ശ്രീലങ്കൻ പാർലമെന്റിൽ മന്ത്രിയുടെ വെളിപ്പെടുത്തൽ; ഈസ്റ്റർദിന ഭീകരാക്രമണം ആസൂത്രണംചെയ്തത് മുൻ രഹസ്യാന്വേഷണ മേധാവി

കൊളംബോ: ശ്രീലങ്കയെ നടുക്കിയ 2019-ലെ ഈസ്റ്റർദിന ഭീകരാക്രമണത്തിന് പിന്നിൽ മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവി റിട്ട. മേജർ ജനറൽ തുവാൻ സുരേഷ് സല്ലെയാണെന്ന് ശ്രീലങ്കൻ സർക്കാർ. ആക്രമണം നടന്ന് ഏഴുവർഷത്തിന് ശേഷമാണ് മുൻ ഇന്റലിജൻസ് മേധാവിക്ക് ഇതിൽ നേരിട്ട് പങ്കുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കേസിൽ കൊളംബോയിലെ പ്രാന്തപ്രദേശത്തുനിന്ന് ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥർ സുരേഷ് സല്ലെയെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്ത പബ്ലിക് സെക്യൂരിറ്റി മന്ത്രി ആനന്ദ വിജേപാലയാണ് സല്ലെയുടെ പങ്കിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. കൂട്ടക്കൊല ആസൂത്രണം ചെയ്തതിലും നിർദേശങ്ങൾ നൽകിയതിലും സല്ലെ മുഖ്യപങ്കുവഹിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി മന്ത്രി പാർലമെന്റിൽ അറിയിച്ചു.

ആക്രമണം നടക്കുന്നതിന് കൃത്യം മൂന്നാഴ്ച മുമ്പ്, സല്ലേ ഏതാനും യുവാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ആക്രമണം നടത്തേണ്ട സ്ഥലത്തെക്കുറിച്ചും അവിടുത്തെ വിശ്വാസികളുടെ എണ്ണത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു- മന്ത്രി വ്യക്തമാക്കി.

മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന ആറ് സ്ഫോടനങ്ങളിൽ 45 വിദേശികളടക്കം 279 പേരാണ് കൊല്ലപ്പെട്ടത്. പ്രാദേശിക തീവ്രവാദ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, അതേവർഷം രാജപക്സെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ സല്ലെയെ സ്റ്റേറ്റ് ഇന്റലിജൻസ് സർവിസ് മേധാവിയായി നിയമിച്ചിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനും രാഷ്ട്രീയനേട്ടത്തിനുമായി സല്ലെ മനഃപൂർവം ഈ ആക്രമണങ്ങൾക്ക് വഴിവിട്ട സഹായം നൽകിയതായി 2023-ൽ ബ്രിട്ടീഷ് മാധ്യമമായ ചാനൽ 4 റിപ്പോർട്ട് ചെയ്തിരുന്നു.

അതിനിടെ, ശ്രീലങ്കൻ മുൻപ്രസിഡന്റ് രാജപക്സെ രാജ്യം വിടുന്നത് കോടതി തടഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ കോടതി ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. കേസിൽ അദ്ദേഹത്തെ ഇതുവരെ പ്രതി ചേർത്തിട്ടില്ലെങ്കിലും, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.

ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ശ്രീലങ്കൻ സുപ്രീം കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന്, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന വാഗ്ദാനവുമായി 2024-ൽ അനുര കുമാര ദിസനായകെ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സല്ലെയെ പദവിയിൽനിന്ന് നീക്കിയതും ഇപ്പോൾ അറസ്റ്റിലേക്ക് നയിച്ചതുമായ കർശന നടപടികൾ ഉണ്ടായത്.

രാജ്യത്തിന്റെ ടൂറിസം മേഖലയെ തകർത്ത ദുരന്തത്തിന് പിന്നിലെ യഥാർഥ സൂത്രധാരനിലേക്ക് അന്വേഷണം എത്തിയത് ശ്രീലങ്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Tags:    
News Summary - Sri Lanka says ex-spy chief orchestrated Easter bombings that killed 279

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.