22 വർഷം കാണാമറയത്ത്, ഡാർവിന്റെ നോട്ട്ബുക്കുകൾ തിരിച്ചെത്തി


ലണ്ടൻ: കേംബ്രിജ് സർവകലാശാല ലൈബ്രറിയിൽനിന്ന് കാണാതായ, ശാസ്ത്രജ്ഞൻ ചാൾസ് ഡാർവിന്റെ രണ്ട് നോട്ട്ബുക്കുകൾ ഒടുവിൽ തിരികെ ലഭിച്ചു. അപ്രത്യക്ഷമായി 22 വർഷത്തിനുശേഷമാണ്, പരിണാമ സിദ്ധാന്ത ഉപജ്ഞാതാവിന്റെ സ്വന്തം കൈപ്പടയുള്ള ബുക്കുകൾ തിരികെ കിട്ടിയത്. ലൈബ്രേറിയന് ഈസ്റ്റർ ആശംസിച്ചുള്ള കുറിപ്പിനൊപ്പം ഉപേക്ഷിച്ച നിലയിലാണ് കിട്ടിയതെന്ന് കേംബ്രിജ് സർവകലാശാല അറിയിച്ചു. പുസ്തകങ്ങൾ വീണ്ടും ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സർവകലാശാല ലൈബ്രറി സർവിസസ് ഡയറക്ടർ ജെസീക്ക ഗാർഡ്നർ പറഞ്ഞു.

19ാം നൂറ്റാണ്ടിലെ, ശാസ്ത്രജ്ഞന്റെ പ്രശസ്തമായ 'ജീവന്റെ വൃക്ഷം' എന്ന രേഖാചിത്രം ഉൾപ്പെടുന്ന നോട്ട്ബുക്കുകൾ നവംബർ 2000ത്തിലാണ് നഷ്ടമായത്. ലൈബ്രറിയിലെ പ്രത്യേക ശേഖരമിരിക്കുന്ന സ്ട്രോങ്റൂമിൽനിന്ന് ഫോട്ടോയെടുക്കാനായി മാറ്റിയ ശേഷമാണ് അപ്രത്യക്ഷമായത്. 2020 ഒക്ടോബറിൽ, അവ മോഷ്ടിക്കപ്പെട്ടതായി പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന, തുകൽ പുറംചട്ടയുള്ള നോട്ട്ബുക്കുകൾക്കായി ഇന്റർപോൾ അന്വേഷണം തുടങ്ങിയിരുന്നു. ഗാലപ്പഗോസ് ദ്വീപുകളിൽനിന്ന് ഡാർവിൻ തിരിച്ചെത്തിയതിനുശേഷം 1830കളുടെ അവസാനമാണ് നോട്ട്പാഡുകൾ എഴുതിയതെന്നാണ് അതിലെ തീയതികൾ വ്യക്തമാക്കുന്നത്. ലൈബ്രറിയിൽ നടക്കുന്ന ഡാർവിൻ പ്രദർശനത്തിന്റെ ഭാഗമായി നോട്ട്ബുക്കുകൾ ജൂലൈ മുതൽ പൊതുപ്രദർശനത്തിന് ഒരുങ്ങുകയാണ്. 

Tags:    
News Summary - 'Stolen' Charles Darwin notebooks left on library floor in pink gift bag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.