സന്തോഷവാർത്ത! ഇനി ഈ രാജ്യത്തും യു.പി.ഐ ഉപയോഗിക്കാം;വിനോദസഞ്ചാരികളികൾക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് എളുപ്പമാകുന്നു

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇനി കംബോഡിയയിലും യു.പി.ഐ വഴി തടസ്സമില്ലാത്ത പണമിടപാടുകൾ നടത്താം. ഇന്ത്യയിലെ നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എൻ.പി.സി.ഐ ഇന്റർനാഷണൽ, കംബോഡിയയിലെ അക്ലീഡ ബാങ്കുമായി ചേർന്ന് കംബോഡിയയിൽ യു.പി.ഐ സേവനം ഔദ്യോഗികമായി ആരംഭിച്ചു. ഇതോടെ യു.പി.ഐ സ്വീകരിക്കുന്ന ഒമ്പതാമത്തെ രാജ്യമായി കംബോഡിയ മാറി. നേരത്തെ സിംഗപ്പൂർ, യു.എ.ഇ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഈ സേവനം നിലവിലുണ്ട്.

കംബോഡിയയുടെ ദേശീയ ക്യുആർ കോഡ് സംവിധാനമായ 'കെ.എച്ച്.ക‍്യു.ആർ'വഴിയാണ് ഈ പേയ്‌മെന്റ് സംവിധാനം പ്രവർത്തിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കംബോഡിയയിലെ 45 ലക്ഷത്തിലധികം വ്യാപാരി കേന്ദ്രങ്ങളിൽ യു.പി.ഐ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പണമടയ്ക്കാൻ സാധിക്കും. കറൻസി എക്സ്ചേഞ്ചിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും വിദേശയാത്രകളിൽ പണമായി വലിയ തുക കയ്യിൽ കരുതുന്നത് ഒഴിവാക്കാനും ഈ സൗകര്യം സഹായിക്കും.

ഈ പദ്ധതിയുടെ ഭാഗമായി കംബോഡിയയിലെ വ്യാപാരികൾക്ക് വലിയൊരു വിഭാഗം ഇന്ത്യൻ വിനോദസഞ്ചാരികളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താനും തത്സമയ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാനും സാധിക്കും. ഭാവിയിൽ, കംബോഡിയൻ സഞ്ചാരികൾക്ക് ഇന്ത്യയിൽ വരുമ്പോൾ അവരുടെ സ്വന്തം ബാങ്കിങ് ആപ്പുകൾ ഉപയോഗിച്ച് ഇന്ത്യയിലെ യു.പി.ഐ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്ത് പണമടയ്ക്കാൻ കഴിയുന്ന രീതിയിൽ ഈ സംവിധാനം വിപുലീകരിക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ ഡിജിറ്റൽ കണക്റ്റിവിറ്റിയും സാമ്പത്തിക ബന്ധവും വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കും. ജൂൺ മൂന്നിന് നോംപെൻ വെച്ചാണ് ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

Tags:    
News Summary - Great news! UPI can now be used in this country too; digital payments become easier for tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.