അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് കരയുന്നു കടപ്പാട്: റോയിറ്റേഴ്സ്
ധാക്ക: ബംഗ്ലാദേശിലെ മുസ്ലിം പള്ളിയിൽ ഗ്യസ്പൈപ്പ്ലൈൻ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. പ്രാർഥനയിൽ ഏർപെട്ടിരുന്ന 37ലേറെ വിശ്വാസികൾക്ക് പരിക്കേറ്റതായി അധികൃതർ പറഞ്ഞു.
ഗ്യസ്പൈപ്പ്ലൈൻ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് അഗ്നിശമന സേനയുടെ നിഗമനം. നാരായൺഗഞ്ച് ജില്ലയിലെ പള്ളിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റവരെ ധാക്കയിൽ പ്ലാസ്റ്റിക് സർജറിക്കും മറ്റുമായുള്ള പ്രത്യേക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പൊള്ളലേറ്റ് മരിച്ച 17 പേരിൽ ഒരു കുഞ്ഞും ഉൾപെട്ടതായി ആശുപത്രിയിലെ കോർഡിനേറ്ററായ സാമന്ത ലാൽ സെൻ പറഞ്ഞു. നിരവധിയാളുകൾ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അദ്ദേഹം സൂചന നൽകി.
'വലിയൊരു സ്ഫോടന ശബ്ദത്തോട് കൂടി പള്ളിക്കകത്ത് നിന്നും പുക ഉയരുന്നതാണ് കണ്ടത്. നിലവിളിച്ച് പുറത്തേക്ക് ഓടിയ ആളുകൾ തീ അണക്കാനായി നിലത്ത് കിടന്ന് ഉരുളുന്നുണ്ടായിരുന്നു'- പ്രദേശവാസിയായ മുഹമ്മദ് റതൻ സംഭവം വിശദീകരിച്ചു. അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.