ബീജിങ്: ആഗോള നിർമിത ബുദ്ധി മേഖലയിലെ ആധിപത്യത്തിനായി അമേരിക്കയും ചൈനയും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് കടക്കുന്നു. മാനസ് ഏറ്റെടുക്കാനുള്ള മെറ്റയുടെ നീക്കത്തെ തടഞ്ഞതിന് പിന്നാലെ അമേരിക്കൻ കമ്പനികളിൽ നിന്നോ നിക്ഷേപകരിൽ നിന്നോ ഫണ്ട് സ്വീകരിക്കരുതെന്ന് ആഭ്യന്തര സ്റ്റാർട്ടപ്പുകൾക്കും ടെക് ഭീമന്മാരായ ബൈറ്റ്ഡാൻസ് അടക്കമുള്ളവർക്കും കർശന നിർദേശം നൽകി ചൈനീസ് സർക്കാർ.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ എ.ഐ സ്റ്റാർട്ടപ്പായ 'മാനസ്' ഏറ്റെടുക്കാനുള്ള മെറ്റയുടെ 200 കോടി ഡോളറിന്റെ നീക്കത്തിന് ചൈനീസ് സർക്കാർ തടയിട്ടിരുന്നു. തന്ത്രപ്രധാനമായ സാങ്കേതികവിദ്യകൾ വിദേശികൾക്ക് വിൽക്കുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനീസ് റെഗുലേറ്ററായ നാഷണൽ ഡെവലപ്‌മെന്റ് ആൻഡ് റിഫോം കമീഷൻ കരാറിൽ നിന്ന് പിന്മാറാൻ മാർക്ക് സക്കർബർഗിന്റെ മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിഡിയോ ഗെയിമുകൾ നിർമിക്കാനും സ്റ്റോക്ക് അനാലിസിസ് നടത്താനും ശേഷിയുള്ള മാനസ് എ.ഐ, ചൈനയുടെ അഭിമാനമായ 'ഡീപ്സീക്കിന്' പകരക്കാരനായി വളർന്നുവന്ന കമ്പനിയാണ്. ഈ കരാറിന് പിന്നാലെ സർക്കാർ അനുമതിയില്ലാതെ അമേരിക്കൻ കമ്പനികളിൽ നിന്നോ നിക്ഷേപകരിൽ നിന്നോ ഫണ്ട് സ്വീകരിക്കരുതെന്ന് ആഭ്യന്തര സ്റ്റാർട്ടപ്പുകൾക്കും ടെക് ഭീമന്മാരായ ബൈറ്റ്ഡാൻസ് അടക്കമുള്ളവർക്കും ബീജിങ് കർശന നിർദേശം നൽകി. തന്ത്രപ്രധാനമായ എ.ഐ വിദ്യകൾ വിദേശികൾക്ക് വിൽക്കുന്നതിനെ ചൈനീസ് ഭരണകൂടം ശക്തമായി എതിർക്കകയാണ്. നേരത്തെ മാനസ് എ.ഐയുടെ സ്ഥാപകർ രാജ്യം വിടുന്നത് തടയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.