കൊല്ലപ്പെട്ട ഫലസ്തീനികൾ
23,708
ഗസ്സയിലെ നൂറിലൊന്നു പേർ
ഇതിനകം കൊല്ലപ്പെട്ടുപരിക്കേറ്റവർ 60,005
മരിച്ചവരിലും പരിക്കേറ്റവരിലും
70 ശതമാനം സ്ത്രീകളും കുട്ടികളുംകാണാതായവർ 7000+
കൊല്ലപ്പെട്ട ഇസ്രായേലികൾ 1139
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം
കൊല്ലപ്പെട്ട ഇസ്രായേലികൾ 1139, സാധാരണക്കാർ 685 (കുട്ടികൾ 36), സൈനികർ 383, വിദേശികൾ 71. പിന്നീട് മരിച്ചവരും ചേർത്ത് മരണം 1200 ആയി. പരിക്കേറ്റവർ 1023.
ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികർ 186 (ഇസ്രായേൽ പറയുന്നത്). 5000ത്തിലേറെ ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായും 12,000ത്തിലേറെ പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ക്രൂരതയുടെ കണക്കുകൾ
19 ലക്ഷത്തിലേറെ ഗസ്സക്കാർ ആഭ്യന്തര അഭയാർഥികളായി (ജനസംഖ്യയുടെ 85 ശതമാനം)
14 ലക്ഷത്തോളം പേർ യു.എൻ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നു. ബാക്കിയുള്ളവർ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അപരിചിതരുടെയും കൂടെ കഴിയുന്നു
65,000 റെസിഡൻഷ്യൽ ഫ്ലാറ്റുകൾ ബോംബിങ്ങിൽ തകർന്നു. 2,90,000 വീടുകൾക്ക് കേടുപാട് പറ്റി. ഗസ്സയിലെ 33 ശതമാനം കെട്ടിടങ്ങളും തകർത്തിട്ടുണ്ട്. വടക്കൻ ഗസ്സയിലെ മൂന്നിൽ രണ്ട് കെട്ടിടങ്ങളും നശിപ്പിച്ചു
അഞ്ചു ലക്ഷത്തോളം പേർക്ക് യുദ്ധം അവസാനിച്ചാലും തിരിച്ചുപോകാൻ വീടില്ല
ഗസ്സയിലെ 36 ആശുപത്രികളിൽ 23 എണ്ണവും സേവനം നിർത്തി. ആവശ്യം അധികരിച്ചിട്ടും ബെഡുകൾ കുറക്കേണ്ടിവന്നു
104 സ്കൂളുകൾ തകർത്തു. 70 ശതമാനത്തോളം സ്കൂൾ കെട്ടിടങ്ങൾ നശിപ്പിച്ചു. ബാക്കിയുള്ളവ അഭയാർഥി ക്യാമ്പുകളാക്കി
142 യു.എൻ സന്നദ്ധപ്രവർത്തകർ ഗസ്സയിൽ കൊല്ലപ്പെട്ടു. സന്നദ്ധ സംഘടനകളുടെ 128 കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി.
കെഫിയ്യ
വെള്ളയിൽ വിവിധ നിറത്തിലെ ചതുരങ്ങളുള്ള ശിരോവസ്ത്രങ്ങൾ അറബ് സാംസ്കാരികതയുടെ ഭാഗമാണ്. എന്നാൽ ഫലസ്തീനികളുടെ വെള്ളയിൽ കറുപ്പ് ഡിസൈനുകളുള്ള ഷാൾ ഇന്ന് ലോകമൊട്ടുക്കുമുള്ള അധിനിവേശ വിരുദ്ധ പ്രവർത്തകരുടെ അടയാള വസ്ത്രങ്ങളിലൊന്നായിരിക്കുന്നു. ഒലിവ് ഇലകൾ, മത്സ്യബന്ധന വലകൾ, കട്ടിയുള്ള വരകൾ എന്നിവ ചേർന്നതാണ് ഫലസ്തീനി കെഫിയ്യയുടെ ഡിസൈൻ. ഇലകൾ കരുത്തിനെയും വലകൾ മത്സബന്ധന സംസ്കാരത്തെയും സൂചിപ്പിക്കുന്നു, യാസർ അറഫാത്ത് കെഫിയ്യ ധരിച്ചു മാത്രമാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.
ഒലിവിൻ ചില്ലകൾ
സമാധാനത്തിന്റെ പ്രതീകമാണ് ഒലിവ് ചില്ലകൾ. ലോകത്തെ ഏറ്റവും ഗുണമേന്മയാർന്ന ഒലിവ് എണ്ണയും കായ്കളും ഫലസ്തീനിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ലക്ഷത്തോളം കുടുംബങ്ങളുടെ ജീവിതമാർഗവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സുപ്രധാന ഘടകവുമാണ് ഈ കൃഷി. രാജ്യത്തിന്റെ സംസ്കാരവുമായി ആഴത്തിൽ വേരൂന്നിനിൽക്കുന്ന ഒലിവ് ഫലസ്തീനി കലാരൂപങ്ങളിലും ഏറെ കടന്നുവരുന്നു.
പ്രതീക്ഷാ താക്കോൽ
1948ൽ സയണിസ്റ്റ് സൈന്യം നടത്തിയ നൃശംസനീയ ക്രൂരതകളെത്തുടർന്ന് കുടിയൊഴിഞ്ഞു പോകുമ്പോഴും ഫലസ്തീനി ജനത അവരുടെ മണ്ണിൽനിന്ന് മനസ്സൊഴിഞ്ഞിരുന്നില്ല. ദൈവമനുവദിച്ചാൽ തീർച്ചയായും തിരിച്ചുവരുമെന്ന വിശ്വാസത്തോടെ അവർ വീടുകളുടെ താക്കോലുകൾ കുടിയൊഴിഞ്ഞുള്ള പലായന യാത്രയിൽ ഒപ്പം കൊണ്ടുപോയിരുന്നു. പതിറ്റാണ്ടുകൾക്കിപ്പുറവും പഴയ വീടുകളുടെ താക്കോലുകൾ അവർ പ്രിയപ്പെട്ട സ്വത്തായി സൂക്ഷിക്കുന്നു, തലമുറകളിലേക്ക് കൈമാറിപ്പോരുന്നു.
തല താഴാത്ത ഹന്ദല
ഫലസ്തീനി കാർട്ടൂണിസ്റ്റ് നാജി അൽ അലി തന്റെ അഭയാർഥികാല ബാല്യത്തിന്റെ പ്രതിരൂപമായാണ് 1969ൽ ഹന്ദല എന്ന പത്തുവയസ്സുകാരൻ കഥാപാത്രത്തെ വരച്ചത്. ഹന്ദൽ എന്ന ഫലസ്തീനി പഴത്തിൽനിന്നാണ് ആ പേര്.
ലോകമൊട്ടുക്കുമുള്ള പ്രതിരോധ ചിഹ്നങ്ങളിലും ചുവരെഴുത്തുകളിലുമെല്ലാം ഈ മൊട്ടത്തലയൻ കുട്ടി ഇടംപിടിച്ചു.1987ൽ നാജി അൽ അലി ലണ്ടനിൽ കൊലചെയ്യപ്പെട്ടു. കുറ്റവാളികളും ആസൂത്രകരും അശിക്ഷിതരായി തുടരുന്നു.
മായാത്ത ഭൂപടങ്ങൾ
ബലപ്രയോഗത്തിലൂടെ ഇസ്രായേൽ രാജ്യം രൂപവത്കരിക്കുന്നതിന് മുമ്പുള്ള ഫലസ്തീന്റെ സമ്പൂർണ ഭൂപടം ആ ജനത നേരിടേണ്ടിവന്ന അനീതിയുടെ നേർചിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
അൽ അഖ്സ
മക്കയിലെയും മദീനയിലെയും വിശുദ്ധ ദേവാലയങ്ങൾ കഴിഞ്ഞാൽ ലോക മുസ്ലിം സമൂഹത്തിന്റെ അതിപ്രിയ തീർഥാടന കേന്ദ്രമാണ് ജറൂസലമിലെ അൽ അഖ്സ മസ്ജിദ്. വിവിധ പ്രവാചകന്മാരുമായി ബന്ധപ്പെട്ട ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച ഇടമാണിത്. റമദാൻ മാസങ്ങളിൽ സയണിസ്റ്റ് ഭരണകൂടം ഇവിടെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ അൽ അഖ്സയുടെ സംരക്ഷണത്തിന് ഫലസ്തീന്റെ സ്വാതന്ത്ര്യം അതിനിർണായകമാണ്.
തണ്ണീർ മത്തൻ
1967ൽ ഫലസ്തീൻ പതാക പരസ്യമായി പ്രദർശിപ്പിക്കുന്നതിന് ഇസ്രായേൽ നിരോധമേർപ്പെടുത്തിയതോടെ ബദൽ ചിഹ്നമായി പച്ചയും ചുവപ്പും വെള്ളയും കറുപ്പും നിറങ്ങളുള്ള തണ്ണീർ മത്തൻ ഉയർത്തിക്കാണിക്കപ്പെട്ടത്. നിരവധി കവിതകളിലും ഇതൊരു സ്വാതന്ത്ര്യ ബിംബമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഫലസ്തീനും അതിന്റെ ചിഹ്നങ്ങൾക്കും ടെക് കമ്പനികൾ ഏർപ്പെടുത്തുന്ന അപ്രഖ്യാപിത വിലക്കുകളെ മറികടക്കാനും ഇവയുടെ ഇമോജികൾ ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.