ഇസ്രായേലിലേക്ക് നിയമവിരുദ്ധമായി ആയുധങ്ങൾ കടത്തിയ ഫെഡ്എക്‌സിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ രംഗത്ത്

ബ്രസ്സൽസ്: ബെൽജിയം വഴി ഇസ്രായേലിലേക്ക് നിയമവിരുദ്ധമായി ആയുധങ്ങൾ കടത്തിയ ആഗോള കൊറിയർ ഭീമൻ ഫെഡ്എക്സ് ബെൽജിയത്തിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ നിയമനടപടിക്ക്. പ്രാദേശിക മനുഷ്യാവകാശ-സമാധാന കൂട്ടായ്മകളുമായി ചേർന്നാണ് ആംനസ്റ്റി ബെൽജിയത്തിലെ ലീഷ് പബ്ലിക് പ്രോസിക്യൂട്ടർക്ക് ക്രിമിനൽ പരാതി നൽകിയത്. ഫെഡ്എക്സ് ബെൽജിയം അനുബന്ധ കമ്പനിയായ ഫെഡ്എക്സ് യു.എസ്, പ്രാദേശിക അധികാരികൾ എന്നിവരിൽ നിന്ന് ആവശ്യമായ ട്രാൻസിറ്റ് ലൈസൻസ് നേടാതെയാണ് ആയുധങ്ങൾ കടത്തിയത്. ബെൽജിയൻ നിയമപ്രകാരം ലൈസൻസില്ലാതെ ആയുധങ്ങൾ കടത്തുന്നത് കടുത്ത ക്രിമിനൽ കുറ്റമാണ്. ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രായേൽ വ്യോമസേനയുടെ എഫ്-35 യുദ്ധവിമാനങ്ങളുടെ നിർണ്ണായക ഭാഗങ്ങളാണ് ഫെഡ്എക്സ് ഇത്തരത്തിൽ കടത്തിയത്. യു.എസിലെ ഹിൽ വ്യോമസേനാ താവളത്തിൽ നിന്ന് ഇസ്രായേലിലെ നെവാറ്റിം സൈനിക താവളത്തിലേക്ക് കൊണ്ടുപോയ ആയുധശേഖരമാണ് ഫെഡ്എക്സ് വിമാനം ബെൽജിയത്തിലെ ലീഷ് വിമാനത്താവളത്തിൽ ഇറക്കിയത്.

ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വ്യോമപാത മാറിയതിനാലാണ് ലീഷ് വഴി ചരക്കുകൾ കൊണ്ടുപോകേണ്ടി വന്നതെന്നാണ് ഫെഡെക്‌സിന്റെ വാദം. ഇവിടെയിറക്കിയ ആയുധങ്ങൾ പിന്നീട് റോഡ് മാർഗ്ഗം ജർമനിയിലെ കൊളോൺ വിമാനത്താവളത്തിൽ എത്തിച്ച ശേഷമാണ് ഇസ്രായേലിലേക്ക് കടത്തിയത്. ലീഷ് വിമാനത്താവളം വഴി മുമ്പും ഇത്തരത്തിൽ നിയമവിരുദ്ധമായി ആയുധങ്ങൾ കടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഗസ്സയിലെ കൂട്ടക്കുരുതിക്ക് ആയുധങ്ങൾ എത്തിക്കുന്നത് തടയാൻ ബെൽജിയം ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ആംനസ്റ്റി ബെൽജിയം ഡയറക്ടർ കാരിൻ തിബൗട്ട് വ്യക്തമാക്കി. ഫസ്തീനിലെ ഇസ്രായേലിന്റെ അധിനിവേശത്തിന് യാതൊരുവിധ സഹായവും ആരും നൽകരുതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ജനീവ കൺവെൻഷനും രാജ്യാന്തര കരാറുകളും ലംഘിച്ചാണ് പല രാജ്യങ്ങളും ലോക്ഹീഡ് മാർട്ടിൻ പോലുള്ള കമ്പനികളും ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത്. കോർപ്പറേറ്റ് ഭീമന്മാർ നിയമത്തിന് മുകളിലല്ലെന്നും നിയമലംഘനത്തിന് ഫെഡ് എക്‌സ് മറുപടി പറയണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - Amnesty International moves against FedEx over unlawful arms transit to Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.