അറ്റ്‌ലാന്റിക് ക്രൂയിസ് കപ്പലിൽ ഹന്താവൈറസ് ഭീതി: മൂന്ന് മരണം; അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

ലണ്ടൻ: അറ്റ്‌ലാന്റിക് സമുദ്രത്തിലെ ആഡംബര ക്രൂയിസ് കപ്പലിൽ മാരകമായ ഹന്താവൈറസ് പടരുന്നു. ഓഷ്യൻവൈഡ് എക്സ്പെഡിഷൻസിന്റെ 'എംവി ഹോണ്ടിയസ്' എന്ന കപ്പലിലെ മൂന്ന് യാത്രക്കാർ ഇതിനകം മരണപ്പെട്ടു. മരിച്ചവരിൽ ഒരു ഡച്ച് ദമ്പതികളും ജർമ്മൻ പൗരനും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇവരുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ജോഹന്നാസ്ബർഗിൽ ചികിത്സയിലുള്ള 69-കാരനായ യാത്രക്കാരന് ഹന്താവൈറസ് ബാധിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 149 യാത്രക്കാരുമായി കേപ് വെർഡെ തീരത്തുള്ള ഈ കപ്പലിലെ ജീവനക്കാർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

എന്താണ് ഹന്താവൈറസ്

എലികളിലൂടെയും മറ്റ് ജീവികളിലൂടെയും പടരുന്ന മാരകമായ ഒരു വൈറസ് രോഗമാണ് ഹന്താവൈറസ്. രോഗബാധിതരായ എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഇവ കലർന്ന വായു ശ്വസിക്കുന്നതിലൂടെയോ ആണ് മനുഷ്യരിലേക്ക് വൈറസ് എത്തുന്നത്. ഭൂമിശാസ്ത്രപരമായ വ്യത്യാസമനുസരിച്ച് ഈ വൈറസ് ശരീരത്തെ ബാധിക്കുന്ന രീതിയിലും മാറ്റങ്ങളുണ്ട്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഇത് പ്രധാനമായും ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിക്കുന്ന ഹന്താവൈറസ് കാർഡിയോപൾമോണറി സിൻഡ്രോം'ആയി പ്രത്യക്ഷപ്പെടുമ്പോൾ, യൂറോപ്പിലും ഏഷ്യയിലും വൃക്കകളെയും രക്തക്കുഴലുകളെയും ബാധിക്കുന്ന 'റീനൽ സിൻഡ്രോമോടുകൂടിയ രക്തസ്രാവ പനി'എന്ന രൂപത്തിലാണ് കണ്ടുവരുന്നത്. രണ്ട് അവസ്ഥകളും കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാം.

വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ ആറ് ആഴ്ചകൾക്കുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ആദ്യഘട്ടത്തിൽ പനി, കടുത്ത തലവേദന, പേശീവേദന, വയറുവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകുക. എന്നാൽ രോഗം കൂടിയാൽ ശ്വാസകോശത്തിൽ ദ്രാവകം നിറയുകയും ശ്വസിക്കാൻ പ്രയാസം നേരിടുകയും ചെയ്യുന്നു. HFRS ബാധിച്ചവരിൽ രക്തസമ്മർദ്ദം കുറയുന്നതും വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതും മരണത്തിന് കാരണമായേക്കാം. നിലവിൽ ഈ വൈറസിനെ പ്രതിരോധിക്കാൻ പ്രത്യേക വാക്സിനുകളോ കൃത്യമായ ആന്റിവൈറൽ മരുന്നുകളോ ലഭ്യമല്ല. രോഗിക്ക് നൽകുന്ന തീവ്രപരിചരണവും ശ്വസന-വൃക്ക സംബന്ധമായ സങ്കീർണ്ണതകൾ മുൻകൂട്ടി കണ്ട് നൽകുന്ന ചികിത്സയുമാണ് നിലവിലെ ഏക മാർഗ്ഗം.

ലോകമെമ്പാടും അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹന്താവൈറസ്, രോഗം ബാധിച്ചാൽ അതീവ അപകടകാരിയാണ്. ഏഷ്യയിലും യൂറോപ്പിലും ഇതിന്റെ മരണനിരക്ക് 1% മുതൽ 15% വരെയാണെങ്കിൽ അമേരിക്കയിൽ ഇത് 50% വരെ ഉയരാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Hantavirus scare on Atlantic cruise ship: Three dead; WHO urges extreme caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.