ലണ്ടൻ: സിറ്റി സെന്ററിൽ നടന്ന ലിവർപൂൾ പ്രീമിയർ ലീഗ് കിരീടധാരണ പരേഡിനിടെ ആരാധകരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി 50 പേർക്ക് പരിക്ക്. 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടീമിന്റെ ഓപ്പൺ-ടോപ്പ് ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് സംഭവം. ആയിരക്കണക്കിന് ആരാധകർ തെരുവുകളിൽ ആഘോഷത്തിനായി അണിനിരന്നിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വാട്ടര്‍ സ്ട്രീറ്റിന് സമീപമാണ് സംഭവം. ഇടിച്ചിട്ട കാറിന്റെ ഡ്രൈവറെന്ന് കരുതപ്പെടുന്ന 53 വയസുകാരനായ ബ്രിട്ടീഷുകാരനാണ് അറസ്റ്റിലായത്.
കാര്‍ ആള്‍ക്കൂട്ടത്തെ ഇടിച്ച് അമിതവേഗത്തില്‍ മുന്നോട്ടുപായുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറിനടിയില്‍ കുടുങ്ങിയ ഒരു കുട്ടിയെ ഉള്‍പ്പെടെ രക്ഷപ്പെടുത്തിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ചീഫ് ഫയര്‍ ഓഫിസര്‍ വ്യക്തമാക്കി. സംഭവത്തെ തീവ്രവാദമായി കണക്കാക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റാരും അന്വേഷണ പരിധിയിലില്ലെന്നും മെഴ്‌സിസൈഡ് പൊലീസ് അറിയിച്ചു. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെര്‍ സ്റ്റാമറും ലിവര്‍പൂള്‍ ക്ലബ്ബും അപലപിച്ചു.
ലിവര്‍പൂളിന്റെ ഇരുപതാമത് പ്രീമിയര്‍ ലീഗ് കിരീടനേട്ടം ആഘോഷിക്കാനായി കനത്ത മഴയെ വകവെക്കാതെയാണ് ആരാധകര്‍ തെരുവില്‍ എത്തിയത്. മുഹമ്മദ് സലാ, വിര്‍ജില്‍ വാന്‍ഡെക്ക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അണിനിരന്ന പരേഡ് പത്ത് മൈലോളം നീണ്ടുനിന്നു. വഴിയിലുടനീളം ആരാധകര്‍ ചുവന്ന പുക പരത്തിയും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.