മലിനജല പൈപ്പ് പണിക്കിടെ 18കാരൻ കണ്ടെത്തിയത് 98 കോടിയുടെ സ്വർണനിധി

ബെൽജിയത്തിൽ മലിനജല പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനായി നടത്തിയ കുഴിയെടുക്കൽ ജോലിക്കിടെ തൊഴിലാളികൾ കണ്ടെത്തിയത് ഏകദേശം 9 ദശലക്ഷം യൂറോ (ഏകദേശം 98 കോടി രൂപ) വിലമതിക്കുന്ന സ്വർണവും അപൂർവ നാണയങ്ങളും. ബ്രസൽസിന് സമീപമുള്ള സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെയിലാണ് സംഭവം.

18കാരനായ കോബിയാണ് നിധി ആദ്യം കണ്ടത്. ആദ്യം നിലത്ത് കിടന്നിരുന്നത് സാധാരണ നാണയങ്ങളാണെന്നാണ് കരുതിയത്. പിന്നീട് സ്വർണ ബാർ കണ്ടെത്തിയതോടെയാണ് ഇതൊരു വലിയ നിധിയാണെന്ന് മനസ്സിലായത്. സ്വർണ നാണയങ്ങൾ, സ്വർണ കട്ടകൾ, നമ്പർ രേഖപ്പെടുത്തിയ ബുള്ളിയൻ ബാറുകൾ  എന്നിവയായിരുന്നു നിധിയിലുണ്ടായിരുന്നത്. ഒരു ബാഗിനുള്ളിൽ സൂക്ഷിച്ച്, ഇഷ്ടികകൊണ്ട് അടച്ച നിലവറയുടെ ചുമരിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രൂവറി ഉടമയായ തിയോഫിലസ് വാൻ അസെയ്ക്കായി നിർമിച്ച വില്ലയുടെ അടിയിലായിരുന്നു നിലവറ കണ്ടെത്തിയത്. ഇവിടെ 1899 മുതൽ 1970 വരെ ബ്രൂവറി പ്രവർത്തിച്ചിരുന്നു.  നിലവിൽ ഒരു സാമൂഹിക ക്ഷേമ സംഘടന  അവരുടെ ഒാഫീസ് കെട്ടിടമായി  നവീകരിക്കുകയാണ്.   

നിധി കണ്ടെത്തിയതോടെ അധികൃതർ സ്ഥലത്ത് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വർണവും നാണയങ്ങളും അധികൃതർ സുരക്ഷിതമായി ബ്രസൽസിലേക്ക് മാറ്റി. നിധിയുടെ ഉത്ഭവവും നിയമപരമായ ഉടമസ്ഥാവകാശവും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സ്വർണം മോഷ്ടിച്ചതാണോ, ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഈ സ്വർണം മോഷ്ടിച്ചതോ ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ടതോ അല്ലെന്ന് ആദ്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഈസ്റ്റ് ഫ്ലാൻഡേഴ്സ് പ്രോസിക്യൂട്ടർ ഓഫീസിലെ ഹന്നെ ഒലെവിയർ പറഞ്ഞു. ഉടമസ്ഥാവകാശത്തെച്ചൊല്ലി സങ്കീർണമായ നിയമപോരാട്ടത്തിനും സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കെട്ടിടത്തിന്റെ നിർമാണ കരാറുകാർ, നിലവിലെ കെട്ടിടം നവീകരിക്കുന്ന സാമൂഹിക ക്ഷേമ സംഘടന, വാൻ അസെ കുടുംബത്തിന്റെ പിൻഗാമികൾ എന്നിവർ അവകാശവാദം ഉന്നയിച്ചേക്കാം.

ബെൽജിയൻ നിയമപ്രകാരം നിധി കണ്ടെത്തിയ വ്യക്തി കുറഞ്ഞത് അഞ്ച് വർഷം യഥാർഥ ഉടമകൾ അവകാശവാദവുമായി മുന്നോട്ടുവരുന്നത് വരെ കാത്തിരിക്കണം. അതിനുശേഷം മാത്രമേ കണ്ടെത്തിയവരുടെ അവകാശം സംബന്ധിച്ച് തീരുമാനമുണ്ടാകൂ. “ഇത്രയും വലിയ നിധി കണ്ടെത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും തൊഴിലാളികൾക്ക് പിന്നീട് കണ്ടെത്തൽ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ടെന്ന് നിധി ആദ്യം കണ്ട കോബി പറയുന്നു.

Tags:    
News Summary - An 18-year-old discovered a gold treasure worth 98 crore rupees while working on a sewage pipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.