ആണവോൽപ്പാദനം ഇരട്ടിയാക്കിയെന്ന് ഉത്തരകൊറിയ; പുതിയ ആണവ കേന്ദ്രം കിം ജോങ് ഉൻ സന്ദർശിച്ചു

പ്യോങ്യാങ്: അമേരിക്കൻ ഉപരോധങ്ങളെയും അന്താരാഷ്ട്ര സമ്മർദങ്ങളെയും അവഗണിച്ച് ഉത്തരകൊറിയ ആണവായുധ ശേഖരം വൻതോതിൽ വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി നിർമിച്ച ആണവ സാമഗ്രികളുടെ ഉൽപ്പാദന കേന്ദ്രം ഭരണാധികാരി കിം ജോങ് ഉൻ സന്ദർശിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തിന്റെ ആണവ സാമഗ്രികളുടെ ഉൽപ്പാദന ശേഷി ഇരട്ടിയിലധികമായി വർധിച്ചതായി സന്ദർശന വേളയിൽ കിം പറഞ്ഞു.

ബുധനാഴ്ചയാണ് കിം ജോങ് ഉൻ പുതിയ ആണവ ഉൽപ്പാദന ഫാക്ടറി സന്ദർശിച്ചതെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. എന്നാൽ സുരക്ഷ കാരണങ്ങളാൽ ഈ കേന്ദ്രം എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആണവ ശേഷി ഗുണപരമായും അളവ് പരമായും കൂടുതൽ വേഗത്തിൽ ശക്തിപ്പെടുത്തുന്നതിനുള്ള 'പ്രവർത്തന മാർഗനിർദ്ദേശങ്ങൾ' കിം ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

മിഡിലീസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം. സമാധാന ശ്രമങ്ങൾക്ക് മുൻഗണന നൽകാൻ ഏഷ്യ-പസഫിക് മേഖലയിൽനിന്ന് യു.എസ് തങ്ങളുടെ സൈനിക ആസ്തികൾ ഭാഗികമായി മാറ്റിയിരുന്നു. ഇറാന്റെ ആണവ മോഹങ്ങൾക്ക് തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ, തങ്ങൾ ഇതിനകം തന്നെ ഒരു പൂർണ ആണവായുധ രാഷ്ട്രമാണെന്ന് ലോകത്തിന് മുന്നിൽ ഉറപ്പിച്ചു പറയാനാണ് ഉത്തരകൊറിയ ശ്രമിക്കുന്നതെന്ന് ഉത്തര കൊറിയൻ നിരീക്ഷകൻ പറഞ്ഞു.

ഡോണൾഡ് ട്രംപ് തന്റെ ആദ്യ പ്രസിഡന്റ് കാലാവധിയിൽ കിം ജോങ് ഉന്നുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും, ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ ഉത്തരകൊറിയയെ പ്രേരിപ്പിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഉത്തരകൊറിയ തങ്ങളുടെ പ്രധാന ആണവ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ തീവ്രമാക്കിയതായും ആയുധ നിർമാണ ശേഷി ഗണ്യമായി വർധിപ്പിച്ചതായും അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയും ഈ വർഷം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു.

2019ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്യോങ്യാങ് സന്ദർശിച്ചപ്പോൾ അമേരിക്കയുമായുള്ള ആണവ ചർച്ചകളിൽ പുരോഗതിയുണ്ടാക്കാൻ കിമ്മിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതും പരാജയപ്പെടുകയാണുണ്ടായത്.

Tags:    
News Summary - North Korea doubles nuclear production; Kim Jong Un visits new nuclear facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.