തെൽ അവീവ്: ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കങ്ങളുടെ ആദ്യ ദിനത്തിൽ തന്നെ ഇസ്രായേലിന് വൻ തിരിച്ചടി നേരിട്ടതായി വെളിപ്പെടുത്തൽ. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ഇറാന്റെ അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈൽ തെൽ അവീവിലെ അതീവ രഹസ്യ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിൽ നേരിട്ട് പതിച്ചതായാണ് റിപ്പോർട്ട്. പ്രമുഖ നയതന്ത്ര-പ്രതിരോധ മാധ്യമമായ ‘സ്‌പൈടോക്ക്’ പ്രതിനിധി ജോനാഥൻ ബ്രോഡർ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ഇസ്രായേലിന്റെ കടുത്ത സൈനിക സെൻസർഷിപ്പ് ഭേദിച്ച് വിവരങ്ങൾ പുറത്തുവന്നത്.
ഫെബ്രുവരി 28-ന് തെൽ അവീവിലെ ജനവാസ മേഖലയായ ലെവ് ഹാ ഇർ എന്ന സ്ഥലത്തുണ്ടായ വൻ സ്ഫോടനത്തിൽ ഒരു ഫ്ലാറ്റ് സമുച്ചയം തകരുകയും ഒരു ഫിലിപ്പീൻസ് സ്വദേശിനി കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, സാധാരണ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടല്ല ഇറാൻ ആക്രമണം നടത്തിയതെന്നും, തകർന്ന ഫ്ലാറ്റിന് വെറും 50 അടി മാത്രം മാറിയുള്ള ഇസ്രായേൽ പ്രതിരോധ സേനയുടെ കണ്ണായ ‘യൂണിറ്റ് 9900’ന്റെ ആസ്ഥാനമാണ് ലക്ഷ്യമെന്നുമാണ് പുതിയ വെളിപ്പെടുത്തൽ.
എന്താണ് 'യൂണിറ്റ് 9900'?
ഇസ്രായേൽ പ്രതിരോധ സേനയുടെ (IDF) എല്ലാവിധ ആധുനിക സൈനിക നീക്കങ്ങൾക്കും തന്ത്രങ്ങൾ മെനയുന്നത് ‘നാഷണൽ ജിയോഡെറ്റിക് ഇൻസ്റ്റിറ്റ്യൂട്ട്’ എന്ന പേരിൽ ജനവാസ മേഖലയുടെ മറവിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിലാണ്. ഉപഗ്രഹങ്ങളും അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ച് ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് ശേഖരിക്കുക. യുദ്ധഭൂമിയുടെ കൃത്യമായ മാപ്പിങ്, ശത്രുതാവളങ്ങൾ കണ്ടെത്തൽ, ഗസ്സയിലും ലബനാനിലും ഇസ്രായേലി കമാൻഡോകൾക്ക് ആവശ്യമായ ത്രീഡി മാപ്പുകൾ നിർമിക്കൽ എന്നിവയാണ് ഈ യൂണിറ്റ് ചെയ്യുന്നത്. ഇത്രയും തന്ത്രപ്രധാനമായ കേന്ദ്രത്തിലാണ് ഇറാന്റെ മിസൈൽ കനത്ത നാശനഷ്ടം വിതച്ചത്.
ഇതിനുപുറമെ മാർച്ച് ഒന്നിന് ബെത് ഷെമേഷ് നഗരത്തിന് സമീപമുള്ള തെൽ അസേക്ക റിഡ്ജ് മിലിട്ടറി ബേസ്, ഏലാ വാലി സാറ്റലൈറ്റ് സ്റ്റേഷൻ എന്നിവയ്ക്ക് നേരെയും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. ഇസ്രായേലിന്റെ ഏറ്റവും സുരക്ഷിതമായ രഹസ്യ കോട്ടകളുടെ കൃത്യമായ ജി.പി.എസ് കോർഡിനേറ്റുകൾ ഇറാന് ചോർന്നു കിട്ടുന്നത് ഇസ്രായേൽ ഭരണകൂടത്തെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.