ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന ആശുപത്രി മുറി. ഫോട്ടോ: AFP/Getty Images

ലബനാനിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് ആശുപത്രികൾക്ക് നേരെ ഇസ്രായേൽ ആക്രമണം; ഒമ്പത് മരണം, നിരവധി പേർക്ക് പരിക്ക്

ബൈറൂത്: ലബനാനിലെ ജനവാസ മേഖലകളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. ദക്ഷിണ ലബനാനിൽ ഒരാഴ്ചക്കുള്ളിൽ മൂന്ന് പ്രധാന ആശുപത്രികൾക്ക് നേരെ ഇസ്രായേൽ സേന വ്യോമാക്രമണം നടത്തിയതായി ലബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളിൽ മെഡിക്കൽ ജീവനക്കാരടക്കം ഒമ്പത് പേർ കൊല്ലപ്പെടുകയും നൂറ്റമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച തെബ്‌നൈനിലെ പബ്ലിക് ആശുപത്രിക്ക് തൊട്ടടുത്താണ് ഇസ്രായേൽ ഒടുവിലായി ആക്രമണം നടത്തിയത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് ടൈറിലെ ഹീരാം, ജബൽ അമേൽ ആശുപത്രികൾക്ക് സമീപവും ശക്തമായ ബോംബാക്രമണം ഉണ്ടായിരുന്നു. തിങ്കളാഴ്ച ജബൽ അമേൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മാത്രം നാല് പേർ കൊല്ലപ്പെടുകയും ഭൂരിഭാഗവും ആരോഗ്യപ്രവർത്തകരായ 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വ്യോമാക്രമണത്തിൽ തകർന്ന ജബൽ ആമൽ ആശുപത്രിയിലെ വെയിറ്റിങ് റൂം. ഫോട്ടോ: Marwan Naamani/Zuma Press Wire/Shutterstock

ആക്രമണത്തെ തുടർന്ന് ജബൽ അമേൽ ആശുപത്രിയിലെ വൈദ്യുതി പൂർണമായി നിലക്കുകയും തീവ്രപരിചരണ വിഭാഗം ഉൾപ്പെടെയുള്ള ഒന്നാം നില തകരുകയും ചെയ്തു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞിരുന്ന രോഗികളെ അതീവ ഗുരുതരാവസ്ഥയിലാണ് ജീവനക്കാർ ഇവിടെ നിന്നും മാറ്റിയത്. എന്നാൽ, വലിയ നാശനഷ്ടങ്ങൾക്കിടയിലും ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഡോക്ടർമാരും നഴ്സുമാരും തയാറായിട്ടില്ല. ആക്രമണം നടന്ന ദിവസം തന്നെ രണ്ട് പ്രസവങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായും പരിക്കേറ്റവർക്ക് തുടർന്നും ചികിത്സ നൽകുമെന്നും ആശുപത്രി ഡയറക്ടർ വാൽ മ്രൂവെ വ്യക്തമാക്കി.

യുദ്ധ പശ്ചാത്തലത്തിൽ ദക്ഷിണ ലബനാനിൽ അവശേഷിക്കുന്ന ചുരുക്കം ചില ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയാണ് ഇപ്പോൾ ആക്രമണം നടക്കുന്നത്. ഇത് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതിന് തുല്യമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ചൂണ്ടിക്കാട്ടി. ടൈറിലെ മൂന്നാമത്തെ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും പരിക്കേറ്റ രോഗികളുടെ തിരക്ക് കാരണം ഇവിടുത്തെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്.

ലബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മാർച്ച് 2ന് ഹിസ്ബുല്ല-ഇസ്രായേൽ പോരാട്ടം ആരംഭിച്ചതു മുതൽ ഇതുവരെ 130ലധികം ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുകയും 162 ആംബുലൻസുകളും ആരോഗ്യ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഒരു ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് അടിയന്തര രക്ഷാപ്രവർത്തകർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ടയറിലെ ജബൽ ആമൽ ആശുപത്രിക്ക് പുറത്തുള്ള കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ നിലയിൽ. ഫോട്ടോ: Adri Salido/Getty Images

ടൈറിലെ ഹിസ്ബുല്ലയുടെ താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും ആശുപത്രിയെ മനഃപൂർവ്വം ആക്രമിച്ചതല്ലെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. ഹിസ്ബുല്ല ആശുപത്രികൾ താവളമാക്കുന്നുവെന്നും പരിക്കേറ്റ പോരാളികളെ ചികിത്സിക്കുന്നുവെന്നും ഇസ്രായേൽ ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. റെഡ് ക്രോസ് പ്രതിനിധികളുടെയും ലബനീസ് സൈന്യത്തിന്റെയും സാന്നിധ്യമുള്ള ആശുപത്രികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളെ ന്യായീകരിക്കാനാണ് ഇത്തരം കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ദക്ഷിണ ലബനാനിലെ ജനജീവിതം പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ കേന്ദ്രങ്ങളെ ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന് മനുഷ്യാവകാശ വിദഗ്ധർ വിലയിരുത്തുന്നു.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ വധത്തിന് പ്രതികാരമായി മാർച്ച് 2നാണ് ഹിസ്ബുല്ല ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം ആരംഭിച്ചത്. ഏപ്രിൽ 17ന് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടെങ്കിലും ബൈറൂത്തിന് പുറത്തുള്ള മേഖലകളിൽ ഇപ്പോഴും രൂക്ഷമായ പോരാട്ടം തുടരുകയാണ്. മാർച്ച് 2ന് ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ ലബനാനിൽ ഇതുവരെ 3,500ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഹിസ്ബുല്ലയുടെ തിരിച്ചടിയിൽ 21 ഇസ്രായേൽ സൈനികരും രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടു.

Tags:    
News Summary - Israeli attacks on three hospitals in southern Lebanon within a week; nine dead, many injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.