വാഷിങ്‌ടൺ: അമേരിക്കയിലെ ടെക്സാസിൽ സ്വയംനിയന്ത്രിത സംവിധാനമായ 'ഓട്ടോപൈലറ്റ്' മോഡിൽ സഞ്ചരിച്ച ടെസ്‌ല കാർ നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറി വൃദ്ധ കൊല്ലപ്പെട്ടു. ടെക്സാസിലെ കാറ്റി മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. വീടിന്റെ മുൻമുറിയിൽ ഇരിക്കുകയായിരുന്ന മാർത്ത ആവില (76) എന്ന വൃദ്ധയാണ് മരിച്ചത്. കാർ ചുവരിലിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ എയർ ആംബുലൻസ് മാർഗ്ഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൈക്കൽ ബട്ട്‌ലർ എന്നയാൾ ഓടിച്ചിരുന്ന ടെസ്‌ല മോഡൽ 3 കാറാണ് അപകടമുണ്ടാക്കിയത്. വാഹനം ഓടിക്കുമ്പോൾ ഓട്ടോമേറ്റഡ് ഡ്രൈവിങ് അസിസ്റ്റൻസ് സംവിധാനം ഓൺ ആയിരുന്നുവെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു. അമിതവേഗതയിലെത്തിയ വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് മാറി വീടിന്റെ ഇഷ്ടികച്ചുവര് തകർത്ത് അകത്തേക്ക് തുളച്ചുകയറുകയായിരുന്നു. വലിയൊരു സ്ഫോടന ശബ്ദമാണ് കേട്ടതെന്ന് മാർത്തയുടെ മകൾ മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിൽ കാർ ഓടിച്ചിരുന്ന മൈക്കൽ ബട്ട്‌ലർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഡ്രൈവിങ് അസിസ്റ്റൻസ് സംവിധാനത്തിന്റെ പിഴവാണോ അപകടത്തിന് കാരണമെന്ന് കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.