പ്രതീകാത്മ ചിത്രം

എന്തുകൊണ്ട് ചൈനീസ് യുവാക്കൾ തലസ്ഥാനം വിടുന്നു? ‘എസ്കേപ്പിങ് ബെയ്ജിങ്’ ചർച്ചയാകുമ്പോൾ...

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് കാലങ്ങളായി ജനങ്ങളുടെ പ്രധാന തൊഴിൽ-ജീവിത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. രാജഭരണകാലം മുതൽ ആധുനിക ചൈനയുടെ രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രം എന്ന നില വരെ, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടുന്ന ദശലക്ഷക്കണക്കിന് ആളുകളെ ഈ നഗരം ആകർഷിച്ചിട്ടുണ്ട്.

പണ്ട് കാലത്ത് പണ്ഡിതന്മാർ ഔദ്യോഗിക പരീക്ഷകൾക്കായി ഇവിടെ എത്തിയിരുന്നെങ്കിൽ, സമീപകാലത്തെ സാമ്പത്തിക വളർച്ചയുടെ ഘട്ടത്തിൽ ബിരുദധാരികളും സംരംഭകരും കുടിയേറ്റ തൊഴിലാളികളും അവസരങ്ങൾ തേടി കൂട്ടത്തോടെ ബെയ്ജിങ്ങിലേക്ക് എത്തിത്തുടങ്ങി. എന്നാൽ നിലവിൽ, ഈ നഗരത്തിലെ ജീവിതസാഹചര്യങ്ങളും തൊഴിൽ സ്വപ്നങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണ്.

അയൽ പ്രവിശ്യയായ ഹെബെയ്യിൽ ജനിച്ച്, തന്റെ 29-ാം വയസ്സിൽ ബെയ്ജിങ്ങിലെത്തിയ വാങ് ലെയ് എന്ന യുവാവിന്റെ കഥ ചൈനയിലെ ഇന്നത്തെ യുവതലമുറയുടെ പ്രതിഫലനമാണ്. കുട്ടിക്കാലത്ത് ആദ്യമായി ബെയ്ജിങ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കണ്ട കൂറ്റൻ ആകാശമുട്ടികളായ കെട്ടിടങ്ങൾ അവനെ മോഹിപ്പിച്ചിരുന്നു. വലുതാകുമ്പോൾ അതിന്റെ മുകളിൽ കയറി നിൽക്കുമെന്ന് അവൻ കൂട്ടുകാരനോട് വിളിച്ചുപറഞ്ഞു.

തന്റെ കഠിനാധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെ 2020ൽ അവൻ ബെയ്ജിങ്ങിലേക്ക് താമസം മാറി. അക്കാലത്ത് ചൈനയിൽ ഏറ്റവും കൂടുതൽ പണം കൊയ്യുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലാണ് അവൻ ജോലി കണ്ടെത്തിയത്. എന്നാൽ ആറ് വർഷങ്ങൾക്കിപ്പുറം, 2026ൽ ആ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞിരിക്കുന്നു. തന്നെ ഒരുകാലത്ത് മോഹിപ്പിച്ച ആ നഗരത്തിന് പുറത്താണ് തന്റെ ഭാവി എന്ന് വാങ് ഇപ്പോൾ വിശ്വസിക്കുന്നു.

ചൈനയുടെ സാമ്പത്തിക അത്ഭുതം കെട്ടിപ്പടുത്തത് മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഭ്യന്തര കുടിയേറ്റങ്ങളിലൂടെയാണ്. ലക്ഷക്കണക്കിന് ആളുകൾ ഗ്രാമങ്ങളും ചെറിയ നഗരങ്ങളും ഉപേക്ഷിച്ച് വളർന്നുവരുന്ന വലിയ നഗരങ്ങളിലേക്ക് ചേക്കേറി. 1990ൽ വെറും 11 ദശലക്ഷം (1.1 കോടി) മാത്രമായിരുന്ന ബെയ്ജിങ്ങിലെ ജനസംഖ്യ ഇന്ന് 22 ദശലക്ഷത്തോളമായി (2.2 കോടി) വർധിച്ചു. വിദൂര പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് ബെയ്ജിങ്ങിൽ ഒരു വിലാസമുണ്ടാകുന്നത് വലിയൊരു വിജയമായിട്ടാണ് കരുതിയിരുന്നത്.

എന്നാൽ സമീപവർഷങ്ങളിൽ ഈ ചിന്താഗതി മാറിമറിഞ്ഞു. ചൈനയുടെ അതിവേഗ സാമ്പത്തിക വളർച്ച കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൂണുകളിലൊന്നായ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ വൻ തകർച്ചയും, കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും ബിസിനസ്സ്-ഉപഭോക്തൃ മേഖലകളുടെ ആത്മവിശ്വാസം തകർത്തു.

തങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും വസ്തുവകകളിൽ നിക്ഷേപിച്ച കുടുംബങ്ങൾക്ക് വീടുകളുടെ വില ഇടിയുന്നത് നോക്കിനിൽക്കേണ്ടി വന്നു. ആളുകൾ പണം ചിലവഴിക്കുന്നത് കുറക്കുകയും ബിസിനസുകൾ വിപുലീകരണം നിർത്തുകയും ചെയ്തതോടെ തൊഴിൽ വിപണി കടുത്ത പ്രതിസന്ധിയിലായി.

റിയൽ എസ്റ്റേറ്റ് വിപണി തകർന്നതോടെ കടുത്ത മാനസിക സമ്മർദത്തിലായ വാങ് ലെയ് ജോലി രാജിവെച്ചു. ഇന്ന് സുഹൃത്തുക്കളോടൊപ്പം ഒരു ചെറിയ ബാർ നടത്തുന്ന അവൻ ഒരു ഫ്രീലാൻസറായി ജോലി ചെയ്യുന്നു. എങ്കിലും സാമ്പത്തിക സ്ഥിതി ഇപ്പോഴും കടുത്ത വെല്ലുവിളിയാണ്. വാടകയും മറ്റ് ജീവിതച്ചെലവുകളും കഴിഞ്ഞാൽ ഒന്നിനും തികയാത്ത അവസ്ഥയിലാണ് അവനും അവന്റെ കൂട്ടുകാരും.

നിലവിൽ ചൈനീസ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് #EscapingBeijing (ബെയ്ജിങ് വിടുക) എന്ന ഹാഷ്‌ടാഗ് ആണ്. ലക്ഷക്കണക്കിന് യുവാക്കളാണ് തലസ്ഥാന നഗരം ഉപേക്ഷിക്കാനുള്ള തങ്ങളുടെ തീരുമാനങ്ങൾ പങ്കുവെക്കുന്നത്. അമിതമായ വീട്ടുവാടക, കടുത്ത മത്സരം, കരിയറിലെ അനിശ്ചിതത്വം എന്നിവയാണ് പ്രധാന കാരണങ്ങൾ. വലിയ നഗരം വിട്ടുപോകുന്നത് പരാജയത്തിന്റെ ലക്ഷണമായി പണ്ടൊക്കെ കണക്കാക്കിയിരുന്നു എങ്കിലും ഇന്നത്തെ തലമുറ ആ ചിന്താഗതി മാറ്റുകയാണ്. വിജയത്തിന് വേണ്ടി നൽകേണ്ടി വരുന്ന വില വളരെ കൂടുതലാണെന്ന് അവർ തിരിച്ചറിയുന്നു.

വർഷങ്ങളായി ചൈനയിൽ നിലനിന്നിരുന്ന "996" തൊഴിൽ സംസ്കാരം (രാവിലെ 9 മുതൽ രാത്രി 9 വരെ, ആഴ്ചയിൽ 6 ദിവസം ജോലി) വലിയൊരു വിജയസൂത്രമായിട്ടാണ് അലിബാബ സ്ഥാപകൻ ജാക്ക് മാ ഉൾപ്പെടെയുള്ളവർ ഉയർത്തിക്കാട്ടിയിരുന്നത്. കഷ്ടപ്പാടുകൾ സഹിക്കുക അഥവാ 'ചി കു' എന്നത് ചൈനയിലെ പഴയ തലമുറയുടെ അഭിമാനമായിരുന്നു.

എന്നാൽ ഇന്നത്തെ മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും കടുത്ത മത്സരവും യുവാക്കളെ 'ടാംഗ് പിങ്' അഥവാ 'കിടന്നുറങ്ങുക' എന്ന പുതിയ പ്രതിഭാസത്തിലേക്ക് നയിച്ചു. കടുത്ത മത്സരങ്ങളിൽ നിന്നും കോർപ്പറേറ്റ് ഓട്ടങ്ങളിൽ നിന്നും പിന്മാറി, ഉയർന്ന ശമ്പളത്തിന് പുറകെ പോകാതെ, ലളിതമായ ജീവിതം തിരഞ്ഞെടുക്കുന്ന രീതിയാണിത്. ബെയ്ജിങ് വിട്ട് മറ്റ് ചെറിയ നഗരങ്ങളിലേക്ക് പോയ തന്റെ സുഹൃത്തുക്കൾ തന്നെക്കാൾ സന്തോഷവാന്മാരാണെന്ന് വാങ് ലെയ് തിരിച്ചറിയുന്നു. അവർക്ക് കടുത്ത സമ്മർദങ്ങളോ ആശങ്കകളോ ഇല്ല.

നഗരം വിടുക എന്നാൽ കഠിനാധ്വാനം ചെയ്യാൻ മടിക്കുക എന്നല്ല അർത്ഥമെന്നും, ഇന്നത്തെ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുക മാത്രമാണെന്നും വാങ് ലെയ് പറയുന്നു. ചൈനയിലെ വലിയ നഗരങ്ങളുടെ മുകളിൽ എത്തുന്നതായിരുന്നു പഴയ വിജയമെങ്കിൽ, സമാധാനത്തോടെ ശ്വാസമെടുക്കാൻ കഴിയുന്ന, സന്തുഷ്ടമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതാണ് ഇന്നത്തെ വിജയമെന്ന് ചൈനീസ് യുവാക്കൾ അടിവരയിടുന്നു.

Tags:    
News Summary - Why Young Chinese Are Quitting the Capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.