വിവാഹ മോചനം നേടിയ സ്ത്രീകൾ മുൻഭർത്താക്കൻമാരുടെ അടുത്തേക്ക് തിരിച്ചു പോകണം -ഉത്തരവിട്ട് താലിബാൻ

കാബൂൾ: അന്ന് ഭർത്താവിൽ നിന്ന് വിവാഹം വേർപെടുത്തി മക്കൾക്കൊപ്പം മറ്റൊരിടത്തേക്ക് പോകുമ്പോൾ മർവയുടെ മനസിൽ സമാധാനം ഉണ്ടായിരുന്നു. ഭർത്താവിനൊപ്പം കഴിഞ്ഞപ്പോഴുള്ള ഒരു നല്ല നിമിഷം പോലും അവരുടെ ഓർമയിൽ ഇല്ല. ഭർത്താവിന്റെ മർദനത്തിൽ പല്ലുകളെല്ലാം കൊഴിഞ്ഞു. ഒരിക്കൽ കൂടി അയാളുടെ അടുത്തേക്ക് തിരിച്ചുപോകുന്നതിലും ഭേദം മരണമാണെന്ന് മനസിലാക്കിയ മർവ എട്ടുകുട്ടികളുമായി ഒളിവിലാണിപ്പോൾ. വിവാഹ മോചിതരായ സ്ത്രീകളെല്ലാം ആദ്യ ഭർത്താക്കൻമാരുടെ അടുത്തേക്ക് മടങ്ങിച്ചെല്ലണമെന്ന താലിബാന്റെ ഉത്തരവാണ് ഇവരെ ഇപ്പോൾ വേട്ടയാടുന്നത്.

അഫ്ഗാനിസ്താനിൽ നിയമപരമായി വിവാഹമോചനം അനുവദിക്ക​പ്പെട്ട ചുരുക്കം സ്ത്രീകളിൽ ഒരാളാണ് മർവ. എന്നാൽ താൻ വിവാഹമോചനത്തിന് നിർബന്ധിതനാവുകയായിരുന്നുവെന്ന് മർവയുടെ ഭർത്താവ് താലിബാനോട് പരാതിപ്പെട്ടു. തുടർന്ന് താലിബാൻ കമാൻഡർമാർ മർവയെ ആദ്യ ഭർത്താവിന്റെ അടുത്തേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു. ഇപ്പോൾ പേരു മാറ്റി മറ്റൊരിടത്താണ് മർവ കഴിയുന്നത്.

ദൈവമേ പിശാച് തിരിച്ചെത്തിയിരിക്കുന്നു എന്നാണ് മർവ സ്വയം പറഞ്ഞത്. മർവയുടെതുൾപ്പെടെ നിരവധി വിവാഹമോചനങ്ങളാണ് താലിബാൻ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മുൻ സർക്കാരിനു കീഴിലാണ് ഇവർക്ക് വിവാഹമോചനം അനുവദിച്ചത്.

അന്ന് കൈകൾ ഒടിഞ്ഞും വിരലുകൾ പൊട്ടിയും വീടിനുള്ളിൽ പൂട്ടിയിട്ട മർവ മാസങ്ങളോളം മർദനം സഹിച്ചു. പലപ്പോൾ മർദനത്തിനു ശേഷം അബോധാവസ്ഥയിലായി. അന്ന് എന്റെ പെൺമക്കൾ ഭക്ഷണം നൽകും. തലമുടി ശക്തമായി പിടിച്ചു വലിച്ചിരുന്നത് കൊണ്ട് പകുതിയോളം കഷണ്ടിയായി. പല്ലുകളെല്ലാം അടിച്ചു കൊഴിച്ചു-നേരിട്ട ഗാർഹിക പീഡനത്തെ കുറിച്ച് മർവ എ.എഫ്.പിയോട് വിവരിച്ചു. പിന്നീട് സർവധൈര്യവും സംഭരിച്ച് ആറ് പെൺമക്കൾക്കും രണ്ട് ആൺമക്കൾക്കുമൊപ്പം കാതങ്ങൾ അകലെയുള്ള ബന്ധുവിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ എല്ലാരുടെയും പേരുകൾ മാറ്റി.

താലിബാൻ അധികാരത്തിലെത്തിയതുമുതൽ അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതം നരകതുല്യമായിരിക്കുകയാണ്. യു.എൻ പഠനപ്രകാരം പത്തിൽ ഒമ്പത് സ്ത്രീകളും പങ്കാളിയിൽനിന്നു പീഡനം ഏൽക്കുന്നുണ്ട്.

Tags:    
News Summary - Taliban force divorced women back to abusive ex husbands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.