തെൽ അവീവ്: ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റക്കാരുടെ ഉപരോധത്തിൽ വീട്ടിൽ കുടുങ്ങിക്കിടന്ന ഒൻപത് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തു. ഒരു കുടുംബത്തിലെ ഒൻപത് അംഗങ്ങളെയാണ് ഇസ്രായേൽ സേന കസ്റ്റഡിയിലെടുത്തതെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകീട്ട് നബ്‌ലുസിന് വടക്കുപടിഞ്ഞാറുള്ള ബെയ്ത് ഇംറിൻ ഗ്രാമത്തിൽ മുഹമ്മദ് താബിത് മജീദ് ഹസ്സൂന്റെ വീട് ഇസ്രായേൽ കുടിയേറ്റക്കാർ മൂന്ന് മണിക്കൂറിലധികം വളഞ്ഞുവെച്ചിരുന്നു. തുടർന്ന് ഇസ്രായേൽ സൈന്യം പ്രദേശം റെയ്ഡ് ചെയ്യുകയും കുടുങ്ങിക്കിടന്ന ഒൻപത് ഫലസ്തീനികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സൈനികർ വീടിനുള്ളിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തുവെന്ന് വഫ റിപ്പോർട്ട് ചെയ്തു. നബ്‌ലുസിന് തെക്കുള്ള ഖുസ്ര ഗ്രാമത്തിൽ ഇസ്രായേൽ കുടിയേറ്റക്കാരുടെ ഉപരോധത്തെ തുടർന്ന് മറ്റ് മൂന്ന് ഫലസ്തീൻ കുടുംബങ്ങൾ കൂടി വീടുകളിൽ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോർട്ടിനിടെയാണ് ഈ വാർത്ത പുറത്തുവന്നത്. അധിനിവേശ വെസ്റ്റ് ബാങ്ക് ഗ്രാമത്തിലെ മൂന്ന് വീടുകൾക്ക് ചുറ്റും ഇസ്രായേൽ കുടിയേറ്റക്കാർ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ്.
ഇവർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. കഴിഞ്ഞ ആഴ്ചയാണ് ഖുസ്രയിലെ മൂന്ന് വീടുകൾക്ക് പുറത്ത് ഇസ്രായേൽ കുടിയേറ്റക്കാർ കൂടാരങ്ങൾ സ്ഥാപിച്ച് ഉപരോധം ആരംഭിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ ഏകദേശം 15 താമസക്കാരെ ബന്ധികളാക്കുകയും കുടുംബങ്ങളുടെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും ചെയ്തു. ആഗോളതലത്തിൽ തന്നെ പ്രതിഷേധം ഉയർന്നതോടെ വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിച്ചു.
എന്നാൽ ഭക്ഷണത്തിനും മറ്റും പുറത്തിറങ്ങാനോ ആളുകളെ ഇവരുടെ സമീപത്തേക്ക് വരാനോ അനുവദിക്കുന്നില്ലെന്ന് കുടുംബങ്ങൾ അറിയിച്ചു. ഇപ്പോൾ, ഇസ്രായേൽ സൈനികർ ഈ പ്രദേശം അടച്ചുപൂട്ടിയ സൈനിക മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു. ഇത് കുടുംബങ്ങളുടെ അടുക്കൽ എത്താൻ ശ്രമിക്കുന്ന ആക്ടിവിസ്റ്റുകളെ തടയുന്നതായും റിപ്പോർട്ടുണ്ട്.
ഞായറാഴ്ച, ഉപരോധിച്ച വീടുകളിലേക്ക് യൂണിസെഫ് (UNICEF) സംഘം ഭക്ഷണവും മരുന്നും എത്തിച്ചിരുന്നു. വാട്ടർ ടാങ്കർ എത്തിക്കുന്നത് തടഞ്ഞതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.