ട്രംപിന്റെ ഗസ്സ സമാധാന ബോർഡിൽ ചേരില്ലെന്ന് സ്പെയിനും

മാഡ്രിഡ്: ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരംഭിച്ച സമാധാന ബോർഡ് സംരംഭത്തിൽ ചേരില്ലന്ന് സ്പെയിൻ. അന്താരാഷ്ട്ര നിയമത്തില്‍ നിന്ന് വ്യതിചലിച്ചും ഫലസ്തീന്‍ അതോറിറ്റിയെ ഉള്‍പ്പെടുത്താതെയുമാണ് സമാധാന ബോര്‍ഡ് രൂപീകരിച്ചതെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ബഹുരാഷ്ട്രവാദത്തിലും ഐക്യരാഷ്ട്രസഭാ സംവിധാനത്തിലുമുള്ള വിശ്വാസവുമായി പൊരുത്തപ്പെടുന്നതാണ് പറഞ്ഞു. ‘ക്ഷണത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. പക്ഷേ, ഞങ്ങൾ നിരസിക്കുന്നു’ എന്നും ഉച്ചകോടിക്ക് ശേഷം സാഞ്ചസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുദ്ധത്തിൽ നിന്ന് ഉയർന്നുവരുന്ന സ്ഥലങ്ങളിൽ പുനഃർനിർമാണം ഏകോപിപ്പിക്കാൻ സമാധാന ബോഡി സഹായിക്കുമെന്നാണ് യു.എസിന്റെ വാദം. നേരത്തെ യു.കെ, ഫ്രാന്‍സ്, നോര്‍വേ, സ്ലോവേനിയ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ സമാധാന ബോര്‍ഡില്‍ അംഗമാകാന്‍ വിസമ്മതിച്ചിരുന്നു. ഇതിനിടെ ബോര്‍ഡിലെ അംഗമാകാന്‍ കാനഡക്ക് അയച്ച ക്ഷണം ട്രംപ് സ്വമേധയാ പിന്‍വലിക്കുകയും ചെയ്തിരുന്നു. ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി യു.എസ് നയങ്ങളെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ട്രംപ് ക്ഷണം പിൻവലിച്ചത്. ശക്തരായ രാജ്യങ്ങള്‍ സാമ്പത്തിക ഏകീകരണം ആയുധങ്ങളായും തീരുവകള്‍ സ്വാധീന ശക്തിയായും ഉപയോഗിക്കുന്നു എന്നായിരുന്നു കാര്‍ണിയുടെ വിമര്‍ശനം.

എന്നാല്‍, കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് യു.എസ് കാനഡക്കുള്ള ക്ഷണം പിന്‍വലിച്ചത്. ആദ്യഘട്ടത്തില്‍ സമാധാന സമിതിയില്‍ പങ്കുചേരുമെന്ന് കാനഡ സൂചന നല്‍കിയിരുന്നു. നിലവില്‍ അര്‍ജന്റീന, അര്‍മേനിയ, ബഹ്റൈന്‍, അസര്‍ബൈജാന്‍, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ജോര്‍ദാന്‍, മംഗോളിയ, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി, യു.എ.ഇ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചിട്ടുള്ളത്.

ബോര്‍ഡ് ഓഫ് പീസില്‍ ചേരാന്‍ ഇസ്രായേലും സമ്മതം അറിയിച്ചിട്ടുണ്ട്. അതേസമയം, 59 രാജ്യങ്ങള്‍ ബോര്‍ഡ് ഓഫ് പീസില്‍ ഒപ്പുവെച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ബോര്‍ഡ് ഓഫ് പീസിലെ സ്ഥിരാംഗത്വത്തിന് ഒരു ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു.

Tags:    
News Summary - Spain says it will not join Trump's Gaza peace board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.