‘അമേരിക്കയിലെ ജോലി അമേരിക്കക്കാർക്ക്’; എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിച്ച് ടെക്സാസ്

ടെക്സാസ്: സർക്കാർ ഏജൻസികളിലും സർവകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ ടെക്സാസ് ഗവർണർ നിർദേശിച്ചു. അമേരിക്കൻ പൗരരായ തൊഴിലാളികളെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് ടെക്സാസ് ഗവർണറായ ഗ്രെഗ് അബോട്ട് നിർദേശത്തേക്കുറിച്ച് വിശദമാക്കുന്നത്. അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയാണ് 2027 മെയ് 31 വരെ പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാനാണ് റിപ്പബ്ലിക്കൻ ഗവർണർ നിർദേശിച്ചിരിക്കുന്നത്. ഫെഡറൽ പ്രോഗ്രാമിലെ ദുരുപയോഗങ്ങൾ തടയുന്നതിനും അമേരിക്കക്കാർക്ക് അവസരം ലഭിക്കുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ, സർവകലാശാലകൾ, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ പരിശോധന നടത്തിയതിന് പിന്നാലzയാണ് നിർദേശം. ടെക്സസ് സമ്പദ്‌വ്യവസ്ഥ ടെക്സസിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രയോജനകരമാകണമെന്ന് ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നു. യോഗ്യരായ അമേരിക്കൻ തൊഴിലാളികളെ നിയമിക്കുന്നതിന് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്താതെ വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിന് നിയമിക്കാൻ ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് അബോട്ട് ആരോപിക്കുന്നത്.

ചില സന്ദർഭങ്ങളിൽ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി ജീവനക്കാരെ നിയമിക്കുന്നതായും ഗ്രെഗ് അബോട്ട് ചൂണ്ടിക്കാട്ടി. തീരുമാനത്തിന് പിന്നാലെ ഗവർണർ നിയമിച്ച മേധാവികളുള്ള സർക്കാർ ഏജൻസികൾക്കോ പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ ടെക്സസ് വർക്ക്ഫോഴ്സ് കമീഷന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ പുതിയ എച്ച്-1ബി അപേക്ഷകൾ നൽകാൻ സാധിക്കില്ല. ഗവർണറുടെ നിർദേശം പാലിക്കേണ്ടതായ എല്ലാ ഏജൻസികളും സർവകലാശാലകളും 2026 മാർച്ച് 27നകം 2025ൽ സമർപ്പിച്ച അപേക്ഷകൾ, നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, തൊഴിൽ തരം, വിദേശികളെ നിയമിക്കുന്നതിന് മുമ്പ് പ്രാദേശിക തൊഴിലാളികളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ എന്നിവ വ്യക്തമാക്കി വിശദ റിപ്പോർട്ട് സമർപ്പിക്കണം.

പ്രത്യേക വൈദഗ്ധ്യമുള്ള തസ്തികകളിലേക്ക് പ്രാദേശികമായി ആളുകളെ ലഭിക്കാതെ വരുമ്പോൾ സർവകലാശാലകളും സ്കൂളുകളും എച്ച്-1ബി വിസയെ ആശ്രയിക്കാറുണ്ട്. എന്നാൽ ഇത് അമേരിക്കൻ തൊഴിലാളികൾക്ക് പകരമാകരുത് എന്നാണ് ടെക്സാസ് ഗവർണറുടെ നിലപാട്. ട്രംപ് ഭരണകൂടം എച്ച്-1ബി നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പുതിയ അപേക്ഷകർക്ക് ഒരുലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയിരുന്നു. 2024ൽ ആകെ അനുവദിച്ച എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യൻ പൗരർക്കായിരുന്നു. എന്നാൽ 2025ലെ കണക്കുകൾ പ്രകാരം ഇന്ത്യൻ ഐ.ടി കമ്പനികൾക്കുള്ള വിസ അംഗീകാരങ്ങളിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Texas Halts New H-1B Visa Petitions At State Agencies, Universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.