സെലൻസ്കിയെ വധിക്കാൻ കൂലിപ്പട്ടാളത്തെ ഇറക്കി റഷ്യ; 'ദി വാഗ്നർ ഗ്രൂപ്പ്' യുക്രെയ്നിൽ

യുക്രെയ്ൻ അധിനിവേശം പൂർത്തിയാക്കാൻ എല്ലാ യുദ്ധ നിയമങ്ങളും കാറ്റിൽ പറത്തിയാണ് റഷ്യൻ മു​ന്നേറ്റം എന്ന് റിപ്പോർട്ടുകൾ. യുക്രെയ്ൻ തലസ്ഥാനമായ കിയവ് യുദ്ധം തുടങ്ങി ആറ് ദിവസമായിട്ടും കീഴടക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വകാര്യ സായുധ സംഘത്തെ കളത്തിലിറക്കി യുക്രെയ്ൻ പ്രസിഡന്റിനെ തന്നെ വകവരുത്താനുള്ള ഒരുക്കത്തിലാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നാണ് റിപ്പോർട്ടുകൾ.

പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെയും മന്ത്രിമാരെയും വധിച്ച് യുക്രെയ്ന്റെ അധികാരം പിടിക്കാനായി റഷ്യ നാനൂറിലേറെ കൂലിപ്പട്ടാളക്കാരെ ഇറക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുടിന്റെ അടുത്ത സുഹൃത്ത് നടത്തുന്ന സ്വകാര്യ സായുധ സംഘമായ 'ദ വാഗ്‌നർ ഗ്രൂപ്പാ'ണ് ഇതിന് സന്നദ്ധമായി രംഗത്തെത്തിയിരിക്കുന്നതെന്നും പറയുന്നു.

2,000 മുതൽ 4,000 വരെ കൂലിപ്പടയാളികൾ ഉള്ള ഗ്രൂപ്പാണ് 'ദ വാഗ്‌നർ ഗ്രൂപ്പ്'. പുടിന്റെ സുഹൃത്തായ യെവ്ജെനി പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സംഘമെന്ന് റിപ്പോർട്ട്. ശനിയാഴ്ച രാവിലെയാണ് യുക്രെയ്ൻ സർക്കാരിന് ഇതേക്കുറിച്ച്‌ വിവരം കിട്ടിയത്. അതിനാലാണ് കിയവിൽ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയത്.

റഷ്യൻ കൂലിപ്പടയെ ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശ്യം. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്ന ആരെയും റഷ്യൻ ഏജന്റായി കണ്ട് ഉടൻ വെടിവെക്കുമെന്ന് മുന്നറിയിപ്പു നൽകിയതും ഇതിനാണെന്ന് റിപ്പോർട്ട് പറയുന്നു. സെലൻസ്കി ഉൾപടെ 32 മുതിർന്ന യുക്രെയ്ൻ നേതാക്കളെ വധിക്കാനായാണ് സംഘം എത്തിയതെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Tags:    
News Summary - The Kremlin ordered 400 Russian mercenaries in Kyiv to hunt and kill Ukraine's president, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.