റഷ്യ-യുക്രെയ്ൻ യുദ്ധം: ലക്ഷ്മി മിത്തലിന്റെ സ്റ്റീൽ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം; രണ്ട് മരണം

മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമായികൊണ്ടിരിക്കെ ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീൽ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം. യുക്രെയ്നിലെ ‘ആർസീലർ മിത്തൽ’ മൈനിങ് ആൻഡ് മെറ്റലർജിക്കൽ കോംപ്ലക്സിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

യു​ക്രെയ്ൻ പ്രസിഡന്റ് വ്ലാദ്മിർ സെലെൻസ്‌കിയുടെ ജന്മനാടായ ക്രിവി റിഹിൽ ആണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. യുക്രെയ്നിലെ ഏറ്റവും വലിയ സംയോജിത സ്റ്റീൽ യൂനിറ്റാണ് ആക്രമിക്കപ്പെട്ടതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ന്റെ ഭാഗത്തുനിന്നുണ്ടായ വൻ ഡ്രോൺ ആക്രമണത്തിന് മറുപടിയായാണ് റഷ്യയുടെ ഈ നടപടി. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 14 തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഊർജ്ജ, ബ്ലാസ്റ്റ് ഫർണസ് പ്രവർത്തനങ്ങൾ തകർന്നതിനെ തുടർന്ന് പ്ലാന്റിലെ ഉൽപാദനം ഭാഗികമായി നിർത്തിവെച്ചു.

ഇതിന് തൊട്ടുമുമ്പ് റഷ്യയിലുടനീളം യുക്രെയ്ൻ നൂറുകണക്കിന് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് ആറുപേർ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിനിടയിലെ കിയവിന്റെ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണിത്. രാജ്യത്തുടനീളം 822 ഡ്രോണുകൾ തടഞ്ഞിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മോസ്‌കോ മേഖലയിൽ യുക്രെയ്ൻ ഡ്രോൺ വീടിന് മുകളിലിടിച്ച് 83കാരനായ വയോധികൻ കൊല്ലപ്പെട്ടതായി മോസ്‌കോ റീജിയണൽ ഗവർണർ ആന്ദ്രേ വൊറോബിയോവ് വ്യക്തമാക്കി. കൂടാതെ, റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ‘വൈൽഡ്ബെറീസ്’ കമ്പനിയുടെ പോഡോൾസ്കിലെ വെയർഹൗസിലുണ്ടായ തീപിടിത്തത്തിനും ഈ ആക്രമണം കാരണമായി. റഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത താന്യ കിം ആണ് ഈ കമ്പനിയുടെ നിയന്ത്രണത്തിലുള്ളത്.

തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട് മുന്നൂറോളം ഡ്രോണുകൾ എത്തിയതായും അതിൽ മൂന്നിലൊന്ന് ഭാഗവും മോസ്‌കോ മേഖലയിൽ വെച്ച് തകർത്തതായും മോസ്‌കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു. തെക്കുപടിഞ്ഞാറൻ റോസ്തോവ് മേഖലയിലെ മൂന്ന് നഗരങ്ങളിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ഗവർണർ യൂറി സ്ലിയുസാർ അറിയിച്ചു. നൂറിലധികം ഡ്രോണുകൾ ഉപയോഗിച്ചുള്ള ഈ ആക്രമണത്തിൽ നിരവധി വീടുകളും റെയിൽവേ സ്റ്റേഷനും തകരുകയും വനമേഖലയിൽ തീപിടിത്തമുണ്ടാവുകയും ചെയ്തു.

ഈ വർഷം ദൂരപരിധി കൂടിയ മിസൈലുകളും വലിയ തോതിലുള്ള ഡ്രോണുകളും ഉപയോഗിച്ച് റഷ്യൻ സൈനിക വ്യവസായങ്ങളെയും ഊർജ്ജ കേന്ദ്രങ്ങളെയും യുക്രെയ്ൻ ലക്ഷ്യമിടുന്നത് പതിവാക്കിയിട്ടുണ്ട്. വൈൽഡ്ബെറീസിന്റെ ഡിപ്പോകൾക്ക് നേരെയും തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നുണ്ട്. നാലര വർഷത്തിലേറെയായി തുടരുന്ന റഷ്യൻ അധിനിവേശത്തിനിടയിൽ റഷ്യൻ ജനത നേരിട്ട് യുദ്ധച്ചൂടറിയാൻ ഇത്തരം ആക്രമണങ്ങൾ കാരണമായിട്ടുണ്ട്.

മുൻനിരയിലെ പോരാട്ടങ്ങൾ സ്തംഭിച്ച അവസ്ഥയിലാണെങ്കിലും, ഇരുരാജ്യങ്ങളും ശത്രുപക്ഷത്തിന്റെ ആഴങ്ങളിലേക്ക് ദൂരപരിധി കൂടിയ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നത് 2022 ലെ ആദ്യ മാസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സിവിലിയൻ മരണനിരക്കിനാണ് വഴിവെച്ചിരിക്കുന്നത്.

സെലെൻസ്‌കിയുടെ ജന്മനാടായ ക്രിവി റിഹിലെ ആർസീലർ മിത്തൽ പ്ലാന്റിലുണ്ടായ ആക്രമണത്തിന് പുറമെ, ഞായറാഴ്ചയുണ്ടായ മറ്റൊരു ഷെല്ലാക്രമണത്തിൽ ഒരാൾകൂടി കൊല്ലപ്പെട്ടിട്ടുണ്ട്. സപോരിഷ്യയിൽ രണ്ടുപേരും, സുമി അതിർത്തി മേഖലയിലും ഡൊനെറ്റ്സ്കിലും ഓരോരുത്തരും റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

തലസ്ഥാനമായ കീവിലുടനീളം റഷ്യൻ ആക്രമണങ്ങൾ വലിയ തീപിടിത്തങ്ങൾക്ക് കാരണമായി. പൊച്ചൈന മെട്രോ സ്റ്റേഷന് സമീപമുള്ള നഗരത്തിലെ ഏറ്റവും വലിയ പുസ്തക ചന്ത പൂർണമായും കത്തിയമർന്നു. ആറ് പേർക്ക് പരിക്കേറ്റു. റഷ്യൻ മിസൈലുകൾ എത്തുന്നിടത്തെല്ലാം സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് സെലെൻസ്‌കി പ്രതികരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.