പുതിയ ആയുധ മത്സരം: ഓപ്പറേഷൻ സിന്ദൂറിനുശേഷം ഡ്രോണുകളിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും

ന്യൂഡൽഹി: യു.എസ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് പോരാട്ടം അവസാനിച്ചെങ്കിലും ദക്ഷിണേഷ്യൻ ശക്തികളായ ഇന്ത്യയും പാകിസ്താനും ഇപ്പോൾ ഡ്രോൺ ആയുധ മത്സരത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ, വ്യവസായ എക്സിക്യൂട്ടിവുകൾ, വിശകലന വിദഗ്ധർ എന്നിവരുൾപ്പെടെയുള്ളവരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്താ ഏജൻസി ഇക്കാര്യം പുറത്തുവിട്ടത്.

പതിറ്റാണ്ടുകളായി നീണ്ടുനിന്ന ഏറ്റുമുട്ടലുകളിൽ ഇന്ത്യയും പാകിസ്താനും ഉയർന്ന നിലവാരമുള്ള യുദ്ധവിമാനങ്ങൾ, പരമ്പരാഗത മിസൈലുകൾ, പീരങ്കികൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, മെയ് മാസത്തിലെ നാലു ദിന പോരാട്ടം ന്യൂഡൽഹിയും ഇസ്‍ലാമാബാദും ആദ്യമായി ആളില്ലാ ആകാശ വാഹനങ്ങൾ (യു.എ.വി) പരസ്പരം വലിയ തോതിൽ ഉപയോഗിച്ചതായി അടയാളപ്പെടുത്തി.

തദ്ദേശീയ വ്യവസായങ്ങളിൽ ഇന്ത്യ വൻതോതിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നുവെന്നും അടുത്ത 12 മുതൽ 24 മാസത്തിനുള്ളിൽ യു.എ.വികൾക്കായി 470 മില്യൺ ഡോളർ വരെ ചെലവഴിക്കാൻ കഴിയുമെന്നും ‘ഡ്രോൺ ഫെഡറേഷൻ ഇന്ത്യ’യിലെ സ്മിത് ഷാ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇത് സംഘർഷത്തിന് മുമ്പുള്ളതിനേക്കാൾ മൂന്നിരട്ടിയോളമാണെന്നും 550ലധികം കമ്പനികളെ പ്രതിനിധീകരിക്കുന്ന സ്മിത് ഷാ പറഞ്ഞു.

ഇന്ത്യയിലെ പ്രതിരോധ സംഭരണം വർഷങ്ങളുടെ പ്രക്രിയകൾ ഉൾക്കൊള്ളുന്നതാണ്. എന്നാൽ, ഉദ്യോഗസ്ഥർ ഇപ്പോൾ അഭൂതപൂർവമായ വേഗതയിൽ പരീക്ഷണങ്ങൾക്കും പ്രകടനങ്ങൾക്കുമായി ഡ്രോൺ നിർമാതാക്കളെ സമീപിക്കുന്നുവെന്ന് ഇന്ത്യൻ യു.എ.വി സ്ഥാപനമായ ഐഡിയഫോർജ് ടെക്നോളജിയുടെ വൈസ് പ്രസിഡന്‍റ് വിശാൽ സക്സേനയും പറഞ്ഞു.

അതേസമയം, ഉയർന്ന നിലവാരമുള്ള വിമാനങ്ങളുടെ അപകടസാധ്യത ഒഴിവാക്കാൻ പാകിസ്താൻ വ്യോമസേന കൂടുതൽ യു.എ.വികൾ സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്ന് ഈ വിഷയവുമായി ബന്ധമുള്ള പാകിസ്താൻ വൃത്തങ്ങൾ പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ ഏറ്റുമുട്ടലുകളിൽ പാകിസ്താനും ഇന്ത്യയും അത്യാധുനിക തലമുറ 4.5 യുദ്ധവിമാനങ്ങൾ വിന്യസിച്ചു.

ആഭ്യന്തര ഡ്രോൺ ഗവേഷണവും ഉൽപാദന ശേഷിയും മെച്ചപ്പെടുത്തുന്നതിനായി ചൈനയുമായും തുർക്കിയുമായും സഹകരണം ശക്തമാക്കുന്നതിന് പാകിസ്താൻ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ ഇന്‍റലിജൻസ് സ്ഥാപനമായ ജെയ്ൻസിലെ ഒയിഷി മജുംദാർ പറയുന്നു. എന്നാൽ, തങ്ങളുടെ ചോദ്യങ്ങൾക്ക് പാക് സൈന്യം മറുപടി നൽകാൻ വിസമ്മതിച്ചതായി റോയിട്ടേഴ്‌സ് പറഞ്ഞു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും മറുപടി നൽകിയില്ല.

‘ഇന്ത്യയും പാകിസ്താനും ഡ്രോൺ ആക്രമണങ്ങളെ വലിയ തോതിലുള്ള സംഘർഷങ്ങളിൽ ഉടനടി പ്രകോപനം സൃഷ്ടിക്കാതെ സൈനിക സമ്മർദ്ദം ചെലുത്താനുള്ള ഒരു മാർഗമായി കാണുന്നു’വെന്ന് കിങ്സ് കോളജ് ലണ്ടനിലെ രാഷ്ട്രീയ ശാസ്ത്രജ്ഞൻ വാൾട്ടർ ലാഡ്‌വിഗ് നിരീക്ഷിച്ചു.

വിലകൂടിയ വിമാനങ്ങളെയോ പൈലറ്റുമാരെയോ അപകടത്തിലാക്കാതെ ഉദ്ദേശിക്കുന്ന ഫലങ്ങൾ നേടാൻ യു.എ.വികൾ സഹായിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ മത്സരാധിഷ്ഠിതമായതോ ജനസാന്ദ്രതയുള്ളതോ ആയ പ്രദേശങ്ങൾ ആക്രമിക്കാൻ രാജ്യങ്ങൾക്ക് യു.എ.വികൾ അയക്കാനാവുമെന്നും ലാഡ്‌വിഗ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - The new arms race: India, Pakistan to invest large sums in drones after Operation Sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.