വാഷിങ്ടൺ: വാഷിങ്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു. പ്രതിയായ കോൾ തോമസ് അല്ലൻ തിങ്കളാഴ്ച കോടതിയിൽ ഹാജരായപ്പോഴാണ് അഭിഭാഷകൻ മുഖേന കുറ്റം നിഷേധിച്ചത്.
ഏപ്രിൽ 25ന് വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വിരുന്നിനിടെയായിരുന്നു വധശ്രമം നടന്നത്. അമേരിക്കൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിക്കുക, ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിക്കുക, നിയമവിരുദ്ധമായി ആയുധം കൈവശം വെക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അല്ലനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിൽ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം.
കാലിഫോർണിയയിൽനിന്ന് ട്രെയിൻ മാർഗം ചിക്കാഗോ വഴി വാഷിങ്ടണിലെത്തിയ പ്രതി, വിരുന്ന് നടന്ന ഹോട്ടലിൽ അതിഥിയായി നേരത്തെ മുറിയെടുത്തിരുന്നു. പരിപാടി നടന്നുകൊണ്ടിരിക്കെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് മുന്നേറാൻ ശ്രമിച്ച ഇയാളെ രഹസ്യാന്വേഷണ വിഭാഗം സാഹസികമായി കീഴടക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് തോക്കുകളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിരുന്നു. കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ഇയാൾ ബന്ധുക്കൾക്ക് അയച്ച ഒരു കുറിപ്പും എഫ്.ബി.ഐ കോടതിയിൽ ഹാജരാക്കി. ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് താൻ എത്തിയതെന്ന് ഈ കുറിപ്പിൽ ഇയാൾ പറയുന്നുണ്ട്.
പ്രസിഡന്റ് ട്രംപിന് പുറമെ മുതിർന്ന ഉദ്യോഗസ്ഥരും രണ്ടായിരത്തഞ്ഞൂറോളം മാധ്യമപ്രവർത്തകരും പങ്കെടുത്ത വിരുന്നിനിടെയാണ് ആക്രമണം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ വെടിയുതിർത്തെങ്കിലും അത്ഭുതകരമായാണ് വൻ ദുരന്തം ഒഴിവായത്. പ്രതി കുറ്റം നിഷേധിച്ചതോടെ കേസിൽ വിപുലമായ വിചാരണ നടക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.