ഡ്യുവോലിംഗോ

ടാക്സി ഡ്രൈവറോട് മോശമായി പെരുമാറിയോ? ഡ്യുവോലിംഗോയിൽ ജോലി മറന്നേക്കൂ; സി.ഇ.ഒയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

പിറ്റ്സ്ബർഗ്: ഒരു ഉദ്യോഗാർഥിക്ക് ജോലി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇന്റർവ്യൂ ബോർഡ് മാത്രമല്ല, അവരെ എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യാൻ വരുന്ന ടാക്സി ഡ്രൈവർ കൂടിയാണെന്ന് വെളിപ്പെടുത്തി ഡ്യുവോലിംഗോ സഹസ്ഥാപകനും സി.ഇ.ഒയുമായ ലൂയിസ് വോൺ അൻ. ദി ബേൺഔട്ട്‌സ് എന്ന പോഡ്കാസ്റ്റിലാണ് അദ്ദേഹം ഈ രസകരമായ കാര്യം പങ്കുവെച്ചത്. ഔദ്യോഗിക ഇന്റർവ്യൂ തുടങ്ങുന്നതിന് മുമ്പ് തന്നെ ഡ്യുവോലിംഗോയുടെ നിയമന പ്രക്രിയ ആരംഭിക്കുമെന്നും ഡ്രൈവർമാരോടുള്ള ഉദ്യോഗാർഥികളുടെ പെരുമാറ്റം കമ്പനി ഗൗരവമായി നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് കമ്പനിയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ (CFO) തേടിയുള്ള അന്വേഷണത്തിനിടെയുണ്ടായ ഒരു അനുഭവം ലൂയിസ് പങ്കുവെച്ചു. ഏകദേശം ഒരു വർഷത്തോളം നീണ്ട തെരച്ചിലിനൊടുവിൽ മികച്ച യോഗ്യതയുള്ള ഒരാളെ കണ്ടെത്തി. പേപ്പറിലും ഇന്റർവ്യൂവിലും അദ്ദേഹം ഏവരെയും അത്ഭുതപ്പെടുത്തി. എന്നാൽ, എയർപോർട്ടിൽ നിന്ന് തന്നെ പിക്ക് ചെയ്ത ഡ്രൈവറോട് അദ്ദേഹം വളരെ മോശമായാണ് പെരുമാറിയതെന്ന് അറിഞ്ഞതോടെ കമ്പനി ആ നിയമനം വേണ്ടെന്ന് വെച്ചു.

‘ഡ്രൈവറോട് മോശമായി പെരുമാറുന്ന ഒരാൾ തന്റെ കീഴിൽ ജോലി ചെയ്യുന്നവരോടും അങ്ങനെ തന്നെയായിരിക്കും പെരുമാറുക. പലപ്പോഴും പ്രധാനപ്പെട്ട ഉത്തരങ്ങൾ ലഭിക്കുന്നത് ഇന്റർവ്യൂ റൂമിൽ വെച്ചല്ല, മറിച്ച് പ്രധാനപ്പെട്ട ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കരുതി നടത്തുന്ന യാത്രകൾക്കിടയിലായിരിക്കും’ ലൂയിസ് വോൺ അൻ പറഞ്ഞു.

സി.ഇ.ഒയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ സ്വഭാവം അളക്കാനുള്ള ഈ രീതിയെ ചിലർ സ്വാഗതം ചെയ്തപ്പോൾ, വലിയൊരു വിഭാഗം രൂക്ഷമായ വിമർശനവുമായാണ് രംഗത്തെത്തിയത്. അടുത്തിടെ ഡ്യുവോലിംഗോ നടത്തിയ പിരിച്ചുവിടലുകളും എ.ഐ സാങ്കേതികവിദ്യക്ക് നൽകുന്ന പ്രാധാന്യവുമാണ് വിമർശനത്തിന് ആധാരം. ‘മനുഷ്യരെ പിരിച്ചുവിട്ട് എ.ഐയെ നിയമിക്കുന്ന കമ്പനിയാണോ സഹാനുഭൂതിയെക്കുറിച്ച് സംസാരിക്കുന്നത്?’ എന്ന് പലരും ചോദിക്കുന്നു. എ.ഐക്ക് വേണ്ടി ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളും ഡ്രൈവർമാരോട് മോശമായി പെരുമാറിയവരാണോ എന്ന് ചിലർ പരിഹാസപൂർവ്വം ചോദിക്കുന്നു.

സഹാനുഭൂതിയും സാമൂഹിക നൈപുണ്യവും പഠിപ്പിക്കുന്നത് യന്ത്രങ്ങളല്ല, മറിച്ച് മനുഷ്യരായ അധ്യാപകരാണെന്നും അവരെ ഒഴിവാക്കി എ.ഐയിലേക്ക് മാറുന്ന സി.ഇ.ഒയുടെ നിലപാട് വൈരുദ്ധ്യമാണെന്നും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ കുറിച്ചു. സാങ്കേതിക മേഖലയിൽ തൊഴിൽ ലഭ്യത കുറയുകയും പിരിച്ചുവിടലുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ചർച്ച നടക്കുന്നത്. ഈ വർഷം മാത്രം ഏകദേശം 40,000ത്തിലധികം ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ കമ്പനികളുടെ ഇത്തരം തീരുമാനങ്ങൾ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

Tags:    
News Summary - Taxi drivers determine if candidates get hired’: Duolingo CEO reveals unusual hiring test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.