മനുഷ്യനുമേൽ യന്ത്രം അധികാരം സ്ഥാപിക്കാൻ തുടങ്ങുന്ന കാലം വരുമോ എന്ന സംശയം ഉന്നയിച്ചവരായിരുന്നു പലരും. എന്നാൽ, അത് ഒടുവിൽ യാഥാർഥ്യമായിരിക്കുന്നു എന്ന തരത്തിലാണ് ഒരു ഞെട്ടിപ്പിക്കുന്ന വാർത്ത വരുന്നത്. സാൻ ഫ്രാൻസിസ്കോയിലെ ഒരു കമ്പനിയിലെ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ട് എ.ഐ മാനേജർ. ജീവനക്കാരന്റെ മോശം പ്രകടനവും സ്ഥിരമായി വൈകിയെത്തുന്നതും ചൂണ്ടിക്കാണിച്ചാണ് ‘ലൂണ’ എന്ന എ.ഐ മാനേജറുടെ തീരുമാനം.
സാൻ ഫ്രാൻസിസ്കോയിലെ പ്രമുഖ ടെക് കമ്പനിയായ 'ആൻഡൺ ലാബ്സിന്റെ' പരീക്ഷണാടിസ്ഥാനത്തിലുള്ള 'ആൻഡൺ മാർക്കറ്റ്' എന്ന സ്ഥാപനത്തിലാണ് ഈ അപൂർവ സംഭവം. സ്ഥാപനത്തിലെ ഭരണച്ചുമതലയുള്ള എ.ഐ മാനേജറാണ് 'ലൂണ'. ആകെ ജോലി ചെയ്ത 23 ഷിഫ്റ്റുകളിൽ 17 എണ്ണത്തിലും ഈ ജീവനക്കാരൻ വൈകിയാണ് എത്തിയത്. കൂടാതെ, മറ്റ് തൊഴിൽപരമായ വീഴ്ചകളും ഇയാൾ വരുത്തിയിരുന്നതായി ലൂണ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആൻഡൺ ലാബ്സ് മാനേജ്‌മെന്റിന്റെ നിർദേശപ്രകാരം ലൂണ മുൻകാല റെക്കോഡുകളും കമ്പനി നയങ്ങളും പരിശോധിക്കുകയും ജീവനക്കാരനുമായുള്ള കരാർ അവസാനിപ്പിക്കാൻ ശിപാർശ ചെയ്യുകയുമായിരുന്നു. എന്നാൽ, അന്തിമ തീരുമാനം കമ്പനിയുടേതായിരുന്നു. എ.ഐയുടെ ഈ നിർദേശം കമ്പനി സ്വീകരിക്കുകയും വിഷയം വിശദമായി പരിശോധിച്ച അധികൃതർ നിയമലംഘനം കണ്ടെത്തുകയും അന്തിമ തീരുമാനം നടപ്പിലാക്കുകയും ചെയ്തു.
ബിസിനസ്സ് നടത്താനും മനുഷ്യ ജീവനക്കാരെ നിയന്ത്രിക്കാനും എ.ഐ ഏജന്റിന് ചുമതലപ്പെടുത്തിയാലുള്ള സാഹചര്യം ഒരു പരീക്ഷിക്കുകയായിരുന്നു ആൻഡൺ ലാബ്. കടയുടെ പ്രവർത്തനസമയം തീരുമാനിക്കൽ, ജീവനക്കാരെ നിയമിക്കൽ, ജീവനക്കാരുടെ പ്രകടനം വിലയിരുത്തൽ, ഉത്പന്നങ്ങൾ തിരഞ്ഞെടുക്കൽ, വില നിശ്ചയിക്കൽ എന്നീ ചുമതലകൾ കമ്പനി ലൂണയ്ക്ക് നൽകിയിരുന്നു.
തുടർന്നാണ് ഒരു ജീവനക്കാരനെ സംബന്ധിച്ച് ചട്ടങ്ങൾ ലംഘിക്കുന്നുമെന്ന പരാതി ഉയർന്നുവരുന്നത്. കമ്പനി ലൂണക്ക് തയാറാക്കി നൽകിയ സ്ഥാപനത്തിന്റെ ഹാജർ നയം അനുസരിച്ച് ഈ ജീവനക്കാരനെതിരെ നടപടിയെടുക്കേണ്ടതായിരുന്നു. സിസ്റ്റത്തിന്റെ ഓർമയിൽ നിന്ന് ചട്ടനിയമം വിട്ടുപോയതോടെ എ.ഐ മാനേജർക്ക് മറവി സംഭവിക്കുകയായിരുന്നു. പിന്നീട്, കമ്പനി അധികൃതർ നൽകിയ പ്രത്യേക നിർദേശത്തെ തുടർന്ന് എ.ഐ ഡാറ്റാബേസ് വീണ്ടും പരിശോധിച്ച് നടപടിയിലേക്ക് കടക്കുകയായിരുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയിൽ എ.ഐ മാനേജ്‌മെന്റ് തലത്തിലേക്ക് ഉയരുമ്പോഴും നിർണായക തീരുമാനങ്ങളിൽ മനുഷ്യന്റെ ഇടപെടൽ അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.