നെയ്‌റോബി: രാജ്യം പട്ടിണിയുടെ ദുരിതക്കയത്തിൽ മുങ്ങിത്താഴവെ ദക്ഷിണ സുഡാൻ ഭരണാധികാരികൾ നടത്തിയ ആസൂത്രിതമായ കൊള്ളയെക്കുറിച്ച് പ്രതിപാദിച്ച് യു.എൻ മനുഷ്യാവകാശ കമീഷന്റെ റിപ്പോർട്ട്. വൈസ് പ്രസിഡന്റ് ബെഞ്ചമിൻ ബോൾ മെലുവുമായി ബന്ധമുള്ള കമ്പനികൾക്ക് ഒരിക്കലും നടക്കാത്ത റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി 170കോടി ഡോളർ അനുവദിച്ചതുൾപ്പെടെ ദക്ഷിണ സുഡാൻ അധികൃതർ അവരുടെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചതായാണ് കമീഷന്റെ ആരോപണം.
ബജറ്റിൽ പ്രഖ്യാപിക്കാത്ത റോഡു പദ്ധതിയിലേക്ക് വൻ തുകകൾ ചെലവഴിച്ചതിനാൽ വൈസ് പ്രസിഡന്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിച്ചുവെന്നും 2011 മുതൽ എണ്ണ കയറ്റുമതിയിൽ നിന്ന് 23 ബില്യൺ ഡോളറിലധികം വരുമാനം ഉണ്ടാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021 മുതൽ 2024 വരെയുള്ള പേയ്‌മെന്റുകൾ ദരിദ്ര രാജ്യമായ ദക്ഷിണ സുഡാനിലെ വലിയ അഴിമതിയുടെ ഒരു ഉദാഹരണം മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു.
പ്രസിഡന്റിന്റെ മെഡിക്കൽ യൂനിറ്റിനുള്ള വാർഷിക ബജറ്റ് വിഹിതം രാജ്യത്തുടനീളമുള്ള ആരോഗ്യ ചെലവിനേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് ഉദ്ധരിക്കുന്നു. ദേശത്തിന്റെ സമ്പത്ത് സ്വകാര്യ നേട്ടത്തിനായി ആസൂത്രിതമായി കൊള്ളയടിക്കുന്നത് സ്ഥാപനവൽക്കരിക്കുന്ന ഉന്നതർ രാജ്യത്തെ പിടികൂടിയിരിക്കുന്നു എന്ന് 2016ൽ യു.എൻ മനുഷ്യാവകാശ കൗൺസിൽ രൂപം നൽകിയ കമീഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, തെറ്റായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകൾ ആണെന്നു പറഞ്ഞ് സർക്കാർ ആരോപണം നിഷേധിച്ചു.
സർക്കാറിന്റെ സ്വന്തം ഡാറ്റയുമായി പൊരുത്തപ്പെടാത്ത കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും സംഘർഷം, കാലാവസ്ഥാ വ്യതിയാനം, പ്രധാന കയറ്റുമതിയായ അസംസ്കൃത എണ്ണയുടെ വിൽപ്പനയിലെ കുറവ് എന്നിവയാണ് ദക്ഷിണ സുഡാന്റെ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് കാരണമെന്നും യു.എൻ കമീഷന് അയച്ച രേഖാമൂലമുള്ള മറുപടിയിൽ നീതിന്യായ മന്ത്രി ജോസഫ് ഗെങ് വാദിച്ചു. അതേസമയം, ബോൾ മെലിന്റെ വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചു.
2011 മുതൽ ദക്ഷിണ സുഡാൻ ആവർത്തിച്ചുള്ള സായുധ കലാപങ്ങളും കൊടിയ പട്ടിണിയും അഭിമുഖീകരിക്കുകയാണ്. 2013-2018 ലെ ആഭ്യന്തരയുദ്ധത്തിൽ 400,000 പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.