കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ പറഞ്ഞുകേട്ടിരുന്ന പേരുകളിലൊന്നും പെടാതെ, നിശ്ശബ്ദനായി നിന്ന കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്ത് 267ാമത്തെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അമേരിക്കയിൽ ജനിച്ച, ദരിദ്ര രാഷ്ട്രമായ പെറുവിനെ തന്റെ കർമമണ്ഡലമാക്കിയ അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വേളയിൽ ലിയോ പതിമൂന്നാമൻ മാർപാപ്പയെ ഓർമവരുന്നു.
റേരും നൊവാരും എന്ന ചാക്രികലേഖനത്തിലൂടെ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ മുന്നിട്ടിറങ്ങിയ അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ട് നമ്മുടെ സഭക്ക് കിട്ടുന്ന വലിയ ഒരു ദാനമാണ് പുതിയ പാപ്പ. പെറുവിൽ ദരിദ്രരുടെ പക്ഷം ചേർന്ന്, അവരോടൊപ്പം ജീവിച്ച്, പാർശ്വവത്കൃതരുടെ വളർച്ചക്കു വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ദൈവശാസ്ത്രം പാവങ്ങളോടുള്ള പക്ഷംചേരലായിരിക്കും; അവഗണിക്കപ്പെട്ടവരിലേക്കും കഷ്ടപ്പെടുന്നവരിലേക്കും കടന്നുചെല്ലുന്നതായിരിക്കും.
വിശക്കുന്നവന് ഭക്ഷണം നൽകുക, ദാഹിക്കുന്നവർക്ക് വെള്ളം കൊടുക്കുക, പരദേശികളെ സ്വീകരിക്കുക, നഗ്നരെ ഉടുപ്പിക്കുക, രോഗികളെ ശുശ്രൂഷിക്കുക, കാരാഗൃഹവാസികളെ ചെന്നു കാണുക എന്നീ ആറു കാര്യങ്ങളാണ് സ്വർഗം കിട്ടാനുള്ള വഴി എന്ന യേശുവിന്റെ സുവിശേഷം ഉയർത്തിപ്പിടിക്കാനായി അദ്ദേഹം പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
അഗസ്തീനിയന്‍ സഭയുടെ സുപ്പീരിയർ ജനറൽ എന്ന നിലയിൽ നമ്മുടെ വരാപ്പുഴ, കോഴിക്കോട്, കൊച്ചി രൂപതകൾ സന്ദർശിച്ചിട്ടുള്ള, മലയാളി വൈദികരുമായി നിരന്തരം സംവദിക്കുന്ന ഈ മാർപാപ്പക്ക് കേരളവും മലയാളികളും പരിചിതമാണ്. മറ്റൊരു കാര്യം പ്രത്യേകമായി എടുത്തു പറയാനുള്ളത്, ഫ്രാൻസിസ് പാപ്പയാണ് അദ്ദേഹത്തെ 2023ൽ കർദിനാളായി നിയമിച്ചത്. ഫ്രാൻസിസ് പാപ്പയുടെ ശൈലി സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു വ്യക്തിത്വമായിരിക്കും പുതിയ പാപ്പ എന്നു ഞാൻ കരുതുന്നു.
ആഗോളതലത്തിലെ കത്തോലിക്കർ മാത്രമല്ല ലോകം മുഴുവൻ ആദരവോടെ, പ്രതീക്ഷയോടെ കാണുന്ന പദവിയാണിത്. ലോക മനഃസാക്ഷിയെ ഉണർത്താനും തിരുത്താനുമൊക്കെ കഴിയുന്ന സ്ഥാനമാണ് മാർപാപ്പയുടെത്. ഈ പദവിയിലിരുന്ന് ലോകത്തിൽ സമാധാനം ഉണ്ടാക്കാൻ, കാരുണ്യത്തിന്റെ ശബ്ദമാകാൻ സ്നേഹത്തിന്റെ വാതിലാകാനൊക്കെ പാപ്പക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ലബ്ധിയിൽ നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം, ആനന്ദിക്കാം... ഈ പാപ്പ ലോകത്തിന്റെ ശബ്ദമാകട്ടെ. ദൈവം സദാ അദ്ദേഹത്തിനൊപ്പം ഉണ്ടായിരിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.