ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ ജയിലിൽ നിന്ന് വിട്ടയച്ച ഫലസ്തീനികൾ ബസുകളിൽ ഖാൻ യൂനിസിൽ എത്തിയപ്പോൾ
തെൽ അവിവ്: രണ്ടുവർഷമായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ ഒന്നാംഘട്ട സമാധാന ഉടമ്പടിയിലെ പ്രധാന വ്യവസ്ഥയായ ബന്ദി മോചന നടപടികൾക്ക് തുടക്കമായി. ഗസ്സയിൽ ഹമാസ് തടവിലാക്കിയവരിൽ അവശേഷിച്ച 20 ഇസ്രായേൽ പൗരന്മാരെയും വിട്ടയച്ചു.
തിങ്കളാഴ്ച രണ്ട് ഘട്ടമായിട്ടായിരുന്നു ബന്ദി മോചനം. ഇസ്രായേൽ ജയിലുകളിലുള്ള 250 ഫലസ്തീനികളുടെ മോചനം സംബന്ധിച്ച നടപടി പുരോഗമിക്കുകയാണ്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരടക്കമുള്ള ഇവരുടെ മോചനം ചൊവ്വാഴ്ച ഉച്ചക്ക് മുമ്പുണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിടികൂടിയ രണ്ടായിരത്തോളം ഫലസ്തീനികളിൽ പലരെയും വിട്ടയച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ മണിക്കൂറുകൾ ശേഷിക്കവേയായിരുന്നു തടവുകാരുടെ കൈമാറ്റം.
ബന്ദി മോചനവും ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടും ഇസ്രായേൽ തലസ്ഥാനമായ തെൽ അവിവിൽ പ്രതിഷേധക്കാർ രൂപം നൽകിയ ‘ബന്ദി ചത്വര’ത്തിൽ തിങ്കളാഴ്ച രാവിലെതന്നെ ബന്ദികളുടെ മടങ്ങിവരവ് ആഘോഷിക്കാൻ 65,000ലധികം പേർ ഒത്തുചേർന്നിരുന്നു. പ്രാദേശിക സമയം രാവിലെ 8.15നാണ് തടവുകാരിൽ ആദ്യ ഏഴുപേരെ കൈമാറിയത്.
ഇതിനു മുന്നോടിയായി, ഇവർക്ക് കുടുംബവുമായി വിഡിയോ കാൾ ചെയ്യാൻ ഹമാസ് അവസരമൊരുക്കിയിരുന്നു. ഈ വിഡിയോ കാൾ ദൃശ്യങ്ങൾ ബന്ദി ചത്വരത്തിൽ പ്രദർശിപ്പിച്ച് മിനിറ്റുകൾക്കു ശേഷമായിരുന്നു മോചനം. മൂന്നുമണിക്കൂറിനുള്ളിൽ ബാക്കിയുള്ള 13 പേരെയും വിട്ടയച്ചു. ബന്ദികളിൽ മരണപ്പെട്ട 28 പേരിൽ നാലുപേരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കൈമാറിയത്. ശേഷിക്കുന്നവ ഉടൻ വിട്ടുനൽകും.
ഗസ്സയിൽ നിന്ന് പിടികൂടിയവരെ റാമല്ല ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ജയിലിനുപുറത്ത് ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. എന്നാൽ, മോചനം ആഘോഷിക്കാൻ അനുവദിക്കില്ലെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.