ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണവുമായും ഗസ്സ യുദ്ധവുമായും ബന്ധപ്പെട്ട് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. ഹമാസ് മിന്നലാക്രമണത്തിൽ ഇസ്രായേലിലെ 40 കുട്ടികളുടെ തലയറുത്തതായി പ്രചരിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഈ ആരോപണം ഉന്നയിച്ചു. ഇസ്രായേൽ കാണിച്ച ഫോട്ടോഗ്രാഫുകളായിരുന്നു ഇതിന്റെ അടിസ്ഥാനം. എന്നാൽ, ഇത് തെറ്റായ വിവരമാണെന്ന് വൈറ്റ് ഹൗസിനുതന്നെ പിന്നീട് തിരുത്തേണ്ടിവന്നു.
ഹമാസ് ആക്രമണത്തിൽ കത്തിക്കരിഞ്ഞതെന്ന് പറഞ്ഞ് ഒരു കുഞ്ഞിന്റെ മൃതദേഹ ചിത്രം ഇസ്രായേൽ പുറത്തുവിട്ടു. എന്നാൽ, ഇത് നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് ഐ.ഐ ഗവേഷക ടിന നിഖൂഖ കണ്ടെത്തി. ഇസ്രായേലി സൈനിക ഓഫിസർമാരും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പത്നി സാറ നെതന്യാഹു പോലും, പരിശോധിച്ചുറപ്പിക്കാത്ത കഥകൾ പ്രചരിപ്പിച്ചതായി ഇസ്രായേലി പത്രം ഹാരെറ്റ്സ് ഡിസംബർ നാലിന് റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിന് അനുകൂലമായി പ്രചരിച്ച വ്യാജ വിവരങ്ങളുടെ പ്രധാന ഉറവിടം ഇന്ത്യയായിരുന്നു. ഹമാസ് കൊച്ചുകുട്ടിയെ തട്ടിക്കൊണ്ടുപോയി, പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി തുടങ്ങി നിരവധി വാർത്തകൾ ഇന്ത്യയിലെ വലതുപക്ഷം പടച്ചുവിട്ടു. പതിറ്റാണ്ടുകൾ പഴക്കമുള്ള ദൃശ്യങ്ങളും സിനിമ ദൃശ്യങ്ങളും വരെ ഇതിനായി ഉപയോഗപ്പെടുത്തി.
2023 സെപ്റ്റംബറിൽ അസർബൈജാൻ സൈന്യം പിടികൂടിയ കമാൻഡർ നഗോർണോ കറാബാഖിന്റെ ചിത്രം ഹമാസ് പിടികൂടിയ ഇസ്രായേലി കമാൻഡർ എന്ന രീതിയിൽ പ്രചരിച്ചു. ഒക്ടോബർ 28ന് റിപ്പബ്ലിക്കൻ ജൂതസഖ്യത്തിൽ നടത്തിയ പ്രസംഗത്തിൽ, ഇസ്രായേൽ മെഡിക്കൽ സന്നദ്ധ സംഘടനയായ യുനൈറ്റ് ഹറ്റ്സലാഹിന്റെ സ്ഥാപകനായ എലി ബീർ ഹമാസ് ഒരു കുഞ്ഞിനെ ജീവനോടെ കത്തിച്ചതായി പറഞ്ഞു. ഒരു കോടിയിലേറെ ആളുകൾ എക്സിൽ ഇത് കണ്ടു. ഇസ്രായേലി സംഘടനയായ ‘സാക’ഇത് തെറ്റാണെന്ന് വ്യക്തമാക്കി.
ഒക്ടോബർ ഒമ്പതിന് ഗസ്സയിലെ സെന്റ് പോർഫിറിയസ് ചർച്ച് ഐ.ഡി.എഫ് നശിപ്പിച്ചതായി തെറ്റായ പ്രചാരണമുണ്ടായി. എന്നാൽ, ഒക്ടോബർ 19ന് ഇസ്രായേൽ സൈന്യം ശരിക്കും പള്ളി ആക്രമിച്ച് 18 സാധാരണക്കാരെ കൊലപ്പെടുത്തി.
ഗസ്സയിലെ ഇസ്രായേലിന്റെ സിവിലിയൻ കൂട്ടക്കുരുതിയുടെ വ്യാപ്തി കുറച്ചുകാണിക്കാൻ ശ്രമമുണ്ടായി. ഗസ്സക്കാർ പലതും പെരുപ്പിച്ച് കാണിക്കുകയും അഭിനയിക്കുകയുമാണെന്ന പ്രചാരണം ഇസ്രായേൽ നടത്തി. ‘പാലസ്തീൻ’, ‘ഹോളിവുഡ്’എന്നീ പദങ്ങളെ സംയോജിപ്പിച്ച് ‘പാലിവുഡ്’എന്ന പ്രയോഗംതന്നെ ഇതുമായി ബന്ധപ്പെട്ടുണ്ടായി. എന്നാൽ, ഗസ്സയിലെ യഥാർഥ ദുരിതത്തിന്റെ ആയിരത്തിലൊന്ന് പോലും പുറംലോകം കണ്ടിട്ടില്ലെന്നതാണ് വസ്തുത. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയും നിയന്ത്രണം ഏർപ്പെടുത്തിയും വൈദ്യുതി, ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചും വിവരങ്ങൾ പുറത്തുവരുന്നതിനെ ഇസ്രായേൽതന്നെ തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.