വിജയദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപനങ്ങളുമായി റഷ്യയും യുക്രെയ്നും; നിയന്ത്രണങ്ങൾ കടുപ്പിച്ച് മോസ്കോ

മോസ്കോ: നാല് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ വഴിത്തിരിവായി ഇരുരാജ്യങ്ങളും ഏകപക്ഷീയമായ വെടിനിർത്തലുകൾ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയദിനത്തോടനുബന്ധിച്ച് മേയ് എട്ട്, ഒമ്പത് തീയതികളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ അതിന് ബദലായി മേയ് അഞ്ച്, ആറ് തീയതികളിൽ സ്വന്തം നിലയിൽ വെടിനിർത്തൽ നടപ്പിലാക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോ​ദി​മി​ർ സെ​ല​ൻ​സ്കിയും അറിയിച്ചു.

മോസ്കോയിൽ നടക്കുന്ന വിജയദിന പരേഡിനെ തടസ്സപ്പെടുത്താൻ യുക്രെയ്ൻ ശ്രമിച്ചാൽ തലസ്ഥാനമായ കിയവിന് നേരെ വൻതോതിലുള്ള മിസൈൽ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. "കിയവിലെ ഭരണകൂടം ആഘോഷങ്ങൾ തകർക്കാൻ ശ്രമിച്ചാൽ റഷ്യൻ സായുധ സേന ശക്തമായി തിരിച്ചടിക്കും. കിയവ് നഗരമധ്യത്തിൽ വൻ മിസൈൽ വർഷമുണ്ടാകും," റഷ്യ അറിയിച്ചു. നഗരത്തിലുള്ള സാധാരണക്കാരോടും വിദേശ നയതന്ത്ര ഉദ്യോഗസ്ഥരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും റഷ്യൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

അതേസമയം റഷ്യയുടെ വെടിനിർത്തൽ നിർദേശം ഗൗരവമില്ലാത്തതാണെന്ന് സെലൻസ്‌കി പരിഹസിച്ചു. ഏതെങ്കിലും ആഘോഷത്തേക്കാൾ വിലപ്പെട്ടതാണ് മനുഷ്യജീവനെന്ന് വ്യക്തമാക്കിയ സെലൻസ്കി, ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ യുക്രെയ്ൻ സൈന്യം നിശബ്ദത പാലിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ മാസം ഈസ്റ്ററിനോടനുബന്ധിച്ച് പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇരുപക്ഷവും പരസ്പരം സംശയത്തോടെയാണ് പുതിയ നീക്കങ്ങളെ കാണുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയെ പരാജയപ്പെടുത്തിയതിന്റെ 81-ാം വാർഷികമാണ് റഷ്യ ഇത്തവണ ആഘോഷിക്കുന്നത്. മേയ് ഒമ്പതിന് മോസ്കോയിലെ റെഡ് സ്ക്വയറിൽ നടക്കുന്ന വിജയദിന പരേഡിൽ ഇത്തവണ സൈനിക ടാങ്കുകളോ മറ്റ് വലിയ ആയുധങ്ങളോ പ്രദർശിപ്പിക്കില്ലെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. യുക്രെയ്നിന്റെ ഡ്രോൺ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാലാണ് ഈ തീരുമാനം. അടുത്തിടെ മോസ്കോ നഗരത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. 

എന്നാൽ സൈനിക ടാങ്കുകളോ ആയുധങ്ങളോ പ്രദർശിപ്പിക്കില്ലെന്ന റഷ്യയുടെ തീരുമാനം അവരുടെ ദുർബലതയാണ് കാണിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോ​ദി​മി​ർ സെ​ല​ൻ​സ്കി പരിഹസിച്ചു. "റെഡ് സ്ക്വയറിന് മുകളിൽ യുക്രെയ്നിയൻ ഡ്രോണുകൾ പറക്കുമെന്ന് അവർ ഭയപ്പെടുന്നു. പ്രദർശിപ്പിക്കാൻ അവരുടെ പക്കൽ ആയുധങ്ങളില്ല. ഇത് റഷ്യയുടെ തകർച്ചയുടെ തെളിവാണ്," അർമേനിയയിൽ നടന്ന യൂറോപ്യൻ രാഷ്ട്രീയ യോഗത്തിൽ സെലൻസ്‌കി പറഞ്ഞു.  

Tags:    
News Summary - Putin, Zelenskiy proclaim rival ceasefires around Russia's Victory day commemorations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.