കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ കീഴിൽ ആദ്യ മന്ത്രിസഭ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ച് സ്ഥിതി ഒരാഴ്ചക്കകം സാധാരണ നിലയിലാക്കാനാണ് പുതിയ കാബിനറ്റിന്റെ തീരുമാനം. വെള്ളിയാഴ്ച 17 അംഗ മന്ത്രിസഭ ചുമതലയേറ്റിരുന്നു.
പ്രസിഡന്റായി റനിൽ വിക്രമസിംഗെ അധികാരമേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. രാജ്യത്ത് ഒരു മാസത്തേക്ക് ആവശ്യമായ ഇന്ധനം ഉറപ്പാക്കിയിട്ടുണ്ടെന്നും അതിനാൽ ക്വോട്ട അടിസ്ഥാനത്തിൽ വിതരണം വേഗത്തിലാക്കണമെന്നും നിർദേശിച്ചു. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം സൃഷ്ടിക്കാൻ സുരക്ഷസേനയെ ചുമതലപ്പെടുത്തിയതായും പ്രസിഡന്റ് അറിയിച്ചു. സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) യുമായി നടത്തുന്ന ചർച്ചകളെക്കുറിച്ചും മന്ത്രിസഭ യോഗം ചർച്ചചെയ്തു.
അതേസമയം, വെളളിയാഴ്ച ഗല്ലെ ഫേയ്സിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷ സേന നടത്തിയ ആക്രമണങ്ങളെക്കുറിച്ചും രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും ചർച്ചചെയ്യാൻ ജൂലൈ 25ന് പാർലമെന്റ് വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രി ദിനേശ് ഗുണവർധനയോട് അഭ്യർഥിച്ചു. വെള്ളിയാഴ്ച പ്രസിഡന്റിന്റെ ഓഫിസിൽ ക്യാമ്പ് ചെയ്ത സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ പൊലീസും സായുധ സേനയും ചേർന്ന് നീക്കം ചെയ്തിരുന്നു. പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തതിൽ പുതിയ സർക്കാറിനെതിരെ വിമർശനമുയർന്നിരുന്നു.
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നും ആയിരത്തോളം പുരാവസ്തുക്കൾ മോഷണം പോയതായി പൊലീസ്. രാജ്യത്ത് തുടരുന്ന ജനകീയ പ്രക്ഷോഭത്തിനിടെ ജൂലൈ ഒമ്പതിന് മുൻ പ്രസിഡന്റ് ഗോടബയ രാജപക്സയുടെയും നിലവിലെ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെയുടെയും ഔദ്യോഗിക വസതികളും ഓഫിസും മറ്റു സർക്കാർ ഓഫിസുകളും പ്രക്ഷോഭകർ കീഴടക്കിയിരുന്നു. കൂടാതെ പ്രധാനമന്ത്രിയുടെ വസതിക്ക് തീയിടുകയും ചെയ്തു.
പുരാവസ്തു മോഷണ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരം പുരാവസ്തു പ്രാധാന്യമുള്ള സ്ഥലമായി ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ശ്രീലങ്കൻ പുരാവസ്തു വകുപ്പിന്റെ കൈവശം കൊട്ടാരത്തിലെ പുരാവസ്തു ശേഖരം സംബന്ധിച്ച വിശദമായ രേഖകൾ ഇല്ലാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.