ഇറാൻ-യു.എസ് സമാധാനകരാർ കാലാവധി ഇന്ന് അവസാനിക്കും; ആശങ്ക

തെഹ്റാന്‍: യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും യു.എസും ഒപ്പുവെച്ച പതിനാലിന ധാരണപത്രത്തിന്റെ രണ്ട് മാസ കാലാവധി ഇന്ന് അവസാനിക്കും. ആഴ്ചകളായി ഇരുവിഭാഗവും പരസ്പരം കരാർ ലംഘിച്ചുവെന്ന് ആരോപിക്കുന്ന സാഹചര്യത്തിൽ, കരാർ നീട്ടാൻ ഇരുപക്ഷവും സന്നദ്ധമാകുമോ എന്നതിൽ ആശങ്കയുണ്ട്. "അമേരിക്കയുമായി ചർച്ചകൾ പുനരാരംഭിക്കാൻ ഞങ്ങൾ ഇതുവരെ തീരുമാനമെടുത്തിട്ടില്ല," എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ടെലഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, ഖത്തറിലെയും പാക്കിസ്ഥാനിലെയും മധ്യസ്ഥന്മാർ ഇറാനുമായി സന്ദേശങ്ങൾ കൈമാറുന്നത് തുടർന്നു. ഹുർമുസ് കടലിടുക്കിലെ പുതിയ കപ്പൽ മാർഗ്ഗങ്ങൾ രൂപപ്പെടുത്തുന്നതിനായി ഒമാനുമായി തങ്ങൾ ഒരു പ്രത്യേക കരാറിനായി പ്രവർത്തിക്കുന്നുണ്ടെന്ന് അരാഗ്ചി കൂട്ടിച്ചേർത്തു. എങ്കിലും യു.എസ് ഉപരോധം പിൻവലിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നാൽ നിർണായകമായ ജലപാത അമേരിക്ക ഉടൻ തന്നെ സ്വന്തമാക്കുമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം.

വിയറ്റ്‌നാമിനേക്കാൾ കൂടുതൽ സ്ഫോടക വസ്തുക്കൾ അമേരിക്ക ഇറാൻ യുദ്ധത്തിൽ പ്രയോഗിച്ചതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് പറഞ്ഞു.

ഹുർമുസ് കടലിടുക്കിൽ സംഘർഷം തുടരുകയാണ്. ഇറാനെതിരെ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികളാണ് അമേരിക്കയുടെ ആലോചനയിലുള്ളത്.

എന്താണ് എം.ഒ.യു?

പാക്കിസ്താന്‍റെ ആതിഥേയത്വത്തിൽ നടന്ന ഉന്നതതല ചർച്ചകളെത്തുടർന്ന് ജൂൺ 17-നാണ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും ചേർന്ന് ഈ കരാറിൽ ഒപ്പുവെച്ചത്.

ആയിരക്കണക്കിന് ആളുകളുടെ ജീവഹാനി, പശ്ചിമേഷ്യൻ മേഖലയിലെ ഇന്ധന-ചരക്ക് ഗതാഗത സ്തംഭനം ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കരാർ മുന്നോട്ടുവെച്ചത്.

ഇറാന്റെ ആണവ പദ്ധതി പോലുള്ള സങ്കീർണ്ണമായ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാൻ മാറ്റിവെച്ച്, ഇറാനിലെയും ലബനാനിലെയും യുദ്ധം അവസാനിപ്പിക്കുന്നതിനായിരുന്നു കരാർ ഊന്നൽ നൽകിയത്. ചർച്ചകൾക്കായി 60 ദിവസത്തെ വെടിനിർത്തലും കരാറിൽ പ്രഖ്യാപിച്ചിരുന്നു.

ഇറാന്മേലുള്ള യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കുക, ഇറാന് കുറഞ്ഞത് 300 ബില്യൺ ഡോളറിന്റെ പുനർനിർമ്മാണ, വികസന പാക്കേജ്, ഇറാനിയൻ എണ്ണ കയറ്റുമതിക്ക് ഉപരോധം പിൻവലിക്കുക, ഇറാന്റെ തടഞ്ഞുവെച്ച ഫണ്ടുകൾ അനുവദിക്കുക, ഹുർമുസ് കടലിടുക്കിലെ മൈനുകൾ ഇറാൻ നീക്കം ചെയ്യുക, ഹുർമുസിൽ 60 ദിവസത്തേക്ക് "ചാർജുകളൊന്നുമില്ലാതെ" കപ്പലുകൾ കടന്നുപോകാൻ അനുവദിക്കുക തുടങ്ങിയവയായിരുന്നു ധാരണാ പത്രത്തിലെ ഉപാധികൾ. തുടർന്ന് സാങ്കേതിക ചർച്ചകൾ ആരംഭിച്ചെങ്കിലും അഭിപ്രായവ്യത്യാസം ഉടലെടുക്കുകയും കരാർ ലംഘനം ആരോപിച്ച് ഇരുവിഭാഗവും ആക്രമണം തുടരുകയായിരുന്നു.

Tags:    
News Summary - us-iran-mou-is-set-to-expire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.