‘ഗസ്സയിൽ ഓരോ രാത്രിയും 30 മുതൽ 40 ഫലസ്തീനികളെ കൊന്നൊടുക്കണം, അവർ ജീവിക്കാൻ അർഹരല്ല’- ഇസ്രായേൽ മന്ത്രി ബെൻ ഗ്വിർ

ജറുസലേം: ഗസ്സയെക്കുറിച്ചും ഫലസ്തീനികളെക്കുറിച്ചും വീണ്ടും കടുത്ത വിദ്വേഷ പരാമർശങ്ങളുമായി ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിർ. ഗസ്സയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ഫലസ്തീനികളെ ഇസ്രായേൽ കൊന്നൊടുക്കണമെന്നും, അവർ മനുഷ്യർ പോലുമല്ലെന്നും ബെൻ ഗ്വിർ പറഞ്ഞു.  2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ ബന്ദിയാക്കപ്പെട്ട റോം ബ്രാസ്ലാവ്‌സ്കിയുമായുള്ള പോഡ്‌കാസ്റ്റ് സംഭാഷണത്തിനിടെ ബെൻ ഗ്വിർ നടത്തിയ വിവാദ പരാമർശങ്ങൾ ഇപ്പോൾ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.

ഉടനടി ഭീഷണിയുണ്ടാക്കാത്തവരെപ്പോലും ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) എത്രയും പെട്ടെന്ന് ഇല്ലാതാക്കണമെന്നും അവർ ജീവിക്കാൻ അർഹതയില്ലാത്തവരാണ്, അവർ ജീവിക്കാൻ പാടില്ലെന്നും  മന്ത്രി ആഹ്വാനം ചെയ്തു. റോം ബ്രാസ്ലാവ്‌സ്കിയുടെ 'ഒക്ടോബർ 8' എന്ന പുതിയ പോഡ്‌കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ് ബെൻ ഗ്വിർ ഈ കടുത്ത വാക്കുകൾ ഉപയോഗിച്ചത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സർക്കാരിലെ ഏറ്റവും നിർണ്ണായക പദവികളിലൊന്ന് വഹിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലും, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി തനിക്ക് ഇക്കാര്യത്തിൽ വിയോജിപ്പുണ്ടെന്ന് ബെൻ ഗ്വിർ തുറന്നടിച്ചു. ‘പ്രധാനമന്ത്രിയോട് എനിക്ക് വിയോജിപ്പുണ്ടെന്നത് ഒരു രഹസ്യമല്ല. ഗസ്സയിൽ നമ്മൾ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ നടത്തണമെന്നാണ് എന്റെ അഭിപ്രായം. ഓരോ രാത്രിയും 30 മുതൽ 40 പേരെ വീതം ഇല്ലാതാക്കണം. ഉടനടി ഭീഷണിയുയർത്തുന്നവരെ മാത്രമല്ല, ജീവിക്കാൻ ഒട്ടും അർഹതയില്ലാത്ത നിരവധിപ്പേർ അവിടെയുണ്ട്. അവർ ജീവിക്കാൻ പാടില്ല, അവർ മനുഷ്യർ പോലുമല്ല,’ ബെൻ ഗ്വിർ പറഞ്ഞു.

അതേസമയം ഇസ്രായേൽ സുരക്ഷാ കാബിനറ്റിലെ ഒരു പ്രധാന അംഗമാണെങ്കിലും, സൈന്യത്തിന് മേൽ നേരിട്ട് അധികാരമില്ലാത്തതിനാൽ ഗസ്സയിൽ ആക്രമണം നടത്താൻ ബെൻ ഗ്വിറിന് സ്വയം ഉത്തരവിടാനാകില്ല. എന്നാൽ പതിറ്റാണ്ടുകളായി ഇസ്രായേൽ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന ബെൻ ഗ്വിർ ഇന്ന് രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ്. ഇസ്രായേലിലെ പൊലീസിന്റെയും ജയിലുകളുടെയും പൂർണ നിയന്ത്രണം ഇദ്ദേഹത്തിന്റെ കീഴിലാണ്. ഗസ്സയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നുമുള്ള ആയിരക്കണക്കിന് ഫലസ്തീനികളാണ് ഈ ജയിലുകളിൽ കഴിയുന്നത്.

പോഡ്‌കാസ്റ്റിൽ ഗസ്സയിൽ നിന്നുള്ള ഫലസ്തീനികളുടെ കൂട്ട പലായനത്തെ കുറിച്ചും ബെൻ ഗ്വിർ വിവാദ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ‘ഗസ്സ മുഴുവൻ നമ്മുടേതായാണ് ഞാൻ കാണുന്നത്. അവർക്ക് പരമാവധി പലായനം ചെയ്യാൻ അവസരമൊരുക്കി അവരെ അവരുടെ രാജ്യങ്ങളിലേക്ക് പറഞ്ഞയക്കണം. ഗസ്സയിൽ ഉടനീളം ഇസ്രായേൽ സെറ്റിൽമെന്റുകൾ സ്ഥാപിക്കണം. എന്നാൽ ഭീകരരുടെ കാര്യത്തിൽ പലായനമില്ല, അവരെ ഓരോരുത്തരെയായി കൊന്നൊടുക്കുക തന്നെ വേണം,’ ബെൻ ഗ്വിർ ആവർത്തിച്ചു.

പോഡ്‌കാസ്റ്റിനിടെ ഞെട്ടിക്കുന്ന മറ്റൊരു സംഭാഷണവും നടന്നു. ഇസ്രായേലിലുള്ള ഫലസ്തീൻ തടവുകാരുടെ വധശിക്ഷ നടപ്പാക്കുമ്പോൾ അതിൽ നേരിട്ട് പങ്കെടുക്കാൻ തന്നെ അനുവദിക്കണമെന്ന് അവതാരകൻ ബ്രാസ്ലാവ്‌സ്കി മന്ത്രിയോട് ആവശ്യപ്പെട്ടു. ഫലസ്തീൻ തടവുകാ​രെ തന്റെ കൈ കൊണ്ട് വെടിവെച്ച് കൊല്ലാൻ അനീവദിക്കണമെന്നായിരുന്നു അവതാരകൻ ആവശ്യപ്പെട്ടത്. അവതാരകന്റെ ഈ ആവശ്യം ഏത് വിധേനയും നടത്തുമെന്ന ഉറപ്പാണ് ഇതിന് മറുപടിയായി മന്ത്രി നൽകിയത്. ഇസ്രായേലികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ കുറ്റക്കാരാണെന്ന് സൈനിക കോടതികൾ കണ്ടെത്തുന്ന ഫലസ്തീനികൾക്ക് വധശിക്ഷ നൽകാൻ ഇസ്രായേൽ അടുത്തിടെ നിയമം പാസാക്കിയിരുന്നു.

Tags:    
News Summary - Israeli minister calls for killing 30 to 40 Palestinians in Gaza nightly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.