പ്രതീകാത്മക ചിത്രം

വിദേശ വിദ്യാർഥികൾക്കും ജീവനക്കാർക്കും കടുത്ത നിയന്ത്രണങ്ങൾ: യു.കെയിലെ കുടിയേറ്റ നിരക്ക് പകുതിയായി കുറഞ്ഞു

യു.കെയിലേക്ക് താമസം മാറുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. യു.കെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ.എൻ.എസ്) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2025 ഡിസംബറിൽ അവസാനിച്ച 12 മാസത്തെ കണക്കനുസരിച്ച് യു.കെയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1,71,000 ആയി ചുരുങ്ങി. 2024ൽ ഇത് 3,31,000 ആയിരുന്നു. അതായത് കുടിയേറ്റ നിരക്ക് ഏകദേശം പകുതിയോളം കുറഞ്ഞു. 2023-ൽ രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ 9,44,000-ൽ നിന്നാണ് ഈ വൻ ഇടിവ്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയതിനെത്തുടർന്ന് 2021ൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കൂടിയുണ്ടായിരുന്ന ആ കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കുടിയേറ്റ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

യു.കെ ഭരണകൂടം വിസ നിയമങ്ങളിൽ വരുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ഈ മാറ്റത്തിന് പ്രധാന കാരണം. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അവരുടെ പങ്കാളികളെയോ ആശ്രിതരെയോ കൂടെ കൊണ്ടുവരുന്നതിന് 2024 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

വിദേശ ജീവനക്കാരെ യു.കെയിലേക്ക് കൊണ്ടുവരുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി ഗണ്യമായി ഉയർത്തുകയും കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ വലിയ തോതിൽ ആശ്രയിച്ചിരുന്ന കെയർ വർക്കർ വിസ വഴിയുള്ള വിദേശ റിക്രൂട്ട്മെന്റ് നിലവിലെ ലേബർ പാർട്ടി സർക്കാർ പൂർണ്ണമായും നിർത്തലാക്കുകയും ചെയ്തു.

കൂടാതെ, നിയമവിരുദ്ധമായി രാജ്യത്തെത്തുന്നവരെ വേഗത്തിൽ നാടുകടത്തുക, സ്ഥിരതാമസത്തിനുള്ള യോഗ്യതാ കാലാവധി 5 വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്തുക, അഭയാർത്ഥി പദവി താൽക്കാലികമാക്കുക തുടങ്ങിയ കൂടുതൽ കർശനമായ പരിഷ്കാരങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്.

'ഞങ്ങളുടെ അതിർത്തികളിൽ കൃത്യമായ നിയന്ത്രണവും സുരക്ഷിതത്വവും തിരികെക്കൊണ്ടുവരാൻ സർക്കാരിന് സാധിക്കുന്നുണ്ട്' എന്ന് യു.കെ ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് വ്യക്തമാക്കി. വിദേശ കുടിയേറ്റം ഇപ്പോഴും വർദ്ധിക്കുകയാണെന്ന് പൊതുജനം കരുതുമ്പോഴും, യു.കെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഈ മേഖലയിൽ ഇപ്പോൾ നടക്കുന്നത് എന്ന് ഈ വിഷയത്തിൽ പഠനം നടത്തുന്ന 'ബ്രിട്ടീഷ് ഫ്യൂച്ചർ' എന്ന സംഘടന ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Strict restrictions on foreign students and employees: Immigration rate in the UK halved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.