മ‍ുജ്തബ ഖാംനഈ സുരക്ഷിതൻ; അഭ്യൂഹങ്ങൾ തള്ളി ഇറാൻ

ഇസ്രായേൽ-അമേരിക്കൻ സഖ്യവുമായുള്ള യുദ്ധത്തിനിടയിൽ മ‍ുജ്തബ ഖാംനഈക്ക് പരിക്കേറ്റെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ മകനും സർക്കാർ ഉപദേശകനുമായ യൂസഫ് പെസെഷ്കിയാൻ. തന്റെ ടെലിഗ്രാം ചാനലിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.

"മ‍ുജ്തബ ഖാംനഈക്ക് പരിക്കേറ്റെന്ന വാർത്തകൾ ഞാൻ കേട്ടിരുന്നു. ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സംസാരിച്ചതിൽ നിന്നും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും സുരക്ഷിതനാണെന്നും മനസ്സിലാക്കാൻ സാധിച്ചു," യൂസഫ് പെസെഷ്കിയാൻ കുറിച്ചു. യുദ്ധത്തിൽ ഖാംനഈക്ക് പരിക്കേറ്റതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പരിക്കിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിരുന്നില്ല.

യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷ്യം വരിച്ച് ഒരാഴ്ചക്ക് ശേഷമാണ് മകൻ മ‍ുജ്തബ ഖാംനഈയെ തെരഞ്ഞെടുത്തത്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ശക്തമായ പിന്തുണയോടെയാണ് മ‍ുജ്തബ ഖാംനഈ പരമോന്നത നേതാവായി നിയമിതനായത്.

ആയത്തുല്ല അ‌ലി ഖാംനഈക്കൊപ്പമാണ് മ‍ുജ്തബ ഖാംനഈയും കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ താമസസ്ഥലത്തിന് നേരെ നടത്തിയ ആക്രമണത്തിൽ മ‍ുജ്തബയുടെ ഭാര്യയും ഒരു മകനും കൊല്ലപ്പെട്ടിരുന്നു. എന്നാൽ മ‍ുജ്തബയെ പരമോന്നത നേതാവായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. യുദ്ധം 12-ാം ദിവസത്തേക്ക് കടക്കുമ്പോൾ ഇറാൻ പര​മോന്നത നേതാവ് മ‍ുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയയും രംഗത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Mojtaba Khamenei Not Injured, Says Iranian President’s Son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.