58 വർഷത്തിനുശേഷം സിറിയൻ പ്രസിഡന്റ് യു.എൻ സഭയിലേക്ക്

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ 80-ാം സമ്മേളനത്തിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറ ന്യൂയോർക്കിലെത്തി. ദശാബ്ദങ്ങളുടെ ഒറ്റപ്പെടലിനും ആഭ്യന്തരയുദ്ധത്തിനും ശേഷം ഇതാദ്യമായാണ് സിറിയ ലോക വേദിയിലേക്ക് തിരിച്ചെത്തുന്നത്. അരനൂറ്റാണ്ടിലേറെക്കാലം സിറിയ ഭരിച്ച അസദ് കുടുംബം അധികാരമേൽക്കുന്നതിന് മുമ്പ് 1967ലാണ് ഒരു സിറിയൻ പ്രസിഡന്റ് ഇതിനുമുമ്പ് യു.എൻ പൊതുസഭയിൽ പങ്കെടുത്തത്. അതുകൊണ്ട് അൽ ഷാറയുടെ ഈ സന്ദർശനത്തിന് വലിയ പ്രധാന്യമുണ്ട്. സിറിയയിൽ നിലനിൽക്കുന്ന ഉപരോധങ്ങൾ എടുത്തുമാറ്റണമെന്നും അന്താരാഷ്ട്ര അംഗീകാരം നൽകണമെന്നും അൽ ഷാറ ആവശ്യപ്പെടും. നിലവിൽ ചില ഉപരോധങ്ങൾ അമേരിക്ക എടുത്ത് മാറ്റിയെങ്കിലും 2019ലെ സീസർ ആക്ട് ഉൾപ്പെടെയുള്ള കർശനമായ ഉപരോധങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവ നീക്കം ചെയ്യാൻ കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. കൂടാതെ അന്താരാഷ്ട്ര അംഗീകാരത്തിനായും അദ്ദേഹം ശ്രമിക്കും.

സിറിയയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്നും അൽ ഷാറയുടെ അജണ്ടയിലുണ്ട്. ബശ്ശാർ അൽ അസദിനെ പുറത്താക്കിയതിന് ശേഷം സിറിയൻ സൈനിക താവളങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്ര സേനയുടെ നിരീക്ഷണത്തിലായിരുന്ന ഒരു അതിർത്തി പ്രദേശം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 1974 ലെ കരാറിലേക്ക് തിരിച്ചുപോകാനാണ് അൽ ഷാറ ആഗ്രഹിക്കുന്നത്.

അമേരിക്കയുടെ തീവ്രവാദ പട്ടികയിലുണ്ടായിരുന്ന അൽ ഷാറ അൽ ഖായിദ സംഘടനയിലെ മുൻ കമാൻഡറായിരുന്നു. ഇദ്ദേഹത്തിന്റെ തലക്ക് 10 മില്യൺ വിലയും അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ​മെയ് മാസം റിയാദിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ യു.എസ് അംഗീകാരം ലഭിച്ചതിനെ തുടർന്ന് വിലക്ക് നീങ്ങുകയായിരുന്നു. തുടർന്ന് സിറിയക്ക് മേലുള്ള മിക്ക ഉപരോധങ്ങളും അമേരിക്ക പിൻവലിച്ചിരുന്നു. 14 വർഷം നീണ്ട് നിന്ന സിറിയൻ ആഭ്യന്തരയുദ്ധത്തിൽ തകർന്ന രാജ്യത്തെ പുനർനിർമ്മിക്കാൻ അൽ ഷാറക്ക് കഴിയുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.

ബശ്ശാർ പുറത്തായതിന് ശേഷമുള്ള സിറിയയിലെ ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പ് ഒക്ടോബർ 5ന് നടക്കാനിരിക്കെയാണ് അൽ-ഷാറയുടെ സന്ദർശനം. കഴിഞ്ഞ ഡിസംബറിൽ അസദ് ഭരണത്തിന് അന്ത്യം കുറിച്ചത് അൽ ഷാറയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭമാണ്. അധികാരമേറ്റ ശേഷം അറബ് രാജ്യങ്ങളുമായും പാശ്ചാത്യ രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. അൽ ഷാറയെ തീവ്രവാദ പട്ടികയിൽ നിന്നു മാറ്റിയെങ്കിലും അദ്ദേഹത്തിന്റെ പഴയ സംഘടനയായ ഹയാത് തഹ്‌രീർ അൽ-ഷാം ഇപ്പോഴും അമേരിക്കൻ ഭീകര പട്ടികയിലുണ്ട്. സിറിയക്കകത്തുള്ള സഹവർത്തിത്വത്തെ കുറിച്ചും അനുരഞ്ജനത്തെ കുറിച്ചും അൽ-ഷാറ സംസാരിക്കുന്നുണ്ട്.

Tags:    
News Summary - Ahmed al-Sharaa to become first Syrian leader to attend UN meetings since 1967

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.