻ, യു.എസ് ലക്ഷ്യം വെച്ചത് യാത്രാ ബോട്ടുകളെയാണെന്ന് ആരോപിച്ചു.
തിങ്കളാഴ്ച നടന്ന സംഭവത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ആറ് ബോട്ടുകൾ തകർത്തുവെന്ന യു.എസ് അഡ്മിറൽ ബ്രാഡ് കൂപ്പറിന്റെ പ്രസ്താവനക്ക് വിരുദ്ധമായാണ് ഇറാന്റെ പുതിയ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ടവർ സാധാരണക്കാരാണെന്നും ഇതിന് അമേരിക്ക മറുപടി പറയണമെന്നും ഇറാൻ സൈനിക കമാൻഡർ വ്യക്തമാക്കി.
ഒമാൻ തീരത്തെ ഖസബിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്ന രണ്ട് ചെറിയ ബോട്ടുകൾക്ക് നേരെയാണ് യു.എസ് ആക്രമണം ഉണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി (IRIB) റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിഷയത്തിൽ യു.എസ് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ ഹുർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാൻ യു.എസ് സൈന്യം ആവിഷ്കരിച്ച 'പ്രോജക്റ്റ് ഫ്രീഡം' എന്ന ദൗത്യമാണ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തുന്നത്.
യു.എസ് സൈന്യത്തിന്റെ ഈ പ്രകോപനപരമായ നടപടിക്ക് പിന്നിൽ ഇറാൻ നാവികസേനയുടെ കരുത്തിനെക്കുറിച്ചുള്ള ഭയമാണെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. 'ഐ.ആർ.ജി.സിയുടെ ഫാസ്റ്റ് ബോട്ട് ഓപ്പറേഷനുകൾ അമേരിക്കൻ സൈന്യത്തിന് എന്നും ഒരു പേടിസ്വപ്നമാണ്. ആ ഭയം മൂലമുള്ള പരിഭ്രാന്തിയിലാണ് സാധാരണക്കാരുടെ ബോട്ടുകൾക്ക് നേരെ പോലും അവർ ആക്രമണം നടത്തുന്നതെന്ന്' ഇറാൻ ഉദ്യോഗസ്ഥർ ആരോപിച്ചു.
അതേസമയം, തങ്ങളുടെ നടപടി പ്രതിരോധപരമാണെന്ന നിലപാടിലാണ് വാഷിങ്ടൺ. ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിനുള്ള പ്രോജക്റ്റ് ഫ്രീഡം ദൗത്യത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ചരക്കുകപ്പലുകളെ തടയാൻ ശ്രമിച്ച ഇറാൻ ബോട്ടുകളെ അപ്പാച്ചെ, സീ ഹോക്ക് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തുരത്തുകയായിരുന്നുവെന്നാണ് അമേരിക്കയുടെ വാദം. മേഖലയിൽ മേധാവിത്വം ഉറപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന പോരാട്ടം നിലവിൽ ഹുർമുസ് കടലിടുക്കിനെ ഒരു യുദ്ധക്കളമായി മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.