ഹുർമൂസിൽ നങ്കൂരമിട്ട ഗാംബിയയുടെ ബിലി എന്ന എണ്ണ ടാങ്കർ
വാഷിങ്ടൺ: ഇടവേളക്കുശേഷം, പശ്ചിമേഷ്യയിൽ സംഘർഷം പുനരാരംഭിക്കുമെന്ന ആശങ്ക ഉയർന്നതിന് പിന്നാലെ ഹുർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ യു.എസ് സൈനീക നീക്കം ആരംഭിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷവും ഹുർമുസിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതിനെ തുടർന്നാണ് യു.എസ് നടപടി. ഇറാന്റെ നിലപാട് മൂലം, 20,000ത്തിലധികം കപ്പൽ ജീവനക്കാരും നൂറുകണക്കിന് കപ്പലുകളും മേഖലയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് യു.എസ് വാദം. ഇവ പുറത്തെത്തിക്കുന്നതിന്റെ ഭാഗാമായിട്ടാണ് പ്രോജക്ട് ഫ്രീഡം എന്ന പേരിൽ പുതിയ നീക്കത്തിന് യു.എസ് തുടക്കമിട്ടിരിക്കുന്നത്.
മേഖലയിലേക്ക് യു.എസിന്റെ യുദ്ധക്കപ്പലുകൾ തിരിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് മേധാവി ബ്രാഡ് കൂപ്പർ അറിയിച്ചു. മേഖലയിൽ കപ്പലുകൾക്കുനേരെ വെടിയുതിർക്കുന്ന ഇറാന്റെ ആറ് ഗൺ ബോട്ടുകൾ തകർത്തുവെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ ക്രൂയിസ് മിസൈലുകളെയും യു.എസ് പ്രതിരോധിച്ചിട്ടുണ്ട്. ഹുർമുസിന്റെ തെക്കുഭാഗത്തായി യു.എസിന്റെ വൻ സൈനിക സന്നാഹം നിലവിലുണ്ട്. ഇതിനുപുറമെയാണ് പുതിയ യുദ്ധക്കപ്പലുകൾകൂടി വരുന്നത്. നിലവിൽ, നിരവധി മിസൈൽ പ്രതിരോധ ആയുധങ്ങളും നൂറിലധികം എയർ ക്രാഫ്റ്റുകളും 15,000 സൈനികരും യു.എസിന്റെ നാവിക ഉപരോധത്തിന്റെ ഭാഗമായി മേഖലയിലുണ്ട്.
അതിനിടെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനുമായി ചൊവ്വാഴ്ച ചർച്ച നടത്തി. ഹുർമുസ് എണ്ണക്കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് നേരത്തെ, ഫ്രാൻസ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പാരിസിൽ പ്രത്യേക ഉച്ചകോടിയും സംഘടിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി ചൈനീസ് വിദേശ കാര്യ മന്ത്രിയുമായി ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം, യു.എ.ഇ റിഫൈനറിക്കുനേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ പ്രസ്താവിച്ചുവെങ്കിലും ഗൾഫ് രാജ്യങ്ങൾ ഇത് മുഖവിലക്കെടുത്തിട്ടില്ല.
തെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ യു.എസ് സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാൻ. തങ്ങളുടെ സൈനിക ബോട്ടുകൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന അമേരിക്കയുടെ അവകാശവാദം തള്ളിയ ഇറാൻ, യു.എസ് ലക്ഷ്യം വെച്ചത് യാത്രാ ബോട്ടുകളെയാണെന്ന് ആരോപിച്ചു. തിങ്കളാഴ്ച നടന്ന സംഭവത്തിൽ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) ആറ് ബോട്ടുകൾ തകർത്തുവെന്ന യു.എസ് അഡ്മിറൽ ബ്രാഡ് കൂപ്പറിന്റെ പ്രസ്താവനക്ക് വിരുദ്ധമായാണ് ഇറാന്റെ പുതിയ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ടവർ സാധാരണക്കാരാണെന്നും ഇതിന് അമേരിക്ക മറുപടി പറയണമെന്നും ഇറാൻ സൈനിക കമാൻഡർ വ്യക്തമാക്കി. ഒമാൻ തീരത്തെ ഖസബിൽ നിന്നും ഇറാനിലേക്ക് വരുകയായിരുന്ന രണ്ട് ചെറിയ ബോട്ടുകൾക്ക് നേരെയാണ് യു.എസ് ആക്രമണം ഉണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ വിഷയത്തിൽ യു.എസ് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.