സ്വന്തം രാജ്യത്തിന്റെ ജനാധിപത്യത്തിനും സ്വാതന്ത്രത്തിനും വേണ്ടി വാദിച്ചതിന് ചൈനീസ് ഭരണകൂടത്തിന്റെ മുഖ്യ ശത്രുവായിരിക്കുകയാണ് 'ക്ലോയി ച്യൂങ്' എന്ന 19കാരി. രാജ്യത്തിന്റെ വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ച്യൂങിന്റെ തലക്ക് 1 മില്യൺ ഹോങ്കോങ് യുവാൻ വിലയിട്ടിരിക്കുന്നത്. ഇന്ത്യൻ രൂപ ഏകദേശം 8.36 കോടി രൂപയോളം വരും.
ഹോങ്കോങിലാണ് ക്ലോയി ജനിച്ചു വളർന്നത്. ബ്രിട്ടീഷ് കോളനിയായിരുന്ന ഇവിടെ 1997 ജൂലൈ 1നാണ് സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ചത്. പക്ഷേ ചൈനയുടെ തൊട്ടടുത്ത പ്രദേശമായത് കൊണ്ട് തന്നെ സ്വാതന്ത്രത്തിന്റെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്ന് മാത്രമല്ല ഹോങ്കോങ്ങിന്റെ ആഭ്യന്തര കാര്യങ്ങളിൽ വരെ ചൈന കടന്നുകയറിയിരുന്നു. 1997ലെ കരാർ പ്രകാരം 2047 വരെ ഹോങ്കോങിന് സ്വയംഭരണാനുമതിയുണ്ട്. എന്നാൽ ഈ കരാർ അംഗീകരിക്കാൻ ചൈന തയ്യാറല്ല. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെല്ലാം ചൈനീസ് സർക്കാർ അടിച്ചമർത്തി.
ഇത്തരത്തിൽ അഞ്ച് വർഷം മുമ്പ് നടന്ന ഒരു പ്രതിഷേധത്തിലാണ് ചൈനീസ് ഭരണകൂടം അഞ്ച് പേർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വാറന്റ് ലഭിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ക്ലോയി. 2019ൽ ഹോങ്കോങിൽ നടന്ന ഒരു വലിയ പ്രധിഷേധത്തിലാണ് ക്ലോയി ആദ്യമായി പങ്കെടുക്കുന്നത്. ചൈനീസ് ഭരണം രാജ്യ വ്യാപകമായി നടപ്പാക്കാനുള്ള അനുമതി നൽകുന്ന ബില്ലിനെതിരെ ആയിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ വളരെ മോശമായ രീതിയിലാണ് പൊലീസ് നേരിട്ടത്. അന്നാദ്യമായി തന്റെ പ്രവർത്തികളുടെ ഏകദേശ ധാരണ ക്ലോയിക്ക് മനസ്സിലായി. അതോടെ രാഷ്ട്രീയത്തിലെ പ്രാധാന്യം മനസ്സിലാക്കി സധൈര്യം ചൈനീസ് ഭരണകൂടത്തെ നേരിടുകയാണുണ്ടായത്.
ഭരണകൂട നടപടികൾ കടുത്തതോടെ, 2021ൽ ഹോങ്കോങ്‌കാർക്കുള്ള പ്രത്യേക വിസയിൽ ക്ലോയിയും കുടുംബവും യു.കെയിലേക്ക് താമസം മാറ്റി. 2023ലെ ക്രിസ്മസ് തലേന്നാണ് ചൈനീസ് സർക്കാർ ക്ലോയി ഉൾപ്പെടെയുള്ള 'വാണ്ടഡ് ക്രിമിനലു'കളുടെ പട്ടിക പുറത്ത് വിടുന്നത്. ക്ലോയിയുടെ പുതിയ ഫോട്ടോയൊന്നും ലഭ്യമല്ലാത്തതിനാൽ സ്കൂൾ റെക്കോർഡിലുള്ള 11ാം വയസ്സിലെ ഫോട്ടോയാണ് അധികൃതർ നോട്ടീസിൽ ഒട്ടിച്ചത്.
2020ൽ നാഷണൽ സെക്യൂരിറ്റി ബിൽ ബെയ്ജിങ് പാസാക്കി, ചൈനീസ് സർക്കാർ ഹോങ്കോങിന് മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രീയ കൂട്ടായ്മകൾ രാജ്യത്ത് നിരോധിച്ചു. പത്ര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് പൂട്ട് വീണു. സർക്കാരിനെതിരെ ആർക്കും പ്രതികരിക്കാൻ അധികാരമുണ്ടായിരുന്നില്ല. മുതിർന്ന, ബ്രിട്ടീഷ് പൗരനും ബിസിനസുകാരനുമായ ജിമ്മി ലെയ്യെ പോലുള്ളവർ കടുത്ത വിചാരണ നേരിട്ട. ഒടുവിൽ ജയിലിലായി. അതോടെ സമരങ്ങൾക്ക് മുമ്പിലുണ്ടായ ക്ലോയിയും അധികൃതരുടെ നോട്ടപ്പുള്ളിയായി മാറി.
അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ഈ പ്രധിഷേധങ്ങൾക്ക് പിന്നാലെയാണ് ഹോങ്കോങ്‌കർക്കായി യു.കെ തങ്ങളുടെ ആശ്വാസ കരങ്ങൾ തുറന്നത്. ബ്രിട്ടീഷ് നാഷണൽ ഓവർസീസ് (ബി.എൻ.ഒ) വിസ എന്ന പേരിൽ അവർക്കായി പ്രത്യേക വിസ പദ്ധതിയും യു.കെ രൂപപ്പെടുത്തി. ഈ പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളായിരുന്നു ക്ലോയിയും കുടുംബവും. ഇംഗ്ലണ്ടിലെ ലീഡ്‌സിൽ താമസമാക്കിയ ക്ലോയി മുടങ്ങിയ പഠനവും പുനരാംഭിച്ചു.
ബ്രിട്ടനിലെത്തിയ ക്ലോയി തന്റെ പോരാട്ടം അവസാനിപ്പിച്ചില്ല. ജനാതിപത്യം പുനഃസ്ഥാപിക്കാൻ ബ്ലോഗ്ഗുകളെഴുതി ഹോങ്കോങ്‌കാർക്ക് പ്രചോദനമായി. തുടക്കത്തിലെ ബുദ്ധിമുട്ടുകളെല്ലാം തരണം ചെയ്ത് ജീവിതം മുന്നോട്ട് പോകുമ്പോഴാണ് ക്ലോയിയെ പിടികൂടി ഏൽപ്പിക്കുന്നവർക്ക് ചൈനീസ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന വാർത്ത ക്ലോയി കേൾക്കുന്നത്. വിദേശത്തുള്ള കുറ്റവാളികളെ പിടികൂടാൻ പ്രത്യേക നിയമമുള്ള ചൈന, യു.കെ പൗരന്മാരിലേക്കും പാരിതോഷികം നീട്ടി.
അറസ്റ്റ് വാറന്റിൽ ആദ്യമൊക്കെ പേടിയുണ്ടായിരുന്നെങ്കിലും ഇപ്പോഴതുമായി ക്ലോയി പൊരുത്തപ്പെട്ട് കഴിഞ്ഞു. എന്നാൽ ചൈനയുമായി യു.കെക്കുള്ള പുതിയ സമീപനം തിരിച്ചടിയാകുമോ എന്ന ആശങ്ക ക്ലോയിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.