തെൽ അവീവ്: യു.എസ് മധ്യസ്ഥതയിൽ ലബനാനുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഗുരുതരമായ തെറ്റാണെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ. കരാറിനെ ശക്തമായി അപലപിച്ച തീവ്രവലതുപക്ഷ മന്ത്രിയായ ബെൻ ഗ്വിർ, ലബനാൻ തലസ്ഥാനമായ ബൈറൂത്ത് ഹിസ്ബുല്ലയുടെ പങ്കാളിയാണെന്നും ആരോപിച്ചു.
"ഹിസ്ബുല്ല ഇപ്പോഴും ലിതാനി നദിക്ക് തെക്കുള്ള പ്രദേശങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ല. അവരെ അവിടെനിന്ന് നീക്കം ചെയ്യാൻ ലബനാൻ സൈന്യത്തിന് യാതൊരു ശേഷിയുമില്ല," ബെൻ ഗ്വിർ പറഞ്ഞു.
ലബനാൻ ഭരണകൂടത്തിൽ ഹിസ്ബുല്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിമാരുണ്ടെന്നും, ലബനീസ് സൈന്യത്തിൽ ഹിസ്ബുല്ല അംഗങ്ങളുടെ കുടുംബാംഗങ്ങൾ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കരാറിലൂടെ ഹിസ്ബുല്ല കൂടുതൽ ശക്തരാകുകയേ ഉള്ളൂവെന്നും, അവരെ പരാജയപ്പെടുത്തുന്നതിന് പകരം അവരുടെ നിലനിൽപ്പ് ഇസ്രായേൽ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ബെൻ ഗ്വിർ കൂട്ടിച്ചേർത്തു. അടിയന്തരമായി മന്ത്രിസഭാ യോഗം വിളിച്ച് വെടിനിർത്തലിൽ വോട്ടെടുപ്പ് നടത്തണമെന്നും ബെൻ ഗ്വിർ ആവശ്യപ്പെട്ടു.
വാഷിങ്ടണിൽ വെച്ച് നടന്ന നിർണായക ചർച്ചകൾക്കൊടുവിലാണ് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു വിഭാഗവും വെടിനിർത്തൽ അംഗീകരിച്ചത്.
ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ല ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് വെടിനിർത്തൽ നടപ്പിലാക്കുന്നത്. കൂടാതെ, തെക്കൻ ലിതാനി മേഖലയിൽ നിന്ന് തങ്ങളുടെ മുഴുവൻ സായുധരെയും ഹിസ്ബുല്ല പിൻവലിക്കണമെന്നും അമേരിക്കയുമായി ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇസ്രായേല്‍ വ്യക്തമാക്കുന്നുണ്ട്.
അമേരിക്കയുടെ മേൽനോട്ടത്തിൽ ഇരുരാജ്യങ്ങളും സംയുക്തമായി പൈലറ്റ് സോണുകൾ രൂപീകരിക്കും. ഈ മേഖലകളുടെ പൂർണ്ണമായ നിയന്ത്രണം ലബനാൻ സൈന്യത്തിന് മാത്രമായിരിക്കും. മറ്റ് സായുധ സംഘടനകൾക്കൊന്നും തന്നെ ഇവിടെ പ്രവേശനമുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
അതേസമയം, കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും അതിർത്തിയിൽ സംഘർഷം നിലനിന്നിരുന്നു. തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും ബൈറൂത്തിന് തെക്കുള്ള ഒരു വാഹനം ലക്ഷ്യമിട്ട് ആക്രമണം നടക്കുകയും ചെയ്തതായി ലബനാൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഹിസ്ബുല്ല തൊടുത്തുവിട്ട ഡ്രോൺ തങ്ങൾ തകർത്തതായി ഇസ്രായേലും അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.