യു.എസ് വിസ

സെപ്റ്റംബർ 15 മുതൽ യു.എസ് വിസ ചട്ടങ്ങളിൽ മാറ്റം; എച്ച്-1ബി വിസക്ക് അപേക്ഷിക്കുന്നവരും വിദ്യാർഥികളും അറിയേണ്ടതെല്ലാം

വാഷിങ്ടൺ: യു.എസിൽ വിസ കാലാവധി നീട്ടുന്നതിനും തൊഴിൽ അനുമതിക്കുമുള്ള പ്രധാനപ്പെട്ട രണ്ട് കുടിയേറ്റ ഫോമുകൾ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ് (USCIS) പരിഷ്കരിക്കുന്നു. വരുന്ന സെപ്റ്റംബർ 15 മുതൽ പുതിയ പതിപ്പിലുള്ള ഫോമുകൾ മാത്രമായിരിക്കും അധികൃതർ ഔദ്യോഗികമായി സ്വീകരിക്കുക.

പഴയ പതിപ്പുകൾ ഉപയോഗിച്ച് സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തള്ളിക്കളയാൻ സാധ്യതയുണ്ടെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എച്ച്-1ബി (H-1B) വിസ ഉടമകളുടെ കുടുംബാംഗങ്ങൾ, രാജ്യാന്തര വിദ്യാർഥികൾ, എക്സ്ചേഞ്ച് വിസിറ്റർമാർ തുടങ്ങി യു.എസിലെ നോൺ-ഇമ്മിഗ്രന്റ് വിസകളിൽ കഴിയുന്ന ലക്ഷക്കണക്കിന് ആളുകളെയാണ് ഈ പുതിയ തീരുമാനം നേരിട്ട് ബാധിക്കുന്നത്.

യു.എസിൽ ജോലി ചെയ്യുന്നതിനായി എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (EAD) അഥവാ വർക്ക് പെർമിറ്റ് നേടാൻ ഉപയോഗിക്കുന്ന പ്രധാന രേഖയാണ് 'ഫോം ഐ-765' (Form I-765). സെപ്റ്റംബർ 15, 2026 തിയതിയോടുകൂടിയുള്ള തികച്ചും പുതിയ പതിപ്പാണ് യു.എസ്.സി.ഐ.എസ് ഇപ്പോൾ അവതരിപ്പിക്കുന്നത്. നിലവിലുള്ള ആഗസ്റ്റ് 21, 2025 പതിപ്പിന് പകരമായാണ് ഈ പുതിയ ഫോം നിലവിൽ വരുന്നത്.

സെപ്റ്റംബർ 15ന് മുമ്പ് സമർപ്പിക്കുകയോ പോസ്റ്റ്മാർക്ക് ചെയ്യുകയോ ചെയ്യുന്ന പഴയ ഫോമുകൾ സ്വീകരിക്കും. എന്നാൽ ആ തിയതിക്ക് ശേഷം അപേക്ഷിക്കുന്നവർ നിർബന്ധമായും പുതിയ പതിപ്പ് തന്നെ ഉപയോഗിക്കണം. പഴയ 'ഫോം ഐ-765' ഉപയോഗിക്കുന്നവർക്ക് യാതൊരുവിധ ഗ്രേസ് പിരീഡും (ഇളവ് കാലയളവ്) അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യു.എസിൽ നിലവിൽ കഴിയുന്ന നോൺ-ഇമ്മിഗ്രന്റ് വിഭാഗങ്ങൾക്ക് തങ്ങളുടെ വിസ കാലാവധി നീട്ടുന്നതിനോ അല്ലെങ്കിൽ വിസ പദവി മാറ്റുന്നതിനോ സഹായിക്കുന്നതാണ് 'ഫോം ഐ-539' (Form I-539). എച്ച്-1ബി വിസക്കാരുടെ കുടുംബാംഗങ്ങളായ എച്ച്-4 (H-4) ജീവിതപങ്കാളികൾക്കും കുട്ടികൾക്കും ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തങ്ങളുടെ ഡിപൻഡന്റ് പദവി നീട്ടുന്നതിനോ മാറ്റുന്നതിനോ ഇവർ ഈ ഫോം ഉപയോഗിക്കേണ്ടതുണ്ട്.

എന്നാൽ എച്ച്-1ബി വിസയിലുള്ള പ്രധാന ജീവനക്കാർ സ്വന്തം വിസ കാലാവധി നീട്ടാൻ സാധാരണയായി ഈ ഫോം ഉപയോഗിക്കാറില്ല. പകരം അവരുടെ തൊഴിലുടമയാണ് ഫോം ഐ-129 (Form I-129) സമർപ്പിക്കുന്നത്. ഈ ഫോം ഉപയോഗിക്കാൻ അർഹതയുള്ള മറ്റ് നോൺ-ഇമ്മിഗ്രന്റ് വിഭാഗങ്ങളും തങ്ങളുടെ വിസ കാറ്റഗറി ഇതിനായി അനുവദിക്കുന്നുണ്ടോ എന്ന് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉറപ്പുവരുത്തേണ്ടതാണ്.

ഫോം സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷകർ അതിന്റെ എഡിഷൻ തിയതിയും പതിപ്പും കൃത്യമായി പരിശോധിക്കണമെന്ന് യു.എസ്.സി.ഐ.എസ് ഓർമിപ്പിക്കുന്നു. സെപ്റ്റംബർ 15 മുതൽ പുതിയ 'ഫോം ഐ-539', 'ഫോം ഐ-765' എന്നിവയുടെ പുതിയ പതിപ്പുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പഴയ ഐ-765 ഫോമിന് ഇനി യാതൊരു സ്വീകാര്യതയുമില്ല.

മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അപേക്ഷകർക്ക് മുൻകൂട്ടി മനസ്സിലാക്കുന്നതിനായി യു.എസ്.സി.ഐ.എസ് ഇതിനോടകം തന്നെ പുതിയ ഫോമുകളുടെ പ്രിവ്യൂ കോപ്പികൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ അവസാന നിമിഷത്തെ ആശയക്കുഴപ്പങ്ങളും അപേക്ഷകൾ നിരസിക്കപ്പെടാനുള്ള സാധ്യതയും ഒഴിവാക്കാൻ പുതിയ ഫോമുകൾ പരിശോധിച്ച് കൃത്യസമയത്ത് തന്നെ അർഹരായവർ നടപടികൾ പൂർത്തിയാക്കുക.

Tags:    
News Summary - US visa rules change from September 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.